| Sunday, 28th September 2025, 6:00 pm

ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ് മിഥുന്‍ മന്‍ഹാസ്

സ്പോര്‍ട്സ് ഡെസ്‌ക്

ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ് മിഥുന്‍ മന്‍ഹാസ്. മുംബൈയില്‍ ഇന്ന് (സെപ്റ്റംബര്‍ 28) നടന്ന ബി.സി.സി.ഐ വാര്‍ഷിക പൊതുയോഗത്തിലാണ് മഥുന്‍ മന്‍ഹാസിനെ തെരഞ്ഞെടുത്തത്. 45കാരനായ മിഥുന്‍ ബി.സി.സി.ഐയുടെ 37ാം പ്രസിഡന്റാണ്.

ഈ മാസം ന്യൂദല്‍ഹിയില്‍ നടന്ന യോഗത്തില്‍ മുന്‍ ഇന്ത്യന്‍ താരം മിഥുന്‍ മന്‍ഹാസിന്റെ പേര് നിരവധിപേര്‍ പിന്തുണച്ചിരുന്നു. സൗരവ് ഗാംഗുലിക്കും റോജര്‍ ബിന്നിക്കും ശേഷം ബി.സി.സി.ഐയുടെ ഉന്നത പദവിയിലെത്തുന്ന മൂന്നാമത്തെ മുന്‍ ക്രിക്കറ്റ് താരമാകാനും മന്‍ഹാസിന് സാധിച്ചു.

157 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 130 ലിസ്റ്റ് എ ക്രിക്കറ്റിലും മന്‍ഹാസ് കളത്തിലിറങ്ങിയിട്ടുണ്ട്. മാത്രമല്ല ഐ.പി.എല്ലില്‍ 55 മത്സരങ്ങളില്‍ പങ്കെടുക്കാനും മുന്‍ താരത്തിന് സാധിച്ചു. ഫസ്റ്റ് ക്ലാസില്‍ 45.82 ശരാശരിയില്‍ 9714 റണ്‍സാണ് അദ്ദേഹം നേടിയത്. 2007-2008 രഞ്ജി ട്രോഫിയില്‍ ദല്‍ഹിയുടെ വിജയത്തിന് പ്രധാന പങ്ക് വഹിക്കാനും മന്‍ഹാസിന് സാധിച്ചു. സീസണില്‍ 921 റണ്‍സായിരുന്നു അദ്ദേഹം നേടിയത്.

ദല്‍ഹി ഡയര്‍ ഡെവിള്‍സ്, പൂനെ വാരിയേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ഐ.പി.എല്‍ ഫ്രാഞ്ചൈസികളോടൊപ്പമാണ് മന്‍ഹാസ് കളത്തിലിറങ്ങിയത്. 514 റണ്‍സാണ് 55 ഐ.പി.എല്‍ മത്സരത്തില്‍ നിന്ന് താരം നേടിയത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം പരിശീലകനായും അഡ്മിനിസ്‌ട്രേറ്ററായും അദ്ദേഹം ജോലി ചെയ്തു.

അതേസമയം 2025 ഏഷ്യാ കപ്പിന്റെ കിരീട പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും പാകിസ്ഥാനും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുമ്പോള്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തീപാറുമെന്ന് ഉറപ്പാണ്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീട പോരാട്ടത്തിന് ടിക്കറ്റെടുത്തത്.

അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് തോല്‍ക്കുകയും മറ്റ് ടീമുകളോട് വിജയിച്ചുമാണ് സല്‍മാന്‍ അലി ആഘയും സംഘവും ഫൈനലിന് യോഗ്യത നേടിയത്. വിജയ ശതമാനം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാണെന്നാണ് വിലയിരുത്തല്‍.

Content Highlight: Mithun Manhas appointed as new BCCI president

We use cookies to give you the best possible experience. Learn more