| Saturday, 22nd November 2025, 12:27 pm

രണ്ടാം ഇന്നിങ്‌സിലും സ്റ്റാര്‍ക്ക് മാജിക്ക്; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടവന്‍ റെക്കോഡ് ലിസ്റ്റില്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് പരമ്പരയിലെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 172 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയെ 132 റണ്‍സിന് പുറത്താക്കാന്‍ ഇംഗ്ലണ്ടിനും സാധിച്ചു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഓസീസ് ബൗളിങ് കരുത്തില്‍ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. നിലവില്‍ 29 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

ഓസീസിനായി രണ്ടാം ഇന്നിങ്‌സിലും പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റ് വേട്ട തുടരുകയാണ്. ഇന്നിങ്‌സിലെ ഓപ്പണിങ് ഓവറില്‍ സാക്ക് ക്രോളിയെ രണ്ടാം തവണയും പൂജ്യം റണ്‍സിനാണ് സ്റ്റാര്‍ക്ക് പുറത്താക്കിയത്. ഒരു തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെയായിരുന്നു താരം ക്രോളിയെ പറഞ്ഞയച്ചത്. പിന്നീട് സൂപ്പര്‍ താരം ജോ റൂട്ടിനെ എട്ട് റണ്‍സിന് ബൗള്‍ഡാക്കി സ്റ്റാര്‍ക്ക് തിളങ്ങി. അവസാനമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ രണ്ട് റണ്‍സിലും സ്റ്റാര്‍ക്ക് തളച്ചു.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍ 10 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഒരു അപൂര്‍വ നേട്ടത്തിലും താരം എത്തിച്ചേര്‍ന്നിരിക്കുകയാണ്. ആഷസിലെ ഒരു ടെസ്റ്റില്‍ 10ല്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇടം കയ്യന്‍ പേസറാകാനാണ് സ്റ്റാര്‍ക്കിന് സാധിച്ചത്. മാത്രമല്ല ഓസ്‌ട്രേലിയക്ക് വേണ്ടി മൂന്നാം തവണയാണ് താരം 10 വിക്കറ്റ് നേടുന്നത്.

ആഷസിലെ ഒരു ടെസ്റ്റില്‍ 10+ വിക്കറ്റ് നേടുന്ന ഇടം കയ്യന്‍ പേസര്‍

ബ്രൂസ് റീഡ് VS ഇംഗ്ലണ്ട് – 13 വിക്കറ്റ് (വര്‍ഷം-1990)

ഫ്രെഡ് മാര്‍ട്ടിന്‍ VS ഓസ്‌ട്രേലിയ – 12 വിക്കറ്റ് (1890)

ബില്‍ വോസ് VS ഓസ്‌ട്രേലിയ – 10 വിക്കറ്റ് (1936)

മിച്ചല്‍ സ്റ്റാര്‍ക്ക് VS ഇംഗ്ലണ്ട് – 10* വിക്കറ്റ് (2025)

അതേസമയം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ ബൗളിങ് കരുത്തിലാണ് ആദ്യ ഇന്നിങ്‌സില്‍ ഓസീസ് തകര്‍ന്നടിഞ്ഞത്.

ആറ് ഓവര്‍ എറിഞ്ഞ് ഒരു മെയ്ഡന്‍ അടക്കം 23 റണ്‍സ് വഴങ്ങിയാണ് താരം ഫൈഫര്‍ നേടിയത്. ട്രാവിസ് ഹെഡ് (35 പന്തില്‍ 21 റണ്‍സ്), കാമറൂണ്‍ ഗ്രീന്‍ (50 പന്തില്‍ 24 റണ്‍സ്), അലക്‌സ് കാരി (26 പന്തില്‍ 26 റണ്‍സ്), മിച്ചല്‍ സ്റ്റാര്‍ക്ക് (12 പന്തില്‍ 12 റണ്‍സ്) സ്‌കോട്ട് ബോളണ്ട് (രണ്ട് പന്തില്‍ പൂജ്യം) എന്നിവരെയാണ് സ്റ്റോക്‌സ് പുറത്താക്കിയത്. മത്സരത്തില്‍ സ്റ്റോക്‌സിന് പുറമെ മത്സരത്തില്‍ ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റും ബ്രൈഡന്‍ കാഴ്‌സ് മൂന്ന് വിക്കറ്റും സ്വന്തമാക്കി.

നേരത്തെ, ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ കങ്കാരുക്കള്‍ 172 റണ്‍സിന് പുറത്താക്കിയിരുന്നു. ത്രീലയണ്‍സിനായി ഹാരി ബ്രൂക്ക് 61 പന്തില്‍ 52 റണ്‍സ് എടുത്തപ്പോള്‍ ഒല്ലി പോപ്പ് 58 പന്തില്‍ 46 റണ്‍സും സ്വന്തമാക്കി. കൂടാതെ, ജെയ്മി സ്മിത് 22 പന്തില്‍ 33 റണ്‍സും ചേര്‍ത്തു. മറ്റാര്‍ക്കും ടീമിനെ ഉയര്‍ന്ന സ്‌കോറിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല.

അതേസമയം ആദ്യ ഇന്നിങ്സ് ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് കരുത്തിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു ഇംഗ്ലണ്ട്. ഏഴ് വിക്കറ്റുകളാണ് താരം കങ്കാരുക്കള്‍ക്ക് വേണ്ടി സ്വന്തമാക്കിയത്. മാത്രമല്ല താരത്തിന്റെ 17ാം ടെസ്റ്റ് ഫൈഫറാണ് ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിന്റെ സാക്ക് ക്രോളി (0), ബെന്‍ ഡക്കറ്റ് (21), ജോ റൂട്ട് (0), ബെന്‍ സ്റ്റോക്‌സ് (6), ജെയ്മി സ്മിത് (33), ഗസ് ആറ്റ്കിന്‍സണ്‍ (1), മാര്‍ക്ക് വുഡ് (0) എന്നിവരെയാണ് സ്റ്റാര്‍ക്ക് പറഞ്ഞയച്ചത്. സ്റ്റാര്‍ക്കിന് പുറമെ ബ്രെണ്ടന്‍ ഡൊഗ്ഗെറ്റ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റും നേടി.

Content Highlight: Mitchell Starc In Rare Record Achievement In Ashes Test

Latest Stories

We use cookies to give you the best possible experience. Learn more