| Sunday, 11th May 2025, 6:03 pm

പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം കിട്ടി; കിട്ടിയത് പടിഞ്ഞാറെ നടയിലെ മണലില്‍ നിന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം കണ്ടെത്തി. ക്ഷേത്രത്തിന് സമീപമുള്ള മണലില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.

സ്വര്‍ണം കാണാതായപ്പോള്‍ തന്നെ പൊലീസ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ക്ഷേത്ര പരിസരങ്ങളിലടക്കം പരിശോധന നടത്തിയിരുന്നു. എന്നാല്‍ അപ്പോഴൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയുടെ ഭാഗത്തുള്ള മണലില്‍ താഴ്ത്തിവെച്ചിരിക്കുന്ന നിലയിലായിരുന്നു സ്വര്‍ണം.

നിലവില്‍ ക്ഷേത്രത്തിലെ അസിസ്റ്റന്റ് മുതല്‍പ്പടി ഉള്‍പ്പെടെയുള്ളവര്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം സ്വര്‍ണം തൂക്കാന്‍ കൊണ്ടുവന്ന രീതിയില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാനാണ് മുതല്‍പ്പടിയെ കസ്റ്റഡിയില്‍ എടുത്തത്.

കഴിഞ്ഞ ദിവസം സ്വര്‍ണം തൂക്കാന്‍ കൊണ്ടുവന്നത് പെട്ടി തുറന്ന് സഞ്ചിയിലായിരുന്നെന്ന് മൊഴിയുണ്ടായിരുന്നു. മുതല്‍പ്പടിയും ഗാര്‍ഡും ഇല്ലാതെ കുറച്ച് ദൂരം സ്വര്‍ണവുമായി നടന്നുവെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. അസിസ്റ്റന്റ് മുതല്‍പ്പടിയും പൊലീസ് ഗാര്‍ഡും ഉള്‍പ്പെടെയുള്ള ആളുകളാണ് സ്വര്‍ണം എടുത്ത് തൂക്കാന്‍ കൊണ്ടുപോയത്.

പിന്നാലെ ക്ഷേത്രം എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ തട്ടാന്റെ അടുത്ത് സ്വര്‍ണം തൂക്കിയാണ് സ്ട്രോങ് റൂമില്‍ കൊണ്ടുവയ്ക്കുന്നത്. ഇതിന് ഗാര്‍ഡിന്റെയും മുതല്‍പ്പടിയുടെയും മേല്‍നോട്ടവും ആവശ്യമാണ്.

കഴിഞ്ഞ പത്താം തീയതി ഇത്തരത്തില്‍ സ്വര്‍ണം കൊണ്ടുപോയതില്‍ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുറന്ന പെട്ടി സഞ്ചിയില്‍ സുരക്ഷ ജീവനക്കാരില്ലാതെ കൊണ്ടുപോയതില്‍ വിശദീകരണം ലഭിക്കാനാണ് പൊലീസ് അസിസ്റ്റന്റ് മുതല്‍പ്പടിയെ കസ്റ്റഡിയിലെടുത്തത്.

ഇയാള്‍ കൊണ്ടുപോയ സ്വര്‍ണം വഴിയിലെ മണല്‍ തിട്ടയില്‍ വീണോ അതോ ഒളിപ്പിക്കുകയോ ചെയ്തോ എന്നറിയാന്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് സ്വര്‍ണം കിട്ടിയത്.

ക്ഷേത്ര ഭരണസമിതിയുടെ ലോക്കറില്‍ സൂക്ഷിച്ച 13 പവന്‍ സ്വര്‍ണമാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. താഴികക്കുടം സ്വര്‍ണം പൂശുന്ന ജോലികള്‍ പുരോഗമിക്കുന്നതിനിടയിലാണ് മോഷണം നടന്നത്.

ഇന്നലെ രാവിലെയാണ് സ്വര്‍ണം മോഷ്ടിക്കപ്പെട്ടതായി ഭരണ സമിതിയുടെ ശ്രദ്ധയില്‍ പെട്ടത്. പിന്നാലെ ക്ഷേത്ര ഭരണ സമിതി ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ക്ഷേത്രത്തിലേക്ക് സംഭാവനയായി നല്‍കിയ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. അതീവ സുരക്ഷ മേഖലയിലാണ് സ്വര്‍ണം ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസാണ് അന്വേഷണം നടത്തുന്നത്.

Content Highlight: Missing gold from Sree Padmanabha Swamy temple found

We use cookies to give you the best possible experience. Learn more