ഓസ്‌ട്രേലിയയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിന് കളമൊരുങ്ങുകയാണ്. കിങ്സ്റ്റണിലെ സബീന പാര്‍ക്കാണ് വേദി. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വിജയം സ്വന്തമാക്കിയ ഓസീസ് കിങ്‌സ്റ്റണിലും വെന്നിക്കൊടി പാറിച്ച് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.
മത്സരത്തില്‍ കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മിച്ചല്‍ സാറ്റാര്‍ക്. ഓസ്‌ട്രേലിയക്കായി നൂറാം ടെസ്റ്റ് മത്സത്തിനാണ് സ്റ്റാര്‍ക് കളത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്.
2011 ഏപ്രിലില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് സ്റ്റാര്‍ക് തന്റെ അന്താരാഷ്ട്ര റെഡ് ബോള്‍ കരിയര്‍ ആരംഭിച്ചത്. അന്നുമുതല്‍ കങ്കാരുപ്പടയുടെ വിശ്വസ്തനാണ് ഈ ഇടംകയ്യന്‍ പേസര്‍.
ഓസീസിനായി ഇതുവരെ കളത്തിലിറങ്ങിയ 99 മത്സരത്തില്‍ നിന്നും 27.39 ശരാശരിയില്‍ 395 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 15 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്റ്റാര്‍ക്, 20 തവണ നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
സബീന പാര്‍ക്കില്‍ നൂറാം ടെസ്റ്റിനിറങ്ങുന്നതോടെ ഒരു ചരിത്ര നേട്ടവും സ്റ്റാര്‍ക്കിന്റെ പേരില്‍ കുറിക്കപ്പെടും. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ നൂറ് ടെസ്റ്റ് മത്സങ്ങള്‍ കളിക്കുന്ന മൂന്നാമത് മാത്രം ഇടംകയ്യന്‍ പേസര്‍ എന്ന റെക്കോഡാണ് സ്റ്റാര്‍ക്കിന് മുമ്പിലുള്ളത്.
ശ്രീലങ്കന്‍ ഇതിഹാസം ചാമിന്ദ വാസും പാക് ലെജന്‍ഡ് വസീം അക്രവും മാത്രമാണ് ഇതുവരെ നൂറ് ടെസ്റ്റുകള്‍ കളിച്ച ഇടംകയ്യന്‍ പേസര്‍മാര്‍.
സഹീര്‍ ഖാനും മിച്ചല്‍ ജോണ്‍സണുമടക്കമുള്ള താരങ്ങള്‍ ടെസ്റ്റില്‍ റെക്കോഡുകളിട്ടും മികച്ച പ്രകടനം കാഴ്ചവെച്ചും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെങ്കിലും ഇവരാര്‍ക്കും തന്നെ നൂറ് ടെസ്റ്റ് എന്ന നാഴികക്കല്ല് പിന്നിടാന്‍ സാധിച്ചിട്ടില്ല.
നൂറ് ടെസ്റ്റ് പൂര്‍ത്തിയാക്കുന്ന മൂന്നാം ഇടംകയ്യന്‍ പേസര്‍ എന്ന റെക്കോഡിനൊപ്പം തന്നെ ഈ കരിയര്‍ മൈല്‍സ്റ്റോണിലെത്തുന്ന 16ാം ഓസ്‌ട്രേലിയന്‍ താരമെന്ന നേട്ടവും സ്റ്റാര്‍ക് സ്വന്തമാക്കും.
റിക്കി പോണ്ടിങ് (168), സ്റ്റീവ് വോ (168), അലന്‍ ബോര്‍ഡര്‍ (156), ഷെയ്ന്‍ വോണ്‍ (145), നഥാന്‍ ലിയോണ്‍ (139), മാര്‍ക് വോ (128), ഗ്ലെന്‍ മഗ്രാത് (124), ഇയാന്‍ ഹീലി (119), സ്റ്റീവ് സ്മിത് (118), മൈക്കല്‍ ക്ലാര്‍ക് (115), ഡേവിഡ് വാര്‍ണര്‍ (112), ഡേവിഡ് ബൂണ്‍ (107), ജസ്റ്റിന്‍ ലാംഗര്‍ (105), മാര്‍ക് ടെയ്‌ലര്‍ (104), മാത്യു ഹെയ്ഡന്‍ (103) എന്നിവരാണ് ഇതിന് മുമ്പ് ഓസ്‌ട്രേലിയക്കായി 100 ടെസ്റ്റ് പൂര്‍ത്തിയാക്കിയ താരങ്ങള്‍.
Content Highlight: Mitchell Starc to become 3rd left arm pacer to complete 100 Test