| Thursday, 7th September 2017, 7:39 pm

'നിനക്കൊന്നും വേറൊരു പണിയുമില്ലേ, സഹതാപം മാത്രം'; തന്നെ സംസ്‌കാരം പഠിപ്പിക്കാന്‍ വന്ന ആങ്ങളമാരെ മര്യാദ പഠിപ്പിച്ച് മിതാലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ മറുപടിയുമായി ഇന്ത്യന്‍ ടീം നായിക മിതാലി രാജ്. കഴിഞ്ഞ സോഷ്യല്‍ മീഡിയയില്‍ മിതാലി പങ്കു വെച്ച ചിത്രത്തില്‍ മിതാലിയുടെ വസത്രം സംസ്‌കാരത്തിന് യോജിച്ചല്ലെന്ന് അഭിപ്രായപ്പെട്ടു കൊണ്ട് സൈബര്‍ ആങ്ങളമാര്‍ രംഗത്തെത്തിയിരുന്നു. അത്തരക്കാര്‍ക്ക് ചുട്ടമറുപടിയുമായി താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

“ഇത്തരം പരിഹാസങ്ങള്‍ക്ക് മറുപടിപറഞ്ഞ് സമയം കളയേണ്ട ആവശ്യം പോലുമില്ല. പ്രതികരിക്കാന്‍ പോലും എനിക്ക് തോന്നുന്നില്ല. അപഹാസ്യമാണിത്. എനിക്കവരോട് സഹതാപം തോന്നുന്നു. അവര്‍ തങ്ങളുടെ സമയം പ്രയോജനപ്രദമായ രീതിയില്‍ ചെലവഴിക്കുന്നില്ല.” എന്നായിരുന്നു മിതാലിയുടെ പ്രതികരണം.

നേരത്തെ കാലുകള്‍ കാണുന്ന തരത്തില്‍ വസ്ത്രമണിഞ്ഞതിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്കെതിരെയുണ്ടായതിന് സമാനമായ ആക്രമണമായിരുന്നു സൈബര്‍ സഹോദരങ്ങള്‍ ഇന്ത്യന്‍ നായികയ്ക്കു നേരെയും നടത്തിയത്. മിതാലിയുടെ വസ്ത്രം ചൂണ്ടിക്കാണിച്ച് സംസ്‌കാരം പഠിപ്പിക്കാന്‍ ശ്രമിക്കുന്നവരായിരുന്നു സൈബര്‍ സഹോദരന്മാര്‍.

എന്നാല്‍ മിതാലിയ്ക്ക് ഉപദേശവുമായെത്തിയ സൈബര്‍ സഹോദരന്മാര്‍ക്ക് മറുപടിയുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. വസ്ത്രം മിതാലിയുടെ ചോയ്സ് ആണെന്നായിരുന്നു ആരാധകരുടെ മറുപടി. പുരുഷ ടീം നായകന്‍ വിരാട് കോഹ് ലി വസ്ത്രമഴിച്ചാല്‍ കയ്യടിക്കും വനിതാ ടീം നായിക തന്റെ കൈകള്‍ പുറത്ത് കാണിച്ചാല്‍ അത് പാപമാകും. ഇതെന്ത് മര്യാദ എന്നുമൊക്കെയായിരുന്നു ആരാധകരുടെ പ്രതികരണം.


Also Read:  ‘വിളിച്ചത് ഹെഡ്‌സ് വീണത് ടെയ്ല്‍; എന്നിട്ടും ഇന്ത്യന്‍ നായകന്‍ വിരാട് ടോസ് നേടി’; പുതിയ വിവാദത്തിന് തിരികൊളുത്തി ഇന്ത്യ-ശ്രീലങ്ക ട്വന്റി-20യിലെ ടോസിംഗ്


കഴിഞ്ഞ ദിവസം സുഹൃത്തുകള്‍ക്കൊപ്പമുള്ള ചിത്രം മിതാലി ട്വിറ്ററിലൂടെ പങ്കു വെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു താരത്തെ മര്യാദ പഠിപ്പിക്കാന്‍ സൈബര്‍ ലോകത്തെ ചിലര്‍ രംഗത്തെത്തിയത്. കൈ കാണുന്ന കഴുത്തിന് ഇറക്കം കൂടിയ വസ്ത്രം ധരിച്ചു എന്നതായിരുന്നു മിതാലിയ്ക്കെതിരെ ഇത്തരക്കാര്‍ കണ്ടെത്തിയ കുറ്റം.

“നിങ്ങള്‍ക്കൊട്ടും മാന്യതയില്ലേ, നിങ്ങളെന്താ പോണ്‍ സ്റ്റാറാണോ” എന്നായിരുന്നു മിതാലിയുടെ ചിത്രത്തിന് അവൈസ് എന്നയാളുടെ കമന്റ്. ഇത് മോശമാണെന്നും ചിത്രം ഉടന്‍ ഡിലീറ്റ് ചെയ്യണമെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. നിങ്ങളില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നായിരുന്നു മറ്റൊരുടെ പ്രതികരണം. ഇത്തരത്തില്‍ നിരവധി പേര്‍ താരത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.

We use cookies to give you the best possible experience. Learn more