| Saturday, 22nd August 2026, 4:12 pm

22 പന്തില്‍ അഞ്ച് വിക്കറ്റ്; ആദ്യ ടെസ്റ്റിലെ തോല്‍വി പേഴ്‌സണലായി എടുത്തു എന്ന് ഉറപ്പല്ലേ...

ആദർശ് എം.കെ.

ബംഗ്ലാദേശിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ഗ്രേറ്റ് ബാരിയര്‍ റീഫില്‍ ആരംഭിച്ചിരിക്കുകയാണ്. ആദ്യ ടെസ്റ്റിലെ ഗംഭീര വിജയത്തിന്റെ ആത്മവിശ്വത്തില്‍ കളത്തിലിറങ്ങിയ കടുവകളെ ആദ്യ ദിനം തന്നെ എറിഞ്ഞിട്ടാണ് ഓസ്‌ട്രേലിയ തങ്ങളുടെ നയം വ്യക്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡാര്‍വിനിലേറ്റ പരാജായത്തിന് മറുപടി നല്‍കി പരമ്പര പരാജയപ്പെടാതെ കാക്കുക എന്നത് മാത്രമാണ് കങ്കാരുക്കളുടെ ഗെയിം പ്ലാന്‍. ബൗളര്‍മാര്‍ അത് കൃത്യമായി എക്‌സിക്യൂട്ട് ചെയ്യുകയും ചെയ്തു.

ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്കാണ് കടുവവേട്ടയ്ക്ക് തുടക്കമിട്ടത്. ഷദ്മന്‍ ഇസ്‌ലാമിനെ കാമറൂണ്‍ ഗ്രീനിന്റെ കൈകളിലെത്തിച്ച് ഗോള്‍ഡന്‍ ഡക്കാക്കി മടക്കിയ സ്റ്റാര്‍ക്, തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ തന്‍സിദ് ഹസനെ സില്‍വര്‍ ഡക്കാക്കിയും പുറത്താക്കി.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടെ വിധിയും മറ്റൊന്നായിരുന്നില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ സ്റ്റാര്‍ക്കിനോട് തോറ്റ് ക്യാപ്റ്റന്‍ തിരികെ കൂടാരം കയറി.

ബംഗ്ലാ ഇന്നിങ്‌സിലെ അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ മോമിനുല്‍ ഹഖിനെ പുറത്താക്കിയ സ്റ്റാര്‍ക്, ഏഴാം ഓവറിലെ നാലാം പന്തില്‍ ലിട്ടണ്‍ ദാസിനെയും പൂജ്യത്തിന് മടക്കി. തന്റെ 22ാം പന്തിലായിരുന്നു സ്റ്റാര്‍ക്കിന്റെ ഫൈഫര്‍ നേട്ടം.

മത്സരത്തില്‍ ഷേരിഫുള്‍ ഇസ് ലാമിനെയും മിച്ചല്‍ സ്റ്റാര്‍ക് മടക്കിയിരുന്നു. ആറ് മെയ്ഡനടക്കം പത്ത് ഓവര്‍ പന്തെറിഞ്ഞ്, 12 റണ്‍സ് വഴങ്ങിയായിരുന്നു സ്റ്റാര്‍ക് ആറ് വിക്കറ്റ് വീഴ്ത്തിയത്.

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ് ശേഷിച്ച വിക്കറ്റും പിഴുതെറിഞ്ഞു.

അക്ഷരാര്‍ത്ഥത്തില്‍ ഇന്ന് സ്റ്റാര്‍ക്കിന്റെ ദിവസമായിരുന്നു. ഈ പ്രകടനം താരത്തെ എണ്ണമറ്റ റെക്കോഡുകളിലും കൊണ്ടെത്തിച്ചു.

കരിയറിലെ 19ാം ഫൈഫര്‍ സ്വന്തമാക്കിയ സ്റ്റാര്‍ക്, ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഡെയ്ല്‍ സ്റ്റെയ്‌നെ മറികടക്കാന്‍ താരത്തിനായി. ഇതിന് പുറമെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായും സ്റ്റാര്‍ക് തിളങ്ങി.

ഒപ്പം ഏറ്റവുമധികം അന്താരാഷ്ട്ര വിക്കറ്റ് വീഴ്ത്തുന്ന ഇടംകയ്യന്‍ ബൗളര്‍മാരുടെ പട്ടികയില് 767 വിക്കറ്റുമായി രണ്ടാം സ്ഥാനത്തെത്തിയ താരം, തന്റെ ടെസ്റ്റ് കരിയറിലെ മൂന്നാമത്തെ മികച്ച ബൗളിങ് ഫിഗറും കുറിച്ചു.

അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 101 റണ്‍സിന്റെ ലീഡോടെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എന്ന നിലയിലാണ്.

81 പന്തില്‍ 51 റണ്‍സുമായി കാമറൂണ്‍ ഗ്രീനും 28 പന്തില്‍ പത്ത് റണ്‍സുമായി നഥാന്‍ ലിയോണുമാണ് ക്രീസില്‍.

Content Highlight: Mitchell Starc’s brilliant bowling against Bangladesh

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more