| Friday, 21st August 2026, 2:38 pm

'മിസ' നാടകം വീണ്ടും പ്രദർശിപ്പിക്കും; വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടിക്ക് ഡി.വൈ.എഫ്.ഐ

കെ.എസ് ഷാബിന

തൃശൂർ: സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച ‘മിസ’എന്ന നാടകം വീണ്ടും പ്രദർശിപ്പിക്കാൻ ഒരുങ്ങി ഡി.വൈ.എഫ്.ഐ. നാടകത്തിലെ ദൃശ്യങ്ങൾ വെട്ടിമാറ്റിയും മറ്റ് പാട്ടുകൾ ചേർത്ത് വക്രീകരിച്ചും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും സെക്രട്ടറി വി.കെ. സനോജും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാടകം 22 ന് പൊതുസമ്മേളന വേദിയിൽ തന്നെ വീണ്ടും പ്രദർശിപ്പിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

നാടകത്തിനെതിരെയുള്ള അപവാദ പ്രചാരണങ്ങൾക്ക് പിന്നിൽ കോൺഗ്രസ്, ബിജെപി, മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും സെക്രട്ടറി വി.കെ. സനോജും ആരോപിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പീഡനങ്ങൾക്കിരയായി രക്തസാക്ഷിത്വം വരിച്ച നടി സ്നേഹലത റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘മിസ’ ഒരുക്കിയിരിക്കുന്നത്. നാടകത്തെ സദാചാരക്കണ്ണുകളോടെ വ്യാഖ്യാനിച്ച് അപമാനിക്കാനാണ് പ്രതിപക്ഷ സംഘടനകൾ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.

രക്തദാനവും പൊതിച്ചോറ് വിതരണവും പോലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും, നീറ്റ് പ്രവേശന പരീക്ഷയിലെ ക്രമക്കേടുകൾക്കും തൊഴില്ലായ്മയ്ക്കുമെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ ശക്തമായ പോരാട്ടങ്ങളും വാർത്തയാക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. പകരം ഇത്തരം കെട്ടിച്ചമച്ച വിവാദങ്ങൾ പ്രചരിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. പുസ്തകങ്ങൾ വായിക്കുകയും കലയെ സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രിപോലും ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

അതിനിടെ, നാടകം അനുമതിയില്ലാതെ ചിത്രീകരിച്ച് വ്യാജ പ്രചാരണം നടത്തിയതിനെതിരെ നാടകസംഘമായ ‘ചിലങ്ക ഫ്ലോട്ടിങ് തിയേറ്റർ’ പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു. സംഭവത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും നാടകത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടി ചിന്നു ചിലങ്ക പ്രതികരിച്ചു.

Content Highlight: ‘Misa’ play to be staged again; DYFI to take legal action against fake propaganda

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more