| Tuesday, 20th October 2026, 10:46 pm

ലോക റെക്കോഡില്‍ നിന്ന് സൗത്തിയെ വെട്ടി; വമ്പന്‍ കുതിപ്പുമായി സ്റ്റാര്‍ക്ക്!

ശ്രീരാഗ് പാറക്കല്‍

സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം സെന്റ് ജോര്‍ജ് ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് റണ്‍സാണ് നേടിയത്.

ഓസ്ട്രേലിയക്കായി സ്‌കോട്ട് ബോളണ്ട് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകളും നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനും സ്റ്റാര്‍ക്കിന് സാധിച്ചിരുന്നു. മാര്‍നസ് ലബുഷാനാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

മൂന്ന് വിക്കറ്റ് നേടിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫാസ്റ്റ് ബൗളര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്നവരുടെ ലിസ്റ്റില്‍ ന്യൂസിലാന്‍ഡിന്റെ ടിം സൗത്തിയെ മറികടന്നിരിക്കുകയാണ് സ്റ്റാര്‍ക്ക്. ഈ ലിസ്റ്റില്‍ ഏഴാം സ്ഥാനത്താണ് സ്റ്റാര്‍ക്ക് ഇടം നേടിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫാസ്റ്റ് ബൗളര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്നവര്‍

ജെയിംസ് ആന്‍ഡേഴ്‌സണ്‍ (ഇംഗ്ലണ്ട്) – 991

ഗ്ലെന്‍ മഗ്രാത്ത് (ഓസ്ട്രേലിയ) – 949

വസീം അക്രം (പാകിസ്ഥാന്‍) – 916

സ്റ്റുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്) – 847

ഷോണ്‍ പൊള്ളോക്ക് (സൗത്ത് ആഫ്രിക്ക) – 829

വഖാര്‍ യൂനിസ് (പാകിസ്ഥാന്‍) – 789

മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്ട്രേലിയ) – 777

ടിം സൗത്തി (ന്യൂസിലന്‍ഡ്) – 776

അതേസമയം സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ടെംബ ബാവുമയുടെ മിന്നും സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് ഉയര്‍ന്ന സ്‌കോറിലെത്തിയത്. 334 പന്തില്‍ നിന്ന് ഒരു സിക്‌സും 18 ഫോറും ഉള്‍പ്പെടെ 179 റണ്‍സാണ് താരം നേടിയത്. ഇതോടെ സ്വന്തം റെക്കോഡ് തിരുത്താനും താരത്തിന് സാധിച്ചിരിക്കുകയാണ്, ടെസ്റ്റില്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2023ല്‍ ജോഹന്നാസ് ബര്‍ഗില്‍ വിന്‍ഡീസിനെതിരെ 172 റണ്‍സായിരുന്നു ബാവുമ നേടിയത്.

ക്യാപ്റ്റന് പുറമെ മികച്ച പ്രകടനം നടത്തിയത് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സനും സ്പിന്നര്‍ സൈമണ്‍ ഹാര്‍മറുമാണ്.

ഒന്നാം ഇന്നിങ്സില്‍ 51.2 ഓവറില്‍ 226/6 എന്ന നിലയിലായിരുന്നു. എന്നാല്‍ ബാവുമയുടേയും സൂപ്പര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സന്റെയും കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് പ്രോട്ടിയാസിനെ രക്ഷിച്ചത്. 106 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. 100 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 85 റണ്‍സാണ് യാന്‍സന്‍ നേടിയത്. ശേഷം സൈമണുമായി മികച്ച കൂട്ടുകെട്ടാണ് ബാവുമ പടുത്തുയര്‍ത്തിയത്. 165 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. സൈമണ്‍ 157 പന്തില്‍ നിന്ന് 85 റണ്‍സാണ് അടിച്ചെടുത്തത്.

അതേസമയം പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 214 റണ്‍സിന് ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റില്‍ ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് സന്ദര്‍ശകരുടെ ലക്ഷ്യം.

Content Highlight: Mitchell Starc Surpass New Zealand Pacer Tim Southee In Great Record List

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more