| Sunday, 21st December 2025, 6:30 pm

ഇന്ത്യന്‍ താരങ്ങള്‍ എന്നല്ല, മറ്റാര്‍ക്കുമില്ലാത്ത നേട്ടത്തില്‍ സ്റ്റാര്‍ക്ക്

ഫസീഹ പി.സി.

ആഷസില്‍ അഡ്ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തിലും ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തകര്‍ത്തിരുന്നു. മത്സരത്തില്‍ 81 റണ്‍സിന്റെ വിജയമാണ് പാറ്റ് കമ്മിന്‍സും സംഘവും സ്വന്തമാക്കിയത്. മൂന്നാം ടെസ്റ്റിന് പുറമെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും വിജയം കങ്കാരുപ്പടയ്ക്ക് തന്നെയായായിരുന്നു. അതുകൊണ്ട് ഈ വിജയത്തോടെ ആഷസ് നിലനിര്‍ത്താന്‍ ഓസീസിന് സാധിച്ചു.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലേത് പോലെ ഈ മത്സരത്തിലും സ്റ്റാര്‍ക്ക് മിന്നും പ്രകടനമാണ് പുറത്തെടുത്തത്. താരം ഈ മത്സരത്തില്‍ വീഴ്ത്തിയത് നാല് വിക്കറ്റുകളാണ്. ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് മാത്രമേ വീഴ്ത്താന്‍ സാധിച്ചിരുന്നതെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് പേരെ താരം മടക്കി അയച്ചു.

മിച്ചൽ സ്റ്റാർക്ക്. Photo: Johns/x.com

ഇതോടെ ഒരു നേട്ടം സ്വന്തമാക്കാന്‍ സ്റ്റാര്‍ക്കിന് സാധിച്ചു. 2025ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന ടാഗാണ് ഫാസ്റ്റ് ബൗളര്‍ സ്വന്തം പേരില്‍ ചേര്‍ത്തത്. താരത്തിന് ഈ വര്‍ഷം 51 വിക്കറ്റുകളുണ്ട്. 20 ഇന്നിങ്സുകള്‍ കളിച്ചാണ് താരം ഇത്രയും വിക്കറ്റുകള്‍ നേടിയത്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടുന്ന താരങ്ങളുടെ ലിസ്റ്റില്‍ സ്റ്റാര്‍ക്കിന് പിന്നുള്ളത് ഇന്ത്യന്‍ താരം മുഹമ്മദ് സിറാജാണ്. താരത്തിനാകട്ടെ 43 വിക്കറ്റാണുള്ളത്.

2025ല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

മിച്ചല്‍ സ്റ്റാര്‍ക്ക് – ഓസ്‌ട്രേലിയ – 20 – 51

മുഹമ്മദ് സിറാജ് – ഇന്ത്യ – 19 – 43

ബ്ലെസിങ് മുസറബാനി – സിംബാബ്വെ – 15 – 42

തൈജുല്‍ ഇസ്‌ലാം – ബംഗ്ലാദേശ് – 11 – 33

ജസ്പ്രീത് ബുംറ – ഇന്ത്യ – 14 – 31

സൈമണ്‍ ഹാര്‍മര്‍ – സൗത്ത് ആഫ്രിക്ക – 8 – 30

അതേസമയം സ്റ്റാർക്കിന് പുറമെ മത്സരത്തിൽ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും മികവ് പുലര്‍ത്തി. ഇരുവരും രണ്ട് ഇന്നിങ്സിലുമായി ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്.

പാറ്റ് കമ്മിൻസ്. Photo: Johns/x.com

മറുവശത്ത് ഇംഗ്ലണ്ടിനായി ഒന്നാം ഇന്നിങ്‌സില്‍ ബെന്‍ സ്റ്റോക്‌സും രണ്ടാം ഇന്നിങ്‌സില്‍ സാക് ക്രോളിയും മികച്ച പ്രകടനം നടത്തി. യഥാക്രമം 83, 85 എന്നിങ്ങനെയായിരുന്നു ഇവരുടെ സ്‌കോറുകള്‍.

Content Highlight: Mitchell Starc became first bowler to complete 50 Test wickets in 2025

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more