| Tuesday, 30th September 2025, 6:47 pm

ഉത്തരാഖണ്ഡില്‍ കാണാതായ മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിന്നും കാണാതായ മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്ത് ദിവസത്തിന് മുമ്പ് കാണാതായ 36കാരനെ ജോഷിയാര ബാരേജില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ രാജീവ് പ്രതാപ് സിങ്ങിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാജീവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, മാധ്യമപ്രവര്‍ത്തകന്റെ തിരോധാനത്തിന് പിന്നില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. ദല്‍ഹി-ഉത്തരാഖണ്ഡ് ലൈവ് എന്ന യൂട്യൂബ് ചാനലിലാണ് പ്രതാപ് സിങ് ജോലി ചെയ്തിരുന്നത്.

സെപ്റ്റംബര്‍ 16ന് ഉത്തരാഖണ്ഡിലെ ഒരു ജില്ലാ ആശുപത്രിയെ സംബന്ധിച്ച് രാജീവ് പ്രതാപ് സിങ് ഒരു വീഡിയോ തയ്യാറാക്കി ചാനലില്‍ അപ്‌ലോഡ് ചെയ്തിരുന്നു.

ഇതിനുപിന്നാലെ അദ്ദേഹം നിരന്തരം ഭീഷണി നേരിട്ടിരുന്നുവെന്നാണ് രാജീവിന്റെ പങ്കാളി മുസ്‌കാന്‍ പറയുന്നത്. സെപ്റ്റംബര്‍ 18ന് സുഹൃത്തുക്കളോടൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന രാജീവിനെ ഒന്നിലധികം തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

പിന്നീട് സെപ്റ്റംബര്‍ 19ന് കുടുംബം പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഭാഗീരഥി നദിയില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെടുത്തതെന്നാണ് വിവരം. ലോക്കല്‍ പൊലീസും എസ്.ഡി.ആര്‍.എഫ് സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം രാജീവിന്റേത് ഒരു അപകടമരണമാണെന്നാണ് പൊലീസിന്റെ വാദം. കഴിഞ്ഞ കുറേ ആഴ്ചകളായി സംസ്ഥാനത്ത് കനത്ത മഴയാണെന്നും ഭാഗീരഥി കരകവിഞ്ഞൊഴുകുകയാണെന്നും ചൂണ്ടിക്കാട്ടിയ പൊലീസ്, മാധ്യമപ്രവര്‍ത്തകന്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പറയുന്നത്.

അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും രാജീവ് കാറില്‍ ഒറ്റയ്ക്കായിരുന്നുവെന്ന് വ്യക്തമാണെന്ന് എസ്.പി സരിത ദോഭല്‍ പറഞ്ഞു.

നിലവില്‍ ഐ.ഐ.എം.സി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് കോമേഴ്സ്)യിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഘടനയും രാജീവ് പ്രതാപ് സിങ്ങിന്റെ മരണത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഐ.ഐ.എം.സിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു രാജീവ് പ്രതാപ്.

Content Highlight: Missing journalist found dead in Uttarakhand; family alleges foul play

We use cookies to give you the best possible experience. Learn more