| Thursday, 30th January 2025, 8:23 pm

18ാമന്‍, നാലാമന്‍, മൂന്നാമന്‍.... ഒറ്റ വിക്കറ്റില്‍ സ്റ്റാര്‍ക് സ്വന്തമാക്കിയ നേട്ടങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

കരിയറിലെ മറ്റൊരു ചരിത്രനേട്ടം പൂര്‍ത്തിയാക്കിയാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക് തിളങ്ങുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് സ്റ്റാര്‍ക് തന്റെ പേര് ചരിത്ര പുസ്തകത്തില്‍ രേഖപ്പെടുത്തിയത്.

വോണ്‍ – മുരളീധരന്‍ ട്രോഫിയ്ക്കായി ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയതിന് പിന്നാലെയാണ് സ്റ്റാര്‍ക്കിനെ തേടി ഈ നേട്ടമെത്തിയത്. ഗല്ലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നെയെ പുറത്താക്കിയതിന് പിന്നാലെയാണ് സ്റ്റാര്‍ക് 700 വിക്കറ്റ് എന്ന കരിയര്‍ മൈല്‍സ്‌റ്റോണിലെത്തിയത്.

കരിയറിലെ 373ാം ഇന്നിങ്‌സിലാണ് സ്റ്റാര്‍ക് 700 അന്താരാഷ്ട്ര വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 181 ഇന്നിങ്‌സില്‍ നിന്നും 377 വിക്കറ്റ് നേടിയ സ്റ്റാര്‍ക് 127 ഏകദിനത്തില്‍ 244 വിക്കറ്റും 65 ടി-20കളില്‍ നിന്നുമായി 79 വിക്കറ്റുകളും സ്വന്തമാക്കി.

ഈ നേട്ടം സ്വന്തമാക്കുന്ന 18ാം താരവും നാലാമത് ഓസ്‌ട്രേലിയന്‍ താരവുമാണ് മിച്ചല്‍ സ്റ്റാര്‍ക്. ഇതിഹാസ താരങ്ങളായ ഷെയ്ന്‍ വോണ്‍ (1,001), ഗ്ലെന്‍ മഗ്രാത് (949), സൂപ്പര്‍ പേസര്‍ ബ്രെറ്റ് ലീ (718) എന്നിവരാണ് ഇതിന് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്.

ഈ നേട്ടത്തിലെത്തുന്ന മൂന്നാമത് ഇടംകയ്യന്‍ പേസര്‍ എന്ന നേട്ടവും ഇതോടൊപ്പം സ്റ്റാര്‍ക് സ്വന്തമാക്കി. സഹീര്‍ ഖാന്‍ അടക്കമുള്ള ലെജന്‍ഡുകള്‍ക്ക് തങ്ങളുടെ കരിയറില്‍ സ്വന്തമാക്കാന്‍ സാധിക്കാത്ത ചരിത്ര നേട്ടമാണ് ഇപ്പോള്‍ സ്റ്റാര്‍ക് തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇടംകയ്യന്‍ പേസര്‍മാര്‍

(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)

വസീം അക്രം – പാകിസ്ഥാന്‍ – 916

ചാമിന്ദ വാസ് – ശ്രീലങ്ക/ ഏഷ്യ – 761

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 700

ട്രെന്റ് ബോള്‍ട്ട് – ന്യൂസിലാന്‍ഡ് – 611

സഹീര്‍ ഖാന്‍ – ഇന്ത്യ/ ഏഷ്യ – 610

മിച്ചല്‍ ജോണ്‍സണ്‍ – ഓസ്‌ട്രേലിയ – 590

മുസ്തഫിസുര്‍ റഹ്‌മാന്‍ – ബംഗ്ലാദേശ് – 355

അതേസമയം, ഏഷ്യന്‍ മണ്ണില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറുമായാണ് ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഓപ്പണര്‍ ഉസ്മാന്‍ ഖവാജ ഇരട്ട സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അരങ്ങേറ്റക്കാരന്‍ ജോഷ് ഇംഗ്ലിസും സെഞ്ച്വറിയും നേടി.

ഖവാജ 352 പന്തില്‍ 232 റണ്‍സ് നേടി പുറത്തായി. സ്മിത് 251 പന്തില്‍ 141 റണ്‍സും ഇംഗ്ലിസ് 94 പന്തില്‍ 102 റണ്‍സും നേടി മടങ്ങി. 40 പന്തിവല്‍ 57 റണ്‍സ് നേടിയ ട്രാവിസ് ഹെഡും 69 പന്തില്‍ പുറത്താകാതെ 46 റണ്‍സും സ്വന്തമാക്കി.

ഒടുവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 654 റണ്‍സ് നേടി നില്‍ക്കവെ ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 44 എന്ന നിലയിലാണ്. ഒഷാദോ ഫെര്‍ണാണ്ടോ (പത്ത് പന്തില്‍ ഏഴ്), ദിമുത് കരുണരത്‌നെ (13 പന്തില്‍ ഏഴ്), ഏയ്ഞ്ചലോ മാത്യൂസ് (18 പന്തില്‍ ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. മാത്യൂ കുന്‍മാന്‍, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍ എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്.

29 പന്തില്‍ ഒമ്പത് റണ്‍സുമായി ദിനേഷ് ചണ്ഡിമലും 20 പന്തില്‍ 13 റണ്‍സുമായി കാമിന്ദു മെന്‍ഡിസുമാണ് ക്രീസില്‍.

Content Highlight: Mitchell Starc becomes the 3rd left arm pacer to complete 700 international wickets

We use cookies to give you the best possible experience. Learn more