| Friday, 30th January 2026, 5:52 pm

സ്ത്രീകളുടെ ഡ്രസ്സിനെ കുറ്റം പറയുന്ന സിനിമക്ക് ഇന്നും കൈയടിയുണ്ടല്ലേ, തമിഴ് ചിത്രം ഹോട്‌സ്‌പോട്ട് 2വിന് വിമര്‍ശനം

അമര്‍നാഥ് എം.

കാലങ്ങളായി പല സിനിമകളിലുമുള്ള സ്ത്രീവിരുദ്ധത ചര്‍ച്ചയാകാറുണ്ട്. കൊവിഡിന് ശേഷം ഇത്തരം രംഗങ്ങളുള്ള സിനിമകള്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും സ്ത്രീവിരുദ്ധ രംഗങ്ങളില്‍ കുറവ് വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍, കാലം മാറിയതറിയാത്ത ഒരു സംവിധായകന്‍ അണിയിച്ചൊരുക്കിയ തമിഴ് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

വിഘ്‌നേഷ് കാര്‍ത്തിക് സംവിധാനം ചെയ്ത ഹോട്‌സ്‌പോട് 2 മച്ച് എന്ന ചിത്രത്തിലെ ഒരു രംഗം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ആന്തോളജി ചിത്രമായ ഹോട്‌സ്‌പോട് 2വില്‍ തമ്പി രാമയ്യ അവതരിപ്പിച്ച സെഗ്‌മെന്റിലെ രംഗങ്ങള്‍ വിമര്‍ശനത്തിന് വിധേയമായി. ചെന്നൈയില്‍ പഠിക്കുന്ന മകളെ കാണാന്‍ വരുന്ന അച്ഛന്റെ കഥയാണ് ഈ സെഗ്മെന്റ് പറയുന്നത്.

ഹോട്‌സ്‌പോട് 2 മച്ച് Photo: Theatrical poster

കോളേജിലെത്തുന്ന അച്ഛന്‍ കാണുന്നത് ക്രോപ്പ് ഷോട്ട് ധരിച്ചെത്തുന്ന മകളെയാണ്. ചുറ്റുമുള്ള എല്ലാവരും മകളുടെ ശരീരത്തിലേക്ക് ഉറ്റുനോക്കുന്നത് കാണുന്ന അച്ഛന്റെ മുഖത്തെ ദു:ഖം എടുത്തുകാണിക്കാന്‍ സംവിധായകന്‍ മറന്നിട്ടില്ല. ‘എന്റെ ശരീരവും വസ്ത്രധാരണവും എന്റെ ചോയിസാണ്’ എന്ന് പറയുന്ന ഫെമിനിസ്റ്റായാണ് മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. മകളുടെ ഈ ഫെമിനിസ്റ്റ് നയങ്ങള്‍ക്കെതിരെ അച്ഛന്‍ നടത്തുന്ന നീക്കത്തെയും ചിത്രം വരച്ചുകാണിക്കുന്നു.

മകളുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് കീറിയ ബനിയനും വള്ളിനിക്കറും ധരിച്ചാണ് അച്ഛന്‍ എത്തുന്നത്. ഇത് ചോദ്യം ചെയ്ത മകളോട് ‘ഇങ്ങനെയുള്ള ഡ്രസ് ധരിക്കണമെന്നത് എന്റെ ചോയ്‌സാണ്’ എന്നാണ് അച്ഛന്റെ ഹീറോയിക് ഡയലോഗ്. 2026ലും ഇത്രയും പിന്തിരിപ്പനായിട്ടുള്ള ഡയലോഗുകള്‍ എഴുതാന്‍ സംവിധായകന് എങ്ങനെ സാധിക്കുന്നു എന്നാണ് പലരും ചോദിക്കുന്നത്.

ഹോട്‌സ്‌പോട് 2 മച്ച് Photo: Screen grab/ Saregama Tamil

സ്ത്രീകള്‍ക്കെതിരെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം അവരുടെ വസ്ത്രധാരണമാണെന്ന ഡയലോഗ് സിനിമകളില്‍ ഇത് ആദ്യമായല്ല. തമിഴ് ചിത്രം ശിവകാശിയില്‍ വിജയ് ഇത്തരത്തിലൊരു ഡയലോഗ് പറയുന്നുണ്ട്. എന്നാല്‍ കാലത്തിനനുസരിച്ച് അതില്‍ മാറ്റം വരുത്താനും വിജയ് ശ്രദ്ധിച്ചു. സ്ത്രീകളുടെ വസ്ത്രധാരണം കാരണമാണ് അവര്‍ക്കെതിരെ അതിക്രമം നടക്കുന്നത് എന്ന് പറയുന്നവരെ മാസ്റ്ററില്‍ വിജയ് വിമര്‍ശിക്കുന്നുണ്ട്.

സൂപ്പര്‍താരങ്ങള്‍ പോലും ഇത്തരം പുരോഗമനപരമായ ഡയലോഗുകള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ ഇത്തരം സിനിമകള്‍ വീണ്ടും സമൂഹത്തെ പിന്നോട്ടടിക്കുകയാണ്. കഴിഞ്ഞവര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ആണ്‍ പാവം പൊല്ലാതാത് ഇത്തരമൊരു പിന്തിരിപ്പന്‍ ആശയം പങ്കുവെക്കുന്ന ഒന്നായിരുന്നു. സ്ലീവ്‌ലെസ് സാരി ധരിച്ചെത്തുന്ന നായികയെ നായകന്‍ വിമര്‍ശിക്കുന്ന രംഗം ചില സോ കോള്‍ഡ് പുരുഷകേസരികള്‍ ആഘോഷിച്ചിരുന്നു. ഈ ലിസ്റ്റിലെ അടുത്ത എന്‍ട്രിയാണ് ഹോട്‌സ്‌പോട് 2 മച്ച്.

Content Highlight: Misogynistic dialogue in Hotspot 2 movie getting criticisms

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more