| Friday, 13th June 2025, 8:32 pm

1975ലെ റെക്കോഡ് തിരുത്തിക്കുറിച്ച് സ്റ്റാര്‍ക്കും ഹേസല്‍വുഡ്ഡും; ഓസീസ് പട ഡബിള്‍ സ്‌ട്രോങ്!

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം തുടങ്ങിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയെ 207 റണ്‍സിന് ഓള്‍ ഔട്ട് ചെയ്തിരിക്കുകയാണ് പ്രോട്ടിയാസ്.

282 റണ്‍സിന്റെ ടാര്‍ഗറ്റാണ് സൗത്ത് ആഫ്രിക്കയ്ക്ക് മുന്നില്‍ ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയത്. വിജയലക്ഷ്യം മറികടക്കാന്‍ പ്രോട്ടിയാസ് ഏറെ വിയര്‍ക്കുമെന്നത് ഉറപ്പാണ്. നിലവില്‍ മൂന്നാം ദിനം മത്സരം പുരോഗമിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ് സൗത്ത് ആഫ്രിക്ക. നിലവില്‍ 26 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് ആണ് പ്രോട്ടിയാസ് നേടിയിരിക്കുന്നത്. പ്രോട്ടിയാസിന് വേണ്ടി ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 51* റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ തെംമ്പ ബാവുമ 16 റണ്‍സും നേടി ക്രീസിലുണ്ട്.

ഇന്നിങ്‌സിലെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ റിയാല്‍ റിക്കല്‍ട്ടനെ ആറ് റണ്‍സിന് പറഞ്ഞയച്ച് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. ശേഷം എയ്ഡന്‍ മാര്‍ക്രമും വിയാന്‍ മുള്‍ഡറും സ്‌കോര്‍ ചലിപ്പിച്ചെങ്കിലും 50 പന്തില്‍ 27 റണ്‍സ് നേടിയിരിക്കെ വിയാനെ സ്റ്റാര്‍ക്ക് കൂടാരത്തിലേക്ക് മടക്കി വീണ്ടും വിക്കറ്റ് നേടി.

ബൗളിങ്ങിന് പിന്തുണയുള്ള പിച്ചില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങില്‍ കങ്കാരുക്കള്‍ക്ക് വേണ്ടി അവസാന വിക്കറ്റില്‍ മിന്നും പ്രകടനം നടത്തിയത് മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡ്ഡുമാണ്. സ്റ്റാര്‍ക്ക് 136 പന്തില്‍ നിന്ന് 58* റണ്‍സ് നേടി നിര്‍ണായമായകപ്പോള്‍ ഹേസല്‍വുഡ് 53 പന്തില്‍ നിന്ന് 17 റണ്‍സ് നേടി എയ്ഡന്‍ മാര്‍ക്രമിന് ഇരയാകുകയായിരുന്നു. എന്നിരുന്നാലും അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 59 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്വന്തമാക്കിയത്. ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡ് നേടാനും സ്റ്റാര്‍ക്കിനും ഹേസല്‍വുഡ്ഡിനും സാധിച്ചിരുന്നു.

ഐ.സി.സി ഫൈനലിലെ ഏറ്റവും ഉയര്‍ന്ന 10ാം വിക്കറ്റ് കൂട്ടുകെട്ട് നേടാനാണ് ഇരുവര്‍ക്കും സാധിച്ചത്. 1975ല്‍ ഓസ്‌ട്രേലിയ തന്നെ നേടിയ റെക്കോഡ് തിരുത്താനും ഇരു താരങ്ങള്‍ക്ക് സാധിച്ചു.

ഐ.സി.സി ഫൈനലിലെ ഏറ്റവും ഉയര്‍ന്ന 10ാം വിക്കറ്റ് കൂട്ടുകെട്ട്, ടൂര്‍ണമെന്റ്

മിച്ചല്‍ സ്റ്റാര്‍ക്ക് & ജോഷ് ഹേസല്‍വുഡ് (ഓസ്‌ട്രേലിയ) – 59 – 2025 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍

ഡെന്നിസ് ലില്ലി & ജെഫ്രി തോംസണ്‍ (ഓസ്‌ട്രേലിയ) – 41 – 1975 ഏകദിന ലോകകപ്പ് ഫൈനല്‍

ബല്‍വിന്തര്‍ സന്തു & എസ്. കിര്‍മാനി (ഇന്ത്യ) – 22 – 1983 – ഏകദിന ലോകകപ്പ് ഫൈനല്‍

ബാറ്റിങ്ങില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയും ഓസീസിന് തുണയായി. 43 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ മാര്‍നസ് ലബുഷാന്‍ 22 റണ്‍സും നേടി.

അതേസമയം പ്രോട്ടിയാസിന് വേണ്ടി കഗീസോ റബാദ 18 ഓവറില്‍ 59 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റും മാര്‍ക്കോ യാന്‍സന്‍, ഏയ്ഡന്‍ മാര്‍ക്രം, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ കങ്കാരുപ്പടയെ 212 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് പ്രോട്ടിയാസ് തങ്ങളുടെ കരുത്ത് കാണിച്ചത്. കഗീസോ റബാദയുടെ ഫൈഫര്‍ വിക്കറ്റാണ് പ്രോട്ടിയാസിന് തുണയായത്.

ആദ്യ ഇന്നിങ്‌സില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസിനെ ഓള്‍ ഔട്ട് ചെയ്ത് മികച്ച തിരിച്ചുവരവാണ് ഓസ്‌ട്രേലിയയും കാഴ്ചവെച്ചത്. കങ്കാരുപ്പടയുടെ ബൗളിങ് അറ്റാക്കില്‍ 138 റണ്‍സ് മാത്രമാണ് സൗത്ത് ആഫ്രിക്കയ്ക്ക് നേടാന്‍ സാധിച്ചത്. പാറ്റ് കമ്മിന്‍സ് നേടിയ ആറ് വിക്കറ്റായിരുന്നു ഇന്നിങ്‌സില്‍ നിര്‍ണായകമായത്.

Content Highlight: Mitchell Starc And Josh Hazelwood In Great Record Achievement In ICC Finals

We use cookies to give you the best possible experience. Learn more