‘സ്‌നേഹിതന്റെ കല്യാണവീട്ടില്‍ എന്റെ ഇഷ്ട്ടപ്പെട്ട job ആയ ഫോട്ടോഗ്രാഫിയില്‍ നില്‍ക്കുമ്പോള്‍ ..ഒരു 3 മണിയോട് ചേര്‍ന്ന് ഒരു പിഞ്ചുകുഞ്ഞിന്റെ ശ്വാസം നിലച്ചു …
എന്തെന്ന് വെച്ചാല്‍ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി …
അവിടെ ഉള്ള എല്ലാവരും ഒന്ന് ഭയപ്പെട്ടു ..എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ …ഒരാള്‍ ആ കുഞ്ഞിന്റെ തലയില്‍ ഉഴിഞ്ഞു കൊടുക്കുന്നു …ആ ഒരു സെക്കന്റില്‍ കുഞ്ഞിനെ ഞാന്‍ എന്റെ കൈവെള്ളയില്‍ കമഴ്ത്തി കിടത്തി … കുഞ്ഞിന്റെ പുറത്തു രണ്ട് മുന്ന് തട്ട് തട്ടി …ആ കുഞ്ഞു എന്റെ കൈവെള്ളയിലേക്ക് ഛര്‍ദിച്ചു…ആ കുഞ്ഞു ഒന്ന് കരഞ്ഞു ..ജീവിതത്തിലേക്ക് തിരികെ വന്നുവെന്ന് എനിക്ക് ഉറപ്പായി …..
കോളേജില്‍ പഠിക്കുമ്പോ പ്രിയപ്പെട്ട അദ്ധ്യാപകന്‍ എന്നെ ഒരു First Aid Literate india എന്ന പദ്ധതിയില്‍ ചേര്‍ത്ത് പെട്ടെന്നു ഒരു അപകടം പറ്റിയാല്‍ ആ വ്യക്തിയെ ഹോസ്പിറ്റലില്‍ എത്തുന്നതിന് മുന്നേ കൊടുക്കുന്ന treatment ഞാന്‍ അതില്‍ നിന്നും പഠിച്ചു .. അതിപ്പോ ന്റെ ജീവിതത്തില്‍ ഞാന്‍ ഉപയോഗപ്പെടുത്തി …എന്നെ പഠിപ്പിച്ച അദ്ധ്യാപകര്‍ക്ക് നന്ദി ….നന്ദി’- ജൂലെ 21 ന് ആഷിക് എന്ന വിദ്യാര്‍ത്ഥി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തു മലയാളികള്‍ മറ്റാരേക്കാളും മുന്നിലാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രാഥമികശുശ്രൂഷയില്‍ എത്രത്തോളം അവബോധം മലയാളികള്‍ക്കുണ്ട് എന്ന് പരീക്ഷിക്കുന്ന സംഭവങ്ങള്‍ നിത്യേനയെന്നോണം കേരളത്തില്‍ സംഭവിക്കുന്നുണ്ട്.
ഒരുവീട്ടില്‍ നടന്ന ചെറിയ അപകടം ഒരു നാടിനെ മൊത്തം പ്രതിരോധഭടന്‍മാരാക്കിയാല്‍ എങ്ങനെയുണ്ടാകും. അത്തരമൊരു പാഠമാണ് കെ.ആര്‍ വിമല്‍ എന്ന അധ്യാപകനും ചേലേമ്പ്ര ഗ്രാമപഞ്ചായത്തും ലോകത്തിന് മുന്നിലേക്ക് വെക്കുന്നത്. പ്രഥമ ശുശ്രുഷാ രംഗത്ത് സമ്പൂര്‍ണ്ണ സാക്ഷരത നേടിയ പഞ്ചായത്ത് എന്ന നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് മലപ്പുറം ജില്ലയിലെ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്.
ഓഗസ്റ്റ് 3 ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ചേലേമ്പ്ര ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ഫസ്റ്റ് എയ്ഡ് സാക്ഷരത പഞ്ചായത്തായി ഔദ്യോഗികമായി പ്രഖ്യാപിക്കും. ‘മിഷന്‍ ഫസ്റ്റ് എയ്ഡ്’ എന്ന പേരില്‍ രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പില്‍ വരുത്തുന്നത്.
രാമനാട്ടുകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീലിങ് ഹാന്റ്സ് ഫൗണ്ടേഷന്‍ ഇന്ത്യയും ചേലേമ്പ്രയിലെ ദേവകിയമ്മ മെമ്മോറിയല്‍ എഡ്യുക്കേഷണല്‍ സ്ഥാപനവും പഞ്ചായത്തുമായി സഹകരിച്ചാണ് മിഷന്‍ ഫസ്റ്റ് എയ്ഡ് എന്ന പേരില്‍ പദ്ധതി നടപ്പാക്കിയത്.
ഹൃദയാഘാതം, പക്ഷാഘാതം, ജലാശയ അപകടങ്ങള്‍, മിന്നല്‍, വൈദ്യുതാഘാതം, പാമ്പുകടിയേല്‍ക്കല്‍, വാഹനാപകടങ്ങള്‍, കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങല്‍, ശ്വാസംമുട്ടല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ രോഗികളെ ആശുപത്രിയിലെത്തുംമുമ്പേ നല്‍കേണ്ട പ്രഥമശുശ്രൂഷയ്ക്ക് ജനത്തെ പര്യാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രക്ഷാപ്രവര്‍ത്തനത്തിലുണ്ടാകുന്ന പിഴവുകള്‍ അപകടത്തില്‍പ്പെട്ടയാള്‍ക്ക് ഉപദ്രവമാകാതിരിക്കാന്‍കൂടി ലക്ഷ്യമിട്ടായിരുന്നു പരിശീലനം.
ദേവകി അമ്മ മെമ്മോറിയല്‍ ഫാര്‍മസി കോളേജിലെ പ്രൊഫസറായ കെ.ആര്‍ വിമലിന്റെ വീട്ടിലെ ഒരു സംഭവമാണ് ഇന്ന് ചേലേമ്പ്ര ഗ്രാമത്തെ ഒന്നാകെ പ്രഥമശുശ്രൂഷയില്‍ സാക്ഷരാക്കിയത്. ആ സംഭവത്തെക്കുറിച്ച് വിമല്‍ ഡൂള്‍ന്യൂസിനോട് പറയുന്നു.
‘രണ്ട് വര്‍ഷം മുന്‍പുള്ളൊരു സംഭവമാണ്. മുന്‍പ് ഞാനൊരു മെഡിക്കല്‍ റെപ്പായി ജോലി നോക്കിയിരുന്നു. അതുകൊണ്ട് തന്നെ വീട്ടില്‍ എല്ലാ തരത്തിലുമുള്ള മരുന്നും എപ്പോഴും ഉണ്ടാകും. ഒരിക്കല്‍ ഭാര്യയ്ക്ക് അടുക്കളയില്‍ നിന്ന് ചോറ് വാര്‍ക്കുമ്പോള്‍ പൊള്ളലേറ്റു. ആ സമയത്ത് എന്റെ വീട്ടില്‍ പൊള്ളലിന് ഉപയോഗിക്കുന്ന ഒരു മരുന്നുപോലും ഇല്ല. എന്റെ അയല്‍വീടുകളിലും ഇല്ല. അതായത് മറ്റെല്ലാ മരുന്നുകളും ഉണ്ട്. പക്ഷെ അത്യാവശ്യത്തിന് ഉപയോഗിക്കേണ്ട മരുന്നില്ല. അപ്പോഴാണ് ഫസ്റ്റ് എയ്ഡ് എന്ന ടേമുപോലും മനസിലേക്ക് വരുന്നത്.’
‘ആ സമയത്ത് ഹീലിംഗ് ഹാന്റ്സ് ഫൗണ്ടേഷന്‍ എന്ന ഒരു എന്‍.ജി.ഒയുമായി ബന്ധപ്പെട്ട് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. അതിന്റെ ഡയറക്ടറായിട്ടുള്ള അംജിത്ത് എന്നയാളോട് ഞാന്‍ ഇക്കാര്യം സംസാരിച്ചു. അംജിത്തിന്റെ ബന്ധു മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ച ഒരു സംഭവമുണ്ട്. ഇതെല്ലാം കൂടി ചേര്‍ന്നപ്പോഴാണ് പ്രാഥമിക ശുശ്രൂഷ എന്ന ആശയം മനസിലുദിച്ചത്’.
ഇതിന് പിന്നാലെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രാഥമികശുശ്രൂഷയില്‍ അവബോധം സൃഷ്ടിക്കുക എന്ന തരത്തില്‍ ബോധവല്‍ക്കരണവുമായി വിമലും സഹപ്രവര്‍ത്തകരും പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് ചേലേമ്പ്ര ഗ്രാമപഞ്ചായത്തിനെ പദ്ധതിയുമായി സമീപിക്കുന്നത്. പദ്ധതി സമര്‍പ്പിച്ചപ്പോള്‍ പഞ്ചായത്ത് വളരെ താല്‍പ്പര്യപൂര്‍വ്വമാണ് പ്രതികരിച്ചതെന്ന് വിമല്‍ പറഞ്ഞു.
2017-18 ലെ പദ്ധതിയായി ജില്ലാ ആസൂത്രണസമിതിയ്ക്ക് മുന്‍പില്‍ സമര്‍പ്പിച്ചെങ്കിലും ആ വര്‍ഷം അംഗീകാരം ലഭിച്ചില്ലെന്ന് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘2017-18ല്‍ നൂതനപദ്ധതിയുടെ അംഗീകാരത്തിന് വേണ്ടി സര്‍ക്കാരിന് മുന്‍പില്‍ സമര്‍പ്പിച്ചിരുന്നു. ജില്ലാ ആസൂത്രണസമിതിയില്‍ നിന്ന് ആ വര്‍ഷം അംഗീകാരം കിട്ടിയില്ല. പിന്നീട് 2018-19 ന് അംഗീകാരം കിട്ടി. അഞ്ചരലക്ഷം രൂപയാണ് പഞ്ചായത്ത് ഓണ്‍ ഫണ്ട് ഇനത്തില്‍ നീക്കിവെച്ചത്. ആദ്യഘട്ടം പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനമാണ് ഉദ്ദേശിച്ചത്.’- രാജേഷ് പറഞ്ഞു.
പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലൂടെ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ മാതൃകാ പ്രോജക്ടായി അംഗീകരിക്കുകയായിരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍, പൊലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വീട്ടമ്മമാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കായി പ്രായോഗിക പരിശീലന ക്ലാസുകള്‍ നല്‍കി. അടുത്തഘട്ടം എന്നനിലയില്‍ പ്രഥമശുശ്രൂഷാ കിറ്റുകള്‍ ഗ്രാമകേന്ദ്രങ്ങളിലും അംഗനവാടികളിലുമെല്ലാം വെക്കുമെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ഏറ്റവും വിലപ്പെട്ട ജീവന്‍ ചെറിയ അശ്രദ്ധ കൊണ്ട് നഷ്ടപ്പെടുന്നത് ലോകത്തെല്ലായിടത്തും സംഭവിക്കാറുള്ളതാണ്. നമ്മുടെ പഞ്ചായത്തിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞുങ്ങള്‍ അപകടത്തില്‍പ്പെടുന്നതെല്ലാം സര്‍വസാധാരണമാണ്. ചെറുതും വലുതുമായുള്ള ഇത്തരം വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ പദ്ധതി ഗുണകരമാകും.’
പഞ്ചായത്തിലെ 90 അയല്‍സഭകളുടെ സാന്നിധ്യത്തിലാണ് പരിശീലനപരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. കൂടാതെ കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, എ.ഡി.എസ് സംവിധാനങ്ങള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ ക്ലബുകള്‍ വായനശാലകള്‍, യുവജനസംഘടനകള്‍ തുടങ്ങിയവര്‍ക്കെല്ലാം പ്രത്യേകമായുള്ള പരിശീലനപരിപാടികള്‍ സംഘടിപ്പിച്ചു.
ഇത്തരമൊരു പദ്ധതി മുന്നോട്ടുവെക്കുമ്പോള്‍ തന്നെ ആളുകള്‍ എങ്ങനെ ഏറ്റെടുക്കുമെന്ന ആശങ്കയുണ്ടായിരുന്നതായി വിമല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. സാങ്കേതികമായുള്ള ചില ബുദ്ധിമുട്ടുകളും പദ്ധതി നടത്തിപ്പില്‍ നേരിട്ടിരുന്നു. പ്രളയത്തിന് ശേഷമാണ് ഇത് സാക്ഷാത്കരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ഘട്ടത്തില്‍ പഞ്ചായത്ത് വാങ്ങുന്ന ആംബുലന്‍സുമായി സംയോജിപ്പിച്ചുള്ള പദ്ധതിയാണ് ആലോചിക്കുന്നതെന്ന് വിമല്‍ പറഞ്ഞു.
‘ഒരു പാരാമെഡിക്കല്‍ സ്റ്റാഫ്, എ.ഇ.ഡി മെഷീന്‍, ആംബുലന്‍സ് തുടങ്ങി മിനിമം ഫസ്റ്റ് എയ്ഡ് സജ്ജീകരണങ്ങള്‍ ഉള്ള എമര്‍ജന്‍സി റെസ്‌പോന്‍സിംഗ് സിസ്റ്റം ഫസ്റ്റ് എയ്ഡിന് വേണ്ടി മാത്രം ലഭ്യമാക്കും. എല്ലാ വീടുകളിലേക്കും ഒരു ടോള്‍ ഫ്രീ നമ്പര്‍ കൊടുക്കും. ബാലന്‍സില്ലാത്ത ഫോണാണെങ്കിലും വിളിക്കാം. 20 മിനിറ്റ് കൊണ്ട് രോഗിയുടെ അടുത്തേക്ക് ആംബുലന്‍സ് എത്തുക, ആംബുലന്‍സില്‍ വച്ച് തന്നെ ഫസ്റ്റ് എയ്ഡ് കൊടുക്കുക അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുക എന്ന ഒരു സംവിധാനം ഒരുക്കുന്നത് ആലോചിക്കുന്നുണ്ട്.’- വിമല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ 150 ദിവസം കൊണ്ട് പതിനായിരത്തോളം ആളുകള്‍ക്ക് ഫസ്റ്റ് എയ്ഡിന്റെ അടിസ്ഥാനമായ അവബോധം കൈവന്നുവെന്നും പഞ്ചായത്തില്‍ അഞ്ചോ ആറോ സംഭവങ്ങളില്‍ ആളുകളെ രക്ഷിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.ആര്‍ വിമലിനൊപ്പം ടി.എസ് അംജിത്ത്, വി സുരേഷ്, എന്‍.കെ രവീന്ദ്രന്‍, വൈശാഖ്, നാരായണന്‍ ചേലേമ്പ്രയിലെ പ്രവര്‍ത്തനത്തിനൊപ്പം ജില്ലയിലും സംസ്ഥാനത്തും രാജ്യത്തുമായി മിഷന്‍ ഫസ്റ്റ് എയ്ഡ് വ്യാപിപ്പിക്കാനാണ് ഹീലിംഗ് ഹാന്റ്സ് ഫൗണ്ടേഷന്റെ തീരുമാനം.
ഒമ്പത് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് റംബൂട്ടാന്‍ കുരു തൊണ്ടയില്‍ കുടുങ്ങി മരിച്ച സംഭവം ഈ മാസമാദ്യമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രാഥമികശുശ്രൂഷയെ കുറിച്ചുള്ള അജ്ഞത കൊണ്ട് മാത്രം നഷ്ടപ്പെടുന്ന ജീവന്‍. ദിവസേനയെന്നോണം ഇത്തരം സംഭവങ്ങള്‍ കേരളത്തിലുണ്ടാകുന്നുമുണ്ട്.
941 പഞ്ചായത്തുകളിലായി മൂന്നരക്കോടി ജനങ്ങളാണ് കേരളത്തിലുള്ളത്. 34149 പേര്‍ മാത്രമുള്ള ചേലേമ്പ്രയെന്ന ഒരു പഞ്ചായത്തില്‍ ഒതുങ്ങിയാല്‍ മിഷന്‍ ഫസ്റ്റ് എയ്ഡ് എവിടേയും എത്തില്ല. സംസ്ഥാന വ്യാപകമായി ഈ പദ്ധതി പ്രാവര്‍ത്തികമാക്കേണ്ട ഉത്തരവാദിത്വമാണ് സര്‍ക്കാര്‍ ഇനി ഏറ്റെടുക്കേണ്ടത്.
WATCH THIS VIDEO: