ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരനും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് കാണിച്ചു ദല്‍ഹിയില്‍ പോസ്റ്ററുകള്‍. അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ നവംബര്‍ 15 ന് ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത നഗരവികസന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ഗംഭീര്‍ പങ്കെടുത്തിരുന്നില്ല. ഇതിനു പിറകെയാണ് ഗംഭീറിനെ കാണാനില്ലെന്ന് കാണിച്ചു മരങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
മീറ്റിങ്ങില്‍ ഗംഭീര്‍ പങ്കെടുക്കാത്തതിനെ ആം ആദ്മി പാര്‍ട്ടിയും വിമര്‍ശിച്ചിരുന്നു. മീറ്റിംഗ് നടക്കുമ്പോള്‍ ഗംഭീര്‍ ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിന്റെ കമന്റേറ്ററായി ഇന്‍ഡോറിലുണ്ടായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘നിങ്ങള്‍ ഈ മനുഷ്യനെ കണ്ടോ? ഇന്‍ഡോറിലിരുന്ന് ജിലേബി തിന്നുമ്പോഴാണ് അവസാനമായി കണ്ടത്. ദല്‍ഹി മൊത്തം ഇദ്ദേഹത്തെ തിരയുകയാണ്.’ ഇതാണ് പോസ്റ്ററിലെ വാചകം.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.വി.എസ് ലക്ഷ്മണന്‍ ഗംഭീറിനൊപ്പം ജിലേബി തിന്നുന്ന ഫോട്ടോ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. വായു മലിനീകരണത്തിന്റെ മുന്‍നിര്‍ത്തിയുള്ള കള്ളക്കളികള്‍ അവസാനിപ്പിച്ചു ദല്‍ഹിയില്‍ കൂടുന്ന മീറ്റിങ്ങില്‍ പങ്കെടുക്കമെന്ന് ഫോട്ടോക്ക് താഴെ എ.എ.പി കമന്റ് ചെയ്തിരുന്നു.
‘എന്റെ നിയോജകമണ്ഡലത്തോടും എന്റെ നഗരത്തോടുമുള്ള എന്റെ പ്രതിബദ്ധത അവിടെ ചെയ്യുന്ന കാര്യങ്ങളില്‍ നിന്നും മനസ്സിലാക്കി വിധി പറഞ്ഞാല്‍ മതിയെന്ന്’, ഗംഭീര്‍ കമന്റ്‌നു മറുപടി നല്‍കി.
”ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് പണമുണ്ടാക്കാനല്ല, എനിക്ക് പിന്തുണയുമായി എന്റെ കുടുംബമുണ്ട്. കഠിനാധ്വാനം ചെയ്ത് പണമുണ്ടാക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നു, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പൊതു ഫണ്ട് ഉപയോഗിക്കില്ല.’ കിഴക്കന്‍ ദല്‍ഹിയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഗംഭീര്‍ ട്വീറ്റ് ചെയ്തു.
യോഗത്തില്‍ ഗംഭീറിനെ കൂടാതെ ഡി.ഡി.എ വൈസ് ചെയര്‍മാന്‍ തരുണ്‍ കപൂറും മൂന്ന് എം.സി.ഡി കമ്മീഷണര്‍മാരും പങ്കെടുത്തിട്ടില്ല. 29 അംഗ സമിതിയിലെ നാല് പാര്‍ലമെന്റ് അംഗങ്ങളില്‍ ആം ആദ്മി എം.പി സഞ്ജയ് സിംഗും ഉള്‍പ്പെടുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പുസാ റോഡ്, ദ്വാരക, പ്രഗതി വിഹാര്‍, നോയിഡ, ചാണക്യപുരി തുടങ്ങിയ സ്ഥലങ്ങളില്‍ വായുമലിനീകരണം രൂക്ഷമാണ്. 37 വായു നിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ ഭൂരിഭാഗത്തിലും വളരെ മോശം നിലവാരമാണ് രേഖപ്പെടുത്തുന്നത്.
ദല്‍ഹിയിലെ വയുമലിനീകരണത്തിന്റെ കാരണങ്ങളിലൊന്ന് വൈക്കോല്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ വൈക്കോല്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ദല്‍ഹിയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും അത് തടയാന്‍ സര്‍ക്കാരുകള്‍ പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.