| Monday, 8th December 2025, 11:37 am

സാക്ഷാല്‍ 'ഇടംകയ്യന്‍ മുത്തയ്യ മുരളീധരനും' പേടിക്കണം; ലങ്കന്‍ ഇതിഹാസത്തെ പടിയിറക്കാന്‍ ആറടി ആറിഞ്ചുകാരന്‍ കങ്കാരു

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് കിരീടം തേടിയുള്ള ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-0ന് ആതിഥേയര്‍ ലീഡ് ചെയ്യുകയാണ്. പെര്‍ത്തിലെ ആദ്യ മത്സരത്തിലും ഗാബയിലെ രണ്ടാം മത്സരത്തിലും എട്ട് വിക്കറ്റിനാണ് ആതിഥേയര്‍ വിജയം പിടിച്ചടക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കാണ് രണ്ട് ടെസ്റ്റിലും ഓസീസിന്റെ വിജയ ശില്‍പി.

ആദ്യ ടെസ്റ്റില്‍ ടെന്‍ഫര്‍ പൂര്‍ത്തിയാക്കിയ സ്റ്റാര്‍ക് രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റും വീഴ്ത്തി. രണ്ട് ടെസ്റ്റിലെയും കളിയിലെ താരവും സ്റ്റാര്‍ക് തന്നെ.

മിച്ചല്‍ സ്റ്റാര്‍ക്. Photo: cricket.com.aus/x.com

രണ്ടാം മത്സരത്തില്‍ റെഡ് ബോള്‍ ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഇടംകയ്യന്‍ പേസറെന്ന ഐതിഹാസിക നേട്ടവും സ്റ്റാര്‍ക് തന്റെ പേരില്‍ കുറിച്ചിരുന്നു. പാക് ഇതിഹാസം വസീം അക്രമിനെ മറികടന്നുകൊണ്ടായിരുന്നു സ്റ്റാര്‍ക്കിന്റെ നേട്ടം.

1985 മുതല്‍ 2002 വരെ നീണ്ടുനിന്ന തന്റെ മഹോജ്വല കരിയറില്‍ 414 വിക്കറ്റുകളാണ് വസീം അക്രം പിഴുതെറിഞ്ഞത്. 2011ല്‍ കളിയാരംഭിച്ച സ്റ്റാര്‍ക് ഇതിനോടകം 420 വിക്കറ്റുമായി തന്റെ കുതിപ്പ് തുടരുകയാണ്.

വസീം അക്രം. Photo: Sporting Heroes/facebook.com

ഏറ്റവുമധികം വിക്കറ്റ് നേടിയ ഇടംകയ്യന്‍ പേസര്‍ എന്ന നേട്ടത്തില്‍ ഒന്നാമതെത്തിയ സ്റ്റാര്‍ക്, ഇനി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ ടെസ്റ്റ് ബൗളര്‍ എന്ന നേട്ടത്തിലേക്കാണ് കണ്ണുവെക്കുന്നത്. ഇതിനായി വേണ്ടതാകട്ടെ 14 വിക്കറ്റുകളും.

ടെസ്റ്റ് ഫോര്‍മാറ്റ് കണ്ട എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളായ ലങ്കന്‍ ലെജന്‍ഡ് രംഗന ഹെറാത്താണ് ഈ ലിസ്റ്റില്‍ ഒന്നാമന്‍. 433 വിക്കറ്റുകളാണ് ഹെറാത്തിന്റെ പേരിലുള്ളത്.

രംഗന ഹെറാത്ത്. Photo: ICC/icc-cricket.com

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇടംകയ്യന്‍ ബൗളര്‍മാര്‍

(താരം – ടീം – ഇന്നിങ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

രംഗന ഹെറാത്ത് – ശ്രീലങ്ക – 170 – 433

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 196 – 420*

വസീം അക്രം – പാകിസ്ഥാന്‍ – 181 – 414

ഡാനിയല്‍ വെറ്റോറി – ന്യൂസിലാന്‍ഡ് – 187 – 362

ചാമിന്ദ വാസ് – ശ്രീലങ്ക – 194 – 355

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയക്കായി നൂറ് ടെസ്റ്റുകള്‍ (102*) കളിച്ച അപൂര്‍വം താരങ്ങളിലൊരാള്‍ കൂടിയായ സ്റ്റാര്‍ക് 26.46 ശരാശരിയിലും 3.42 എക്കോണമിയിലുമാണ് പന്തെറിയുന്നത്. സ്‌ട്രൈക് റേറ്റാകട്ടെ 46.3ഉം.

കരിയറില്‍ മൂന്ന് തവണ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്റ്റാര്‍ക് 18 ഫൈഫറുകളും 20 ഫോര്‍ഫറുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഡിസംബര്‍ 17നാണ് സ്റ്റാര്‍ക് ഓസ്‌ട്രേലിയക്കൊപ്പം അടുത്ത മത്സരത്തിനിറങ്ങുന്നത്. അഡ്‌ലെയ്ഡാണ് വേദി.

Content Highlight: Mitchell Starc needs 14 more wickets to become the highest wicket-taker by a left-arm bowler in Test format

We use cookies to give you the best possible experience. Learn more