| Monday, 12th October 2020, 10:00 pm

സ്ത്രീകളെ അംഗീകരിക്കാന്‍ സാധിക്കാത്ത പുരുഷാധിപത്യ ചിന്തയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെന്ന് ഖുശ്ബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതികരണവുമായി ഖുശ്ബു സുന്ദര്‍.

കോണ്‍ഗ്രസിലുള്ള ആളുകള്‍ സ്ത്രീവിദ്വേഷികളും പുരുഷാധിപത്യ ചിന്തയില്‍ കഴിയുന്നവരുമാണെന്ന് ഖുശ്ബു പറഞ്ഞു. പാര്‍ട്ടിയില്‍ കാര്യങ്ങള്‍ നല്ല രീതിയിലല്ല നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസിനൊപ്പം താന്‍ ആറ് വര്‍ഷക്കാലം രാവും പകലും ഉണ്ടായിരുന്നെന്നും പാര്‍ട്ടി എടുത്ത എല്ലാ തീരുമാനങ്ങള്‍ക്കൊപ്പവും താന്‍ നിന്നിരുന്നെന്നും ഖുശ്ബു പറഞ്ഞു.

എന്നാല്‍ തങ്ങളെക്കാളും വിജയകരമായി പ്രവര്‍ത്തിക്കുന്ന പണം കൊടുക്കാതെ തന്നെ ആള്‍ക്കൂട്ടത്തെ യോഗങ്ങളിലെത്തിക്കാന്‍ സാധിക്കുന്ന ഒരു സ്ത്രീയെ അംഗീകരിക്കാന്‍ പുരുഷാധിപത്യ ചിന്തയില്‍ കഴിയുന്ന പാര്‍ട്ടിക്കകത്തെ ആളുകള്‍ക്ക് കഴിഞ്ഞില്ലെന്ന് അവര്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ തന്നെ പരിഹസിച്ച് സംസാരിച്ച തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു ഖുശ്ബുവിന്റെ വിമര്‍ശനം. തങ്ങള്‍ ഖുശ്ബുവിനെ ഒരിക്കലും കോണ്‍ഗ്രസ് നേതാവായി കണ്ടിട്ടില്ലെന്നും ഒരു നടിയായി മാത്രമേ കണ്ടിരുന്നുള്ളൂവെന്നുമായിരുന്നു നേതാവിന്റെ പരാമര്‍ശം.

ഇത്തരത്തിലുള്ള പ്രസ്താവന പാര്‍ട്ടിയെ നയിക്കാന്‍ തെരഞ്ഞെടുത്ത ആളുകളുടെ സ്ത്രീവിരുദ്ധ, പുരുഷാധിപത്യ മനോഭാവമാണ് വ്യക്തമാക്കുന്നതെന്ന് ഖുശ്ബു പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ നടി ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ബി.ജെ.പി വക്താവ് സംപിത് പത്രയുള്‍പ്പടെ പങ്കെടുത്ത ചടങ്ങിലായിരുന്നു ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മറ്റു ബി.ജെ.പി നേതാക്കളും സന്നിഹിതരായിരുന്നു.

രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരാളെ ആവശ്യമാണെന്ന് താന്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നായിരുന്നു ബി.ജെ.പി അംഗത്വം എടുത്തതിന് പിന്നാലെ ഖുശ്ബു പറഞ്ഞത്.

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയക്കുകയായിരുന്നു. ഇതിന് പിന്നാലെ ഖുശ്ബുവിനെ പാര്‍ട്ടി പദവിയില്‍ നിന്ന് കോണ്‍ഗ്രസ് നീക്കിയിരുന്നു.

എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്നാണ് പാര്‍ട്ടി ഖുശ്ബുവിനെ പുറത്താക്കിയത്. ഖുശ്ബുവിനെ സ്ഥാനത്ത് നിന്ന് നീക്കുന്നതായി എ.ഐ.സി.സിക്ക് വേണ്ടി കമ്മ്യൂണിക്കേഷന്‍സ് സെക്രട്ടറി പ്രണവ് ഝായാണ് അറിയിച്ചത്.

പാര്‍ട്ടിയുമായി യോജിച്ച് പോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്. പാര്‍ട്ടിയില്‍ തനിക്ക് അര്‍ഹമായ പരിഗണനയോ സ്ഥാനമാനങ്ങളോ കിട്ടുന്നില്ലെന്ന് കത്തില്‍ ഖുശ്ബു പറയുന്നുണ്ട്.

2014 ലെ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി തോല്‍വി നേരിട്ട ഘട്ടത്തിലാണ് ഞാന്‍ കോണ്‍ഗ്രസിലെത്തിയത്. പണമോ സ്ഥാനമോ മോഹിച്ചല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്. എന്നാല്‍ ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നേതാക്കള്‍ തലപ്പത്തിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുകയും എന്നെപ്പോലുള്ളവരെ തഴയുകയുമാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. കോണ്‍ഗ്രസില്‍ എനിക്ക് അംഗത്വം നല്‍കിയതിനും രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിലും രാഹുല്‍ ഗാന്ധിയോട് നന്ദി പറയുന്നു. നിങ്ങളോടുള്ള ബഹുമാനം എനിക്കെന്നുമുണ്ടാകും’, കത്തില്‍ ഖുശ്ബു പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Misogynist, Patriarchal Mindset Of People In Congress: Khushbu Sundar

Latest Stories

We use cookies to give you the best possible experience. Learn more