| Tuesday, 20th October 2026, 6:09 pm

ലോക ചരിത്രത്തിലെ ആദ്യ ഇടംകൈ ബൗളര്‍; സ്റ്റാര്‍ക്കിന്റെ താണ്ഡവത്തില്‍ പിറന്നത് ഇതിഹാസ നേട്ടം!

ശ്രീരാഗ് പാറക്കല്‍

ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയന്‍ ഇടംകൈ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ചരിത്രനേട്ടം സ്വന്തമാക്കി. സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് സ്റ്റാര്‍ക്ക് ഈ നാഴികക്കല്ല് സ്വന്തം പേരില്‍ കുറിച്ചത്.

ഇതോടെ ടെസ്റ്റ് ചരിത്രത്തില്‍ 450 വിക്കറ്റുകള്‍ നേടുന്ന പത്താമത്തെ ബൗളറാകാനും സ്റ്റാര്‍ക്കിന് സാധിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇടംകൈ ബൗളറെന്ന റെക്കോഡും സ്വന്തമാക്കി. 109 ടെസ്റ്റുകളില്‍ നിന്നാണ് 36കാരന്റെ നേട്ടം.

സൗത്ത് ആഫ്രിക്കയുടെ ഒന്നാം ഇന്നിങ്സില്‍ വിയാന്‍ മുള്‍ഡറെ പുറത്താക്കിയാണ് സ്റ്റാര്‍ക്ക് 450ാം ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയത്. 13 റണ്‍സെടുത്ത മുള്‍ഡറെ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി പിടികൂടുകയായിരുന്നു. അമ്പയര്‍ ആദ്യം ഔട്ട് അനുവദിച്ചില്ലെങ്കിലും ഓസ്‌ട്രേലിയ റിവ്യൂ എടുത്തതോടെ വിക്കറ്റ് വിധിക്കുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റുകള്‍ പിന്നിട്ട ബൗളര്‍മാര്‍

മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക) – 800

ഷെയ്ന്‍ വോണ്‍ (ഓസ്‌ട്രേലിയ) – 708

ജെയിംസ് ആന്‍ഡേഴ്‌സണ്‍ (ഇംഗ്ലണ്ട്) – 704

അനില്‍ കുംബ്ലെ (ഇന്ത്യ) – 619

സ്റ്റുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്) – 604

നഥാന്‍ ലയണ്‍ (ഓസ്‌ട്രേലിയ) – 573

ഗ്ലെന്‍ മക്ഗ്രാത്ത് (ഓസ്‌ട്രേലിയ) – 563

രവിചന്ദ്രന്‍ അശ്വിന്‍ (ഇന്ത്യ) – 537

കോര്‍ട്ട്‌നി വാല്‍ഷ് (വെസ്റ്റ് ഇന്‍ഡീസ്) – 519

മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ) – 450*

അതേസമയം സെന്റ് ജോര്‍ജ് ഓവലില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് നിലവില്‍ 91 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് നേടിയിട്ടുണ്ട്.

സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ടെംബ ബാവുമയുടെ മിന്നും സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് മുന്നോട്ട് നീങ്ങുന്നത്. നിലവില്‍ 229 പന്തില്‍ നിന്ന് 105* രണ്‍സാണ് താരം നേടിയത്. ക്രീസില്‍ ബാവുമയ്‌ക്കൊപ്പമുള്ളത് 17 റണ്‍സ് നേടിയ സൈമണ്‍ ഹാര്‍മറാണ്.

ഒന്നാം ഇന്നിങ്സില്‍ 51.2 ഓവറില്‍ 226/6 എന്ന നിലയിലായിരുന്നു. എന്നാല്‍ ബാവുമയുടേയും സൂപ്പര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സന്റെയും കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് പ്രോട്ടിയാസിനെ രക്ഷിച്ചത്. 106 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും നേടിയത്.

നിലവില്‍ ഓസ്ട്രേലിയക്കായി സ്‌കോട്ട് ബോളണ്ട് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റുകളും നേടിയിട്ടുണ്ട്.

അതേസമയം പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 214 റണ്‍സിന് ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റില്‍ ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് സന്ദര്‍ശകരുടെ ലക്ഷ്യം.

Content Highlight: Mitchell Starc Complete 450 Wickets In Test Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more