ലഖ്‌നൗ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥ് രതിനെ കൊലചെയ്ത കേസിലെ പ്രതിക്ക് സി.ബി.ഐ ക്ലീൻ ചീറ്റ്. കൊലപാതകത്തിലെ മുഖ്യ പ്രതിയായ രാജ്‌കുമാർ സിങ് ആണെന്ന് കരുതിയാണ് രാജ് സിംഗിനെ അറസ്റ്റ് ചെയ്തതെന്ന് സി.ബി.ഐ വ്യക്തമാക്കി.
സി.ബി.ഐയുടെ കണ്ടെത്തൽ പ്രകാരം ഒന്നാം പ്രതിയായ രാജ്മകുമാർ സിങ് ആണെന്ന് തെറ്റ്ധരിച്ച് ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലയിൽ നിന്നും രാജ് സിങിനെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് യഥാർത്ഥ പ്രതിയെ മെയ് 19 ന് മുസാഫർനഗറിലെ ഛപ്പർ ടോൾ പ്ലാസയിൽ വെച്ച് അറസ്റ്റ് ചെയ്തു.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ബംഗാൾ പൊലീസ് ആദ്യം ബിഹാറിലെ ബക്‌സറിൽ നിന്ന് വിക്കി മൗര്യ, മയങ്ക് മിശ്ര എന്നീ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് സി.ബി.ഐ വ്യക്തമാക്കി.
അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് രാജ്കുമാർ സിങ് എന്നയാളിലേക്കെത്തുന്നത്. എന്നാൽ ഉത്തർപ്രദേശ് പൊലീസ് രാജ് സിങിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആ സമയത്ത് രാജ് സിങ് ബി.ജെ.പി നേതാക്കളുമായുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ജാമ്യം ലഭിച്ചതിന് ശേഷം രാജ് സിങ് മാധ്യമങ്ങളെയടക്കം ഭീഷണിപ്പെടുത്തികൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചു. ‘ജയ് ശ്രീറാം. വളരെ പെട്ടെന്ന് തന്നെ എല്ലാവർക്കും ഇതിനുള്ള മറുപടി ലഭിക്കും. ദയവായി ക്ഷമയോടെയിരിക്കുക. മാധ്യമങ്ങളോട്, നിങ്ങൾക്കുള്ള മറുപടികൾ വരുന്നുണ്ട്. ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കൂ,’ രാജ് സിങ് വീഡിയോയിൽ പറഞ്ഞു.
അതേസമയം, ഈ കൊലക്കേസുമായി ബന്ധപ്പെട്ട് യു.പിയിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായത്തോടെ സി.ബി.ഐ പ്രധാന ആയുധ വിതരണക്കാരനായ നവീൻ കുമാർ സിങിനെ അറസ്റ്റ് ചെയ്തു. വാരണാസിയിൽ നിന്ന് മറ്റൊരു പ്രതിയായ വിനയ് റായിയെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
2026 മെയ് 6 നാണ് സുവേന്ദു അധികാരിയുടെ പി.എ ചന്ദ്രനാഥ് കൊല്ലപ്പെട്ടത്. നിലവിൽ സി.ബി.ഐ ആണ് ഈ കേസ് അന്വേഷിക്കുന്നത്.
Content Highlight: mistaken identity; Suvendu Adhikari’s assistant’s murder case gets bail