| Monday, 26th October 2026, 11:30 pm

രജിനി സാറിനെ കണ്ടാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ലെന്നാണ് ഹൃത്വിക് റോഷന്‍ പറഞ്ഞത്, ഇത് നമുക്ക് മാത്രമല്ലെന്ന് അപ്പോള്‍ മനസിലായി: മിര്‍ണ

അശ്വിന്‍ രാജേന്ദ്രന്‍

700 കോടിയും പിന്നിട്ട് ബോക്‌സ് ഓഫീസില്‍ വമ്പന്‍ കുതിപ്പ് തുടരുകയാണ് നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ 2. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനെ അര്‍ത്ഥവത്താക്കിക്കൊണ്ടായിരുന്നു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ആദ്യഭാഗം പോലെ തന്നെ തിയേറ്ററില്‍ ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും നെല്‍സണ്‍ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. പ്രീ സെയിലിലൂടെ തന്നെ വലിയ കളക്ഷന്‍ ചിത്രം സ്വന്തമാക്കിയിരുന്നു.

ജയിലര്‍ 2. Photo: X.com

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, സുനില്‍ സുഖദ, അന്ന രാജന്‍, ഹക്കീം ഷാ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ വേഷമിട്ടിരുന്നു. ആദ്യഭാഗം മുതല്‍ തന്നെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു മലയാളിയായ മിര്‍ണ മേനോന്‍ അവതരിപ്പിച്ച ശ്വേതാ പാണ്ഡ്യന്‍. രജിനികാന്ത് അവതരിപ്പിച്ച മുത്തുവേല്‍ പാണ്ഡ്യന്റെ മരുമകളായാണ് താരം ചിത്രത്തില്‍ വേഷമിട്ടത്.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ ഹൃത്വിക് റോഷനെ കുറിച്ച് സംസാരിക്കുകയാണ് താരം. ചിത്രത്തില്‍ റോഡി എന്ന സര്‍പ്രൈസ് കാമിയോ ആയി എത്തിയത് ബോളിവുഡ് ഭീമനായ ഹൃത്വിക് ആയിരുന്നു. താരത്തിന്റെ സീനുകള്‍ക്ക് വലിയ സ്വീകാര്യതയായിരുന്നു തിയേറ്ററുകളില്‍ ലഭിച്ചത്. ഷൂട്ടിന്റെ സമയത്ത് രജിനികാന്തിനെ കണ്ടപ്പോഴുണ്ടായ ഹൃത്വിക്കിന്റെ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് മിര്‍ണ.

‘ഹൃത്വിക് റോഷനെ കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമായി. ഒരു കൂളായ മനുഷ്യനാണ് അദ്ദേഹം. ശരിക്കും രജിനി സാറിനൊപ്പം വര്‍ക്ക് ചെയ്യുന്നതില്‍ അദ്ദേഹം ഭയങ്കര എക്‌സൈറ്റഡായിരുന്നു. ആദ്യമായി എല്ലാവരെയും നെല്‍സണ്‍ സാര്‍ ഇന്‍ട്രൊഡ്യൂസ് ചെയ്ത് തന്നിരുന്നു. അതെല്ലാം കഴിഞ്ഞ് കറങ്ങിതിരിഞ്ഞ് പുള്ളിയുടെ അടുത്ത് ഞാന്‍ വീണ്ടും എത്തിയപ്പോള്‍ ഹൃത്വിക് സാര്‍ വീണ്ടും എന്നെ പരിചയപ്പെട്ടു.

മിര്‍ണ. Photo: X.com

മൂന്നാമത്തെ പ്രവിശ്യം വീണ്ടും പരിചയപ്പെടാന്‍ വന്നപ്പോള്‍ ഞാന്‍ സാറിനോട് നമ്മള്‍ ഇതിന് മുമ്പ് പരിചയപ്പെട്ടതാണെന്ന് പറഞ്ഞു. സോറി മിര്‍ണ രജിനി സാര്‍ ഉള്ളപ്പോള്‍ എന്താണ് നടക്കുന്നതെന്ന് എനിക്ക് പറയാന്‍ പറ്റുന്നില്ല, എനിക്ക് എക്‌സൈറ്റ്‌മെന്റ് കൊണ്ട് കണ്ണ് കാണാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴാണ് എനിക്ക് മനസിലായത് രജിനി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും ഇങ്ങനെ തന്നെയാണ് എന്ന്,’ മിര്‍ണ പറഞ്ഞു.

Content Highlight: Mirna talks about her experience in Jailer 2 with Hrithik Roshan and Rajinikanth

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more