| Monday, 7th July 2025, 1:56 pm

പൊലീസിൽ നിന്നും ദുരനുഭവം, സ്റ്റേഷനിൽ തടഞ്ഞുവെച്ചത് ഒരുമണിക്കൂറിലേറെ; ഇയ്യ വളപട്ടണം സുഹൃത്തുക്കൾക്കയച്ച കത്ത് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂർ: പ്രശസ്ത എഴുത്തുകാരൻ ഇയ്യ വളപട്ടണത്തിന് പൊലീസിൽ നിന്നും ദുരനുഭവം. തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഇയ്യ വളപട്ടണം തന്റെ സുഹൃത്തുക്കൾക്ക് അയച്ച കത്ത് സുഹൃത്തുക്കളിലൊരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്.

നടക്കാൻ ബുദ്ധിമുട്ടായ ഒരാളെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കാൻ ശ്രമിക്കവെയായിരുന്നു അദ്ദേഹത്തിന് പൊലീസിൽ നിന്നും ദുരനുഭവം ഉണ്ടായത്. റോഡ് മുറിച്ച് കടക്കാൻ സഹായിക്കാൻ ശ്രമിക്കവേ വാഹങ്ങൾ ഒന്നും നിർത്താത്തത് കണ്ട അദ്ദേഹം മുന്നിൽ കണ്ട പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു. എന്നാൽ പൊലീസുകാരൻ ട്രാഫിക്ക് നിയന്ത്രിക്കാനല്ല ഗവർണറുടെ യാത്ര സുരക്ഷിതമാക്കാൻ നിൽക്കുകയായിരുന്നു എന്നത് അദ്ദേഹത്തിന് അറിയില്ലായിരുന്നു. പിന്നാലെ പോലീസ് അദ്ദേഹത്തെ ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ഒരുമണിക്കൂറിലധികം അദ്ദേഹത്തെ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് ഏതാനും സുഹൃത്തുക്കളെ വിളിക്കാൻ സാധിച്ചെന്നും അവർ ഉള്ളതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.

എന്റെ പൊലീസ് സുഹൃത്തുക്കൾക്ക് വളരെ സങ്കടത്തോടെയും വേദനയോടെയുമാണ് ഈ കുറിപ്പ് എഴുതുന്നത്. ഇന്നലെ രാത്രി ഉറങ്ങിയില്ല. കണ്ണടക്കുമ്പോൾ എന്നെ മാനസീകമായി ക്രൂശിച്ച പോലീസുകാരുടെ മുഖം മനസ്സിൽ വരുന്നു. പിന്നെ ഉറക്കം വന്നില്ല. അവരുടെ രൂക്ഷമായ, മനസ്സിനെ മുറിപ്പെടുത്തുന്ന സംസാരം ചെവിയിൽ കേൾക്കുന്നു. പിന്നെങ്ങനെ എനിക്ക് ഉറങ്ങാൻ കഴിയും,’ അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.

ഈ കുറിപ്പ് തനിക്ക് എഫ്.ബിയിൽ പോസ്റ്റ്‌ ചെയ്യാം. എന്നാൽ പൊലീസുകാരിൽ നിന്നുള്ള അനുഭവം എഫ്.ബിയിൽ എഴുതിയാൽ അത് സർക്കാരിനെതിരെയും മൊത്തം പൊലീസ് സേനക്ക് എതിരെയുമാക്കി മാറ്റാൻ അധികം സമയം വേണ്ട എന്നറിയുന്നതുകൊണ്ടാണ് ഇങ്ങനെ തന്റെ പൊലീസ് സുഹൃത്തുക്കൾക്ക് മാത്രമായി എഴുതുന്നതെന്നും കുറിപ്പിൽ പറയുന്നുണ്ട്.

‘ഇവിടത്തെ സിസ്റ്റം എത്ര നന്നാക്കാൻ ശ്രമിച്ചാലും നന്നാകാൻ വിടില്ല എന്ന് തീരുമാനിക്കുന്ന ഒരു വിഭാഗം പൊലീസുകാരുണ്ട്. ഞാൻ പറയുന്നത് കേൾക്കാനുള്ള സന്മനസ് പോലും പൊലീസുകാർ കാണിച്ചില്ല. ഒരു മനുഷ്യനോട് പോലും കടുപ്പിച്ച് സംസാരിക്കാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് എസ്.ഐ. ടെസ്റ്റ്‌ എഴുതാതെ മടങ്ങി വന്ന ഒരാളാണ് ഞാനെന്ന കാര്യം നിങ്ങൾക്ക് അറിയാവുന്നതാണല്ലോ.

നടക്കാൻ ബുദ്ധിമുട്ടായ ഒരാളെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കാൻ പോയതാണ്. ഒരു വാഹനം പോലും റോഡ് മുറിച്ച് കടക്കാൻ അനുവദിക്കുന്നില്ല. അക്കാര്യം മുന്നിൽ നിൽക്കുന്ന പൊലീസുകാരനോട് പറഞ്ഞതാണ് പ്രശ്നം. എന്നാൽ പൊലീസുകാരൻ ട്രാഫിക്ക് നിയന്ത്രിക്കാനല്ല ഗവർണറുടെ യാത്ര സുരക്ഷിതമാക്കാൻ നിൽക്കുന്നതായിരുന്നുവെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു.
അനീതി കണ്ടാൽ ചോദിക്കണം എന്നായിരുന്നു അന്നും ഇന്നും മനസിലുള്ളത്. അപ്പോഴേക്കും എസ്.ഐ വന്നുപിടിച്ച് തള്ളി ജീപ്പിൽ കയറ്റി.

എന്നെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോകുമ്പോൾ തന്നെ പോലീസ് ഡ്രൈവറും എസ്.ഐയും പറഞ്ഞത് നിന്നെ റിമാന്റ് ആക്കി അറുപത് ദിവസം കിടത്തും എന്നാലേ നീയൊക്കെ പഠിക്കൂ എന്നാണ്. സ്റ്റേഷനിൽ എത്തിയപ്പോൾ കൈയിലെ മൊബൈലും പീടികയുടെ താക്കോലും വാങ്ങി വെച്ചു. അഡ്രസ് പറഞ്ഞുകൊടുത്തപ്പോൾ ആധാർ ചോദിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോൾ കൈയിൽ കൊണ്ടുനടന്നില്ലെങ്കിൽ വേറെയും കേസ് ഉണ്ടാകും എന്നറിയുമോ എന്നുള്ള സ്റ്റേഷനിലെ റിസപ്ഷനിൽ ഇരിക്കുന്ന പൊലീസുകാരന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. ഇങ്ങനെയൊക്കെ നിയമം ഉണ്ട് എന്നു ആദ്യമായിട്ടാണ് കേൾക്കുന്നത്….

ഒരു മിനുട്ട് ഫോൺ കിട്ടിയത് കൊണ്ട് രക്ഷപ്പെട്ടു. അതുകൊണ്ട് എന്റെ ചങ്ങാതിയെ വിളിക്കാൻ കഴിഞ്ഞു. അല്ലെങ്കിൽ അവർ എന്നെ പല വകുപ്പുകൾ ചാർത്തി കിടത്തുമായിരുന്നു. എനിക്കായി വിളിച്ചവരോടൊക്കെ ഞാൻ മദ്യപിച്ചു എന്നാണ് പൊലീസുകാർ പറഞ്ഞത്. ജീവിതത്തിൽ ഇതുവരെ മദ്യപിക്കാത്ത എന്നെ പൊലീസുകാർ മദ്യപാനിയാക്കി ചിത്രീകരിച്ചു. പട്ടിയെ പേപ്പട്ടിയാക്കി അടിച്ചു കൊല്ലുക എന്നതാണ് ആ പൊലീസുകാരുടെ തന്ത്രം,’ അദ്ദേഹം കുറിച്ചു.

രാജേഷ് പൊലീസ് സി.പി.ഐ.എം ലോക്കൽ സെക്രട്ടറി ഷക്കീൽ, ബിജു പൊലീസ്, രത്നകുമാർ സാർ, രമേശൻ വെള്ളോറ, വളപട്ടണം സി. ഐ എന്നിവർ ഉള്ളതുകൊണ്ട് മാത്രമാണ് മദ്യപാനകുറ്റത്തിൽ നിന്നും താൻ രക്ഷപ്പെട്ടതെന്നും അവരോട് തന്റെ സ്നേഹം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എനിക്ക് കുറെ പൊലീസ് സുഹൃത്തുക്കളുണ്ട്. ബിജു പൊലീസും സുജിത്തും, സാദിർ തലപ്പുഴയും, സുരേഷ് ഇ.പിയും രത്നകുമാർ സാറും സദാനന്ദൻ സാറും, രാജേഷ് പൊലീസും, ചരിത്രകാരൻ ബാബുവും രമേശൻ വെള്ളോറയും ഒക്കെ നല്ലവരായ പൊലീസുകാർ ആയിരുന്നു. അവർ എന്നോടും ഞാൻ അവരോടും സ്നേഹത്തോടെ, കാരുണ്യത്തോടെ എന്നും സംസാരിച്ചിരുന്നു. ഞാൻ മദ്യപിക്കാറില്ല എന്ന് അവർക്കെല്ലാവർക്കും അറിയാം.

എന്നിട്ടും എന്നെ പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നെ മദ്യപാനിയാക്കിയത് എന്തിനാണെന്ന് മനസിലായില്ല. എനിക്ക് വല്ലാതെ പേടി തോന്നിയത് ജയിലിൽ കിടക്കുന്നതിനെ കുറിച്ച് ആലോചിട്ട് ആയിരുന്നില്ല. സ്റ്റേഷനിലുള്ള പൊലീസുകാരൊക്കെ ഒരു കൊലപാതകിയോട് പെരുമാറുന്നത് പോലെ അത്രക്ക് രൂക്ഷമായിട്ടാണ് പെരുമാറിയത്. എനിക്ക് ആ പൊലീസുകാരോട് ദേഷ്യമില്ല തോന്നിയത്. സങ്കടമാണ്. ഇങ്ങനെയുള്ളവരിൽ നിന്നും എന്ത് നീതി നിർവഹവണമാണ് സമൂഹത്തിനു ലഭിക്കുക,’ അദ്ദേഹം ചോദിച്ചു.

Content Highlight: Misfortune at the police station, detained for over an hour; Iyya Valapattanam’s letter to friends is out

We use cookies to give you the best possible experience. Learn more