| Friday, 21st November 2025, 3:30 pm

ബുംറ വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ സ്റ്റാര്‍ക്കിന്റെ മാസ് എന്‍ട്രി; ഒപ്പത്തിനൊപ്പം സിറാജും!

സ്പോര്‍ട്സ് ഡെസ്‌ക്

2025-26 ആഷസ് ട്രോഫി പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ഓസീസിനെതിരെ മത്സരത്തില്‍ ടോസ് നേടി ബാറ്റ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് വെറും 172 റണ്‍സിനാണ് തകര്‍ന്നടിഞ്ഞത്. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 35 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സാണ് നേടിയത്. 21 പന്തില്‍ 22 റണ്‍സ് നേടിയ അലക്‌സ് കാരിയും എട്ട് പന്തില്‍ ഒമ്പത് റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.

അതേസമയം ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങില്‍ ഓസ്ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് കരുത്തിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു ഇംഗ്ലണ്ട്. ഏഴ് വിക്കറ്റുകളാണ് താരം കങ്കാരുക്കള്‍ക്ക് വേണ്ടി സ്വന്തമാക്കിയത്. മാത്രമല്ല താരത്തിന്റെ 17ാം ടെസ്റ്റ് ഫൈഫറാണ് ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. 2025-27 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കളില്‍ ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടുന്ന രണ്ടാമത്തെ പേസറാകാനാണ് ബുംറയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ മുഹമ്മദ് സിറാജിനൊപ്പമാണ് സ്റ്റാര്‍ക്ക്. ഈ നേട്ടത്തില്‍ ഒന്നാമന്‍ ജസ്പ്രീത് ബുംറയാണ്.

2025-27 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കളില്‍ ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടുന്ന പേസര്‍

ജസ്പ്രീത് ബുംറ (ഇന്ത്യ) – 3 (11 ഇന്നിങ്‌സ്)

മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ) – 2* (ഏഴ് ഇന്നിങ്‌സ്)

മുഹമ്മദ് സിറാജ് (ഇന്ത്യ) – 2 (15 ഇന്നിങ്‌സ്)

ഓപ്പണര്‍ സാക്ക് ക്രോളിയെ ആദ്യ ഓവറില്‍ തന്നെ സ്റ്റാര്‍ക്ക് പറഞ്ഞയച്ചു. ആറ് പന്തില്‍ നിന്ന് പൂജ്യം റണ്‍സിനാണ് ക്രോളി മടങ്ങിയത്. തൊട്ടു പിന്നാലെ ബെന്‍ ഡക്കറ്റിനേയും സ്റ്റാര്‍ക്ക് മടക്കി. നാല് ഫോര്‍ അടക്കം 20 പന്തില്‍ 21 റണ്‍സാണ് താരം നേടിയത്.

ശേഷം ഇറങ്ങിയ സൂപ്പര്‍ താരം ജോ റൂട്ടിനെ പൂജ്യം റണ്‍സിന് പുറത്താക്കിയാണ് സ്റ്റാര്‍ക്ക് വീണ്ടും തിളങ്ങിയത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് 12 പന്തില്‍ ആറ് റണ്‍സ് നേടിയാണ് സ്റ്റാര്‍ക്കിനിരയായത്. ജെയ്മി സ്മിത് (22 പന്തില്‍ 33), ഗസ് ആറ്റ്കിന്‍സണ്‍ (2 പന്തില്‍ 1), മാര്‍ക്ക് വുഡ് (1 പന്തില്‍ 0) എന്നിവരെയും സ്റ്റാര്‍ക്ക് പറഞ്ഞയച്ചു. സ്റ്റാര്‍ക്കിന് പുറമെ ബ്രെണ്ടന്‍ ഡൊഗ്ഗെറ്റ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റും നേടി.

ഇന്നിങ്സിലെ ആദ്യ ഓവറില്‍ ഓപ്പണര്‍ ജേക്ക് വെതറാള്‍ഡിനെയാണ് ഇംഗ്ലണ്ട് പുറത്താക്കിയത്.
ആദ്യ ഓവറിനെത്തിയ ജോഫ്ര ആര്‍ച്ചര്‍ തന്റെ രണ്ടാം പന്തിലാണ് ജേക്കിനെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചത്. തുടര്‍ന്ന് മാര്‍നസ് ലബുഷാനെ ഒമ്പത് റണ്‍സിനും ആര്‍ച്ചര്‍ പുറത്താക്കി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത് (17), ഉസ്മാന്‍ ഖവാജ (2) റണ്‍സ് എന്നിവരെ ബ്രൈഡന്‍ കാഴ്‌സ് പുറത്താക്കി. ട്രാവിസ് ഹെഡ് (21), കാമറൂണ്‍ ഗ്രീന്‍ (24) എന്നിവരെ ബെന്‍ സ്‌റ്റോക്‌സും പുറത്താക്കി.

Content Highlight: Mitchell Starc shares the best record with Mohammed Siraj

We use cookies to give you the best possible experience. Learn more