| Tuesday, 9th November 2021, 1:31 pm

മിഷന്‍ സി തിയേറ്ററുകളില്‍ നിന്നും തത്ക്കാലം പിന്‍വലിക്കുന്നു: സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മിഷന്‍ സി തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. ജനം തിയേറ്ററിലെത്താന്‍ ഇനിയും സമയമെടുക്കുമെന്നും നല്ല അഭിപ്രായവും റേറ്റിങ്ങും നല്ല റിവ്യൂകളും നേടിയ മിഷന്‍ സി കൂടുതല്‍ ജനങ്ങള്‍ കാണണമെന്ന് തങ്ങള്‍ക്ക് ആഗ്രഹം ഉണ്ടെന്നും അതുകൊണ്ട് തല്ക്കാലം പിന്‍വലിക്കുകയാണെന്നും വിനോദ് ഗുരുവായൂര്‍ ഫേസ്ബുക്കിലെഴുതി.

‘മിഷന്‍ സി തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കുന്നു. രജനി സാറിന്റെയും, വിശാലിന്റെയും സിനിമകള്‍ പല സ്റ്റേഷനുകളും നിര്‍ത്തി. ജനം തിയേറ്ററിലെത്താന്‍ ഇനിയും സമയമെടുക്കും. നല്ല അഭിപ്രായവും റേറ്റിംഗും നല്ല റിവ്യൂകളും നേടിയ മിഷന്‍ സി കൂടുതല്‍ ജനങ്ങള്‍ കാണണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ട്. അത് കൊണ്ട് തല്ക്കാലം പിന്‍വലിക്കുന്നു’, വിനോദ് ഗുരുവായൂര്‍ പോസ്റ്റില്‍ പറഞ്ഞു.

നവംബര്‍ അഞ്ചിന് റിലീസ് ചെയ്ത ‘മിഷന്‍ സി’ എന്ന ചിത്രം തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കേണ്ട അവസ്ഥയിലാണെന്ന് വിനോദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ആളില്ലാത്തതിനാല്‍ പല തിയേറ്ററുകളും പൂട്ടിയിടുകയാണെന്നും രജനിയുടെ ‘അണ്ണാത്തെപ്പോലുള്ള സിനിമകള്‍ക്കുപോലും തിയേറ്ററിലേക്ക് ആളുകളെ എത്തിക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ജനം തിയേറ്ററില്‍ എത്തുന്നതുവരെ തന്റെ ചിത്രം നീട്ടിവയ്ക്കണമെന്നും നിര്‍മാതാക്കളോടും വിതരണക്കാരോടും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

‘ആളില്ലാത്തതിനാല്‍ തിയേറ്ററുകള്‍ പലതും പൂട്ടിയിടുന്നു.. രജനി സാറിന്റെ ‘അണ്ണാത്തെ’ പോലുള്ള പടങ്ങള്‍ക്ക് പോലും തിയേറ്ററിലേക്ക് ആളുകളെ എത്തിക്കാന്‍ കഴിയുന്നില്ല. മിക്ക സിനിമകള്‍ക്കും ആളില്ലാത്ത കാരണം ഷോ മുടങ്ങുന്നു.

അടുപ്പമുള്ള തിയറ്റര്‍ സുഹൃത്തുക്കള്‍ പറയുന്നു, ഒന്ന് നിര്‍ത്തിവച്ചു കുറച്ചു ദിവസം കഴിഞ്ഞു പ്രദര്‍ശനം തുടങ്ങിയാല്‍ മതിയെന്ന്. ‘മിഷന്‍ സി’ ജനങ്ങളിലേക്ക് എത്തേണ്ട സിനിമയാണ് എന്നാണ് ഇപ്പോള്‍ വന്നിട്ടുള്ള റിവ്യൂകളില്‍ നിന്നും വ്യക്തമാകുന്നത്. തിയേറ്ററില്‍ കാണേണ്ട സിനിമയാണ് ‘മിഷന്‍ സി’ എന്നാണ് മിക്കവരുടെയും അഭിപ്രായം. രജനി, വിശാല്‍, ആര്യ പോലുള്ള വലിയ സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് പോലും പ്രേക്ഷകര്‍ തിയേറ്ററിലേക്ക് എത്തുന്നില്ല.

ജനം തിയേറ്ററില്‍ വരുന്നത് വരെ ‘മിഷന്‍ സി’ നീട്ടി വയ്ക്കണമെന്ന എന്റെ അഭിപ്രായം പ്രൊഡ്യൂസറും വിതരണക്കാരും അവസ്ഥ മനസിലാക്കുമെന്നും അംഗീകരിക്കുമെന്നുമാണ് എന്റെ വിശ്വാസം.

വാക്‌സിനേഷന്‍ സംശയങ്ങള്‍ തീര്‍ന്നിട്ടില്ല. കുട്ടികളുമായി ഫാമിലികള്‍ വീണ്ടും തിയറ്ററിലെത്തും, അതുറപ്പാണ്. അതിനു സിനിമാ പ്രവര്‍ത്തകരും കൂടെ നില്‍ക്കണം. ഒപ്പം ജനങ്ങളുടെ ഭീതി അകന്നു തിയേറ്ററില്‍ എല്ലാരും എത്തുവാന്‍ നമുക്ക് ശ്രമിക്കാം, എന്നായിരുന്നു വിനോദ് ഗുരുവായൂരിന്റെ വാക്കുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Latest Stories

We use cookies to give you the best possible experience. Learn more