| Saturday, 4th October 2025, 10:05 pm

വാട്‌സന്‍ വാഴുന്ന ലിസ്റ്റില്‍ മാസ് എന്‍ട്രിയുമായി മാര്‍ഷ്; സെഞ്ച്വറിയില്‍ പിറന്നത് വെടിക്കെട്ട് നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി-20 പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ബെയ് ഓവലില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ഓസീസ് വിജയം നേടിയത്. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് കിവീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് ടീം നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 18 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു കങ്കാരുക്കള്‍.

ഓസീസിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷാണ്. 52 പന്തില്‍ നിന്ന് ഏഴ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 103* റണ്‍സാണ് താരം നേടിയത്. 198.08 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് മാര്‍ഷ് സെഞ്ച്വറി നേടിയത്. അന്താരാഷ്ട്ര ടി-20 കരിയറില്‍ തന്റെ ആദ്യ സെഞ്ച്വറിയാണ് മാര്‍ഷ് നേടിയത്. ഏഴ് താരങ്ങള്‍ സിംഗിള്‍ ഡിജിറ്റ്‌ന് കൂടാരം കയറിയപ്പോളാണ് മിച്ചല്‍ പുറത്താകാതെ വെടിക്കെട്ട് ബാറ്റിങ് നടത്തിയത്.

ഇതോടെ ഒരു മിന്നും നേട്ടമാണ് മാര്‍ഷ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി ടി-20യില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ക്യാപ്റ്റനാകാനാണ് മാര്‍ഷിന് സാധിച്ചത്. ഈ നേട്ടത്തില്‍ മാര്‍ഷിന് മുന്നിലുള്ളത് ആരോണ്‍ ഫിഞ്ചും ഷെയ്ന്‍ വാട്‌സനുമാണ്.

ഓസ്‌ട്രേലിയക്ക് വേണ്ടി ടി-20യില്‍ സെഞ്ച്വറി നേടുന്ന താരങ്ങള്‍, റണ്‍സ്, എതിരാളി, വര്‍ഷം

ഷെയ്ന്‍ വാടസന്‍ – 124* – ഇന്ത്യ – 2016

ആരോണ്‍ ഫിഞ്ച് – 172 – സിംബാബ്‌വെ – 2018

മിച്ചല്‍ മാര്‍ഷ് – 103* – ന്യൂസിലാന്‍ഡ് – 2025

മത്സരത്തില്‍ കിവീസിന് വേണ്ടി ജെയിംസ് നീഷം നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ ജേക്കബ് ഡഫി രണ്ട് വിക്കറ്റും, ബെന്‍ സീര്‍സ് ഒരു വിക്കറ്റും നേടി. അതേസമയം ന്യൂസിലാന്‍ഡിന് വേണ്ടി ഓപ്പണര്‍ ടിം സീഫേര്‍ട്ട് 48 റണ്‍സ് നേടി മികവ് പുലര്‍ത്തി. മധ്യ നിരയില്‍ മൈക്കല്‍ ബ്രേസ്വെല്‍ 26 റണ്‍സ് നേടിയപ്പോള്‍ ജെയിംസ് നീഷം 25 റണ്‍സും നേടി. മറ്റാര്‍ക്കും ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

ഓസീസിന് വേണ്ടി ജോഷ് ഹേസല്‍വുഡ്, സേവിയര്‍ ബാര്‍ട്ട്‌ലെറ്റ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സീന്‍ എബ്ബോട്ട് മൂന്ന് വിക്കറ്റുകളാണ് നേടിയത്. ആദം സാംപ, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

Content Highlight: Mitchell Marsh In Great Record Achievement For Australia

We use cookies to give you the best possible experience. Learn more