| Tuesday, 20th October 2026, 9:55 pm

മലയാളി ടെക്‌നീഷ്യന്‍സിന് പ്രത്യേക മാര്‍ക്കറ്റും റെസ്‌പെക്ടുമുണ്ട്, എ ഗ്രേഡ് ക്വാളിറ്റിയാണ്: മിര്‍ണ മേനോന്‍

അശ്വിന്‍ രാജേന്ദ്രന്‍

ഒരു മലയാള ചിത്രമെന്ന പോലെ മലയാളികള്‍ ഏറ്റെടുത്ത ചിത്രമാണ് നെല്‍സണ്‍ സംവിധാനം ചെയ്ത് രജിനികാന്ത് നായകനായെത്തിയ ജയിലര്‍ 2. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനെ അര്‍ത്ഥവത്താക്കിക്കൊണ്ടായിരുന്നു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ആദ്യഭാഗം പോലെ തന്നെ തിയേറ്ററില്‍ ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും നെല്‍സണ്‍ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. പ്രീ സെയിലിലൂടെ തന്നെ വലിയ കളക്ഷന്‍ ചിത്രം സ്വന്തമാക്കിയിരുന്നു.

ജയിലര്‍ 2, മിര്‍ണ മേനോന്‍. Photo: X.com

റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ചിത്രം അഞ്ഞൂറ് കോടിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ ഒട്ടനവധി മലയാളി അഭിനേതാക്കളും വേഷമിട്ടിരുന്നു. രജനികാന്തിന്റെ നായക കഥാപാത്രത്തിന്റെ മരുമകളായി വേഷമിട്ട മിര്‍ണ മേനോനും കൈയടി വാങ്ങിയിരുന്നു.

ജയിലര്‍ 2ന്റെ വന്‍ വിജയത്തിന് പിന്നാലെ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മലയാളി അഭിനേതാക്കളെ കുറിച്ചും മലയാളി ടെക്‌നീഷ്യന്‍സിനെ കുറിച്ചും മിര്‍ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തില്‍ നിന്നുമുള്ള ടെക്‌നീഷ്യന്‍സിന് അന്യഭാഷയില്‍ കിട്ടുന്ന ബഹുമാനത്തെയും മാര്‍ക്കറ്റിനെയും കുറിച്ചാണ് താരം സംസാരിച്ചത്.

‘ഞാന്‍ തമിഴില്‍ നിന്നുമാണ് എന്റെ കരിയര്‍ ആരംഭിച്ചിട്ടുള്ളത്. മലയാളത്തില്‍ ഞാന്‍ ഒരു ചിത്രം മാത്രമാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ എന്നെ ഒരു തമിഴ് നടിയായിട്ടാണ് ഞാന്‍ കാണുന്നത്. മലയാളത്തിലേക്ക് വരുമ്പോള്‍ ഗസ്റ്റ് അപ്പിയറന്‍സായാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ എനിക്ക് കൂടുതല്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്നത് തമിഴ് ഇന്‍ഡസ്ട്രിയോടും തമിഴ് ഓഡിയന്‍സിനോടുമാണ്.

രണ്ട് ഇന്‍ഡസ്ട്രിയും തമ്മിലുള്ള വ്യത്യാസം എന്ന് പറയുന്നത് അതിന്റെ ഭാഷ മാത്രമാണ്. ബാക്കി വര്‍ക്കിങ് സ്റ്റൈല്‍ എല്ലാം ഒരുപോലെയാണ്. മലയാളത്തിലേക്ക് വരുമ്പോള്‍ നമ്മുടെ ആഗ്രഹത്തിനനുസരിച്ചുള്ള കഥാപാത്രം നമുക്ക് ഇവിടെ ചെയ്യാന്‍ സാധിക്കും. നിങ്ങളൊരു മലയാളി ആര്‍ടിസറ്റായി എന്നുള്ളത് ഭാഗ്യമാണ്. ടെക്‌നീഷ്യന്‍സിന്റെ കാര്യവും അങ്ങനെയാണ്. മലയാളം ഇന്‍സ്ട്രിയിലുള്ള ഏത് ടെക്‌നീഷ്യനാണെങ്കിലും അവര്‍ക്ക് പുറത്ത് ഒരു മാര്‍ക്കറ്റുണ്ട് അതുപോലെ പ്രത്യേക റെസ്‌പെക്ടും കിട്ടും. അതൊരു എ ഗ്രേഡ് ക്വാളിറ്റിയാണ്.

ജയിലര്‍ 2. Photo: X.com

ഹൈദരാബാദില്‍ നമ്മള്‍ ഷൂട്ടിന് പോയാല്‍ ഞാന്‍ കേരളത്തില്‍ നിന്നുമാണ് വരുന്നതെന്ന് പറഞ്ഞാല്‍ മതി. നമ്മള്‍ നന്നായി അഭിനയിക്കും എന്ന കാര്യം അവര്‍ക്ക് ഉറപ്പാണ്. അങ്ങനെയൊരു ക്രെഡിറ്റ് നമ്മുടെ ഇന്‍ഡസ്ട്രിയിലുള്ള ആളുകള്‍ നമുക്ക് ഉണ്ടാക്കി തന്നിട്ടുണ്ട്,’ മിര്‍ണ പറഞ്ഞു.

Content Highlight: Mirna Menon talks about technicians and actors from Kerala

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more