| Tuesday, 2nd September 2025, 8:19 am

ഓസീസിന് വമ്പന്‍ തിരിച്ചടി; ടി-20യില്‍ നിന്ന് സൂപ്പര്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ടെസ്റ്റ് ക്രിക്കറ്റിലാണ് തന്റെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയെന്നും കേന്ദ്രീകരിക്കാനാണ് സ്റ്റാര്‍ക്കിന്റെ തീരുമാനം. ഇന്ത്യയുടെ വിദേശ ടെസ്റ്റ് പര്യടനം, ആഷസ്, 2027ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് എന്നിവയ്ക്കായി താന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് വിരമിക്കല്‍ തീരുമാനമെന്നും സ്റ്റാര്‍ക്ക് തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

‘ടെസ്റ്റ് ക്രിക്കറ്റാണ് എന്റെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന, എന്നും അങ്ങനെ തന്നെയായിരുന്നു. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഞാന്‍ കളിച്ച ഓരോ ടി-20 മത്സരത്തിലെയും ഓരോ മിനിറ്റും എനിക്ക് ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് 2021 ലോകകപ്പ്, ഞങ്ങള്‍ വിജയിച്ചതുകൊണ്ട് മാത്രമല്ല.

ഇന്ത്യയുടെ വിദേശ ടെസ്റ്റ് പര്യടനം, ആഷസ്, 2027ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് എന്നിവയ്ക്കായി കാത്തിരിക്കുമ്പോള്‍ ഈ സീസണുകളില്‍ ഉന്മേഷത്തോടെയും ഫിറ്റ്‌നസോടെയും തുടരാനുള്ള എന്റെ ഏറ്റവും നല്ല മാര്‍ഗമാണിതെന്ന് ഞാന്‍ കരുതുന്നു. ആ ടൂര്‍ണമെന്റിലേക്ക് നയിക്കുന്ന മത്സരങ്ങളില്‍ ടി-20 ലോകകപ്പിനായി തയ്യാറെടുക്കാന്‍ ബൗളിങ് ഗ്രൂപ്പിന് സമയം നല്‍കുകയും ചെയ്യുന്നു,’ സ്റ്റാര്‍ക്ക് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡേവിഡ് വാര്‍ണര്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പുറകെ സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരെല്ലാം ഈ വര്‍ഷം ഏകദിനങ്ങളില്‍ നിന്ന് വിരമിച്ചു. എന്നിരുന്നാലും ടി-20യില്‍ ഓസീസിന് സ്റ്റാര്‍ക്കിനെ പോലൊരു മികച്ച ഒരു ഫാസ്റ്റ് ബൗളറുടെ വിടവ് നികത്താന്‍ സാധിക്കാത്തതാണ്.

ടീമിന് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ നിന്ന് 65 മത്സരങ്ങളാണ് താരം കളിച്ചത്. രണ്ട് മെയ്ഡന്‍ ഓവറുകളോടെ 79 വിക്കറ്റുകളും ഫോര്‍മാറ്റില്‍ നിന്ന് സ്റ്റാര്‍ക്ക് നേടി. 4/20 എന്ന മികച്ച ബൗളിങ് പ്രകടനമാണ് സ്റ്റാര്‍ക്കിന് കുട്ടി ക്രിക്കറ്റിലുള്ളത്.

മാത്രമല്ല 7.74 എന്ന എക്കോണമിയിലും 23.8 എന്ന ആവറേജിലുമാണ് സ്റ്റാര്‍ക്കിന്റെ ബൗളിങ്. ഫോര്‍മാറ്റില്‍ ഒരു ഫോര്‍ഫര്‍ നേട്ടമാണ് താരത്തിനുള്ളത്. അതേസമയം ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണില്‍ സ്റ്റാര്‍ തിളങ്ങിയിരുന്നു. ഇതുവരെ 52 മത്സരങ്ങളാണ് താരം ഐ.പി.എല്ലില്‍ കളിച്ചത്. 65 വിക്കറ്റുകളും താരം തന്റെ അക്കൗണ്ടിലാക്കിയിട്ടുണ്ട്.

Content Highlight: Mitchell Starc Retired In International T-20 Cricket

We use cookies to give you the best possible experience. Learn more