| Wednesday, 28th October 2026, 6:29 am

ആ ക്യാരക്ടറിന് മലയാളിത്തമുള്ളൊരു ആൾ വേണമായിരുന്നു; അതിൽ എന്റെ കഥാപാത്രത്തിന്റെ ആർക് കംപ്ലീറ്റായ പോലെ തോന്നി: മിർണ മേനോൻ

അനുപമ കെ. സീത

റിലീസ് ചെയ്ത് രണ്ടാം വാരത്തിലെത്തുമ്പോഴും തലൈവരുടെ ആട്ടമാണ് തിയേറ്ററുകളിൽ കത്തി നിൽക്കുന്നത്‌. പന്ത്രണ്ട് ദിവസത്തിനുള്ളിൽ തന്നെ ആഗോള തലത്തിൽ 733 കോടിയോളം കളക്ഷൻ സ്വന്തമാക്കാൻ നെൽസണിന്റെ ജയിലർ 2ന് സാധിച്ചു. ഇതിലൂടെ തമിഴ് ഇൻഡസ്ട്രിയിലെ എക്കാലത്തെയും റെക്കോഡാണ് തകർന്ന് വീണത്. റിലീസിന് പിന്നാലെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ പ്രകടനം മുതൽ ചെറിയ സ്‌ക്രീൻ സ്പേസുള്ള ആക്ടേഴ്‌സിന്റെ പ്രകടനം വരെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

സിനിമയ്ക്ക് വേണ്ടി അനിരുദ്ധ് ഒരുക്കിയ പാട്ടുകളും ബി.ജി.എമ്മും ഉൾപ്പടെ രണ്ട് ഡാൻസ് പെർഫോമൻസും വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. സിനിമയുടെ ആദ്യ ഭാഗത്തിൽ നടി തമന്നയുടെ ‘കാവാല’യായിരുന്നുവെങ്കിൽ രണ്ടാം ഭാഗത്തിൽ ഷംന കാസിമിന്റെ ‘അല ബോലേലോ’ ആയിരുന്നു തരംഗം സൃഷ്ടിച്ചത്. ജാനി മാസ്റ്റർ കൊറിയോഗ്രാഫി ചെയ്ത ഗാനത്തിൽ ഷംന കാസിമിന്റെ നൃത്തചുവടുകളായിരുന്നു പ്രധാന ആകർഷണം.

ചിത്രത്തിൽ രജനികാന്തിന്റെ മരുമകളായിട്ടായിരുന്നു നടി മിർണ മേനോൻ വേഷമിട്ടത്. ദി ക്യൂ സ്റ്റുഡിയോയിൽ നടിയും നർത്തകിയുമായ ഷംന കാസിമിന്റെ ഡാൻസിനെ പറ്റിയും തന്റെ കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു താരം.

ജയിലർ 2.രജിനികാന്ത്.മിർണ. Photo. IMDb. Screen Grab/ Youtube.com

‘ആ ക്യാരക്ടറിന് നമുക്കൊരു മലയാളിത്തം ഉള്ളൊരു ഫീലുള്ള ആൾ വേണമായിരുന്നു. അവരുടെ കണ്ണ് ഭയങ്കര എക്സ്പ്രെസീവാണ്. അവരതിന് പെർഫെക്ടാണ്, അവരത് ഗംഭീരമായ് ചെയ്യുകയും ചെയ്തു. ആ പാട്ടിനെ പറ്റി അനിയോട് ചോദിച്ചപ്പോൾ ജിബ്രിഷാണ്, മലയാളം പോലെയെന്നാണ് പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു ഒരു ഡിക്ഷണറിയിലും അങ്ങനെയൊരു വാക്കും ഇല്ല എടാ മോനെ മാത്രമേ ഉള്ളൂവെന്ന്,’ മിർണ പറഞ്ഞു.

ജയിലർ 1ൽ തനിക്കൊന്നും പറയാനും ചെയ്യാനും ഉണ്ടായിരുന്നില്ലെന്നും വെറുതെ സ്‌ക്രീനിൽ പ്രസന്റാവുക മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും താരം കൂട്ടിച്ചേർത്തു. ജയിലർ 2ലാണ് തന്റെ കഥാപാത്രത്തിനൊരു പൂർണത വന്നതെന്നാണ് നടി പറയുന്നത്.

‘രണ്ടാമത്തെ ഭാഗത്തേക്ക് വന്നപ്പോൾ എന്റെ ക്യാരക്ടറിനൊരു ആർക് കംപ്ലീറ്റായ പോലെയാണ് എനിക്ക് തോന്നിയത്. ജയിലർ 2ന്റെ സെറ്റിൽ ഞാൻ സാറിനെ മീറ്റ് ചെയ്തപ്പോൾ സാർ പറഞ്ഞിരുന്നു ഇത്തവണ എനിക്ക് കുറച്ച് പെർഫോം ചെയ്യാനുണ്ടെന്ന്. അസോസിയേറ്റ് ഡയറക്ടറും തനിക്ക് കൂടുതൽ സീനുകളും ബ്ലോക്കുകളും ചെയ്യാനുണ്ടെന്നും പെർഫോം ചെയ്യുമ്പോൾ അത് എനിക്ക് മനസിലാവുമെന്നും പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ ഞാൻ ഭയങ്കര എക്സൈറ്റഡായി,’ മിർണ പറഞ്ഞു.

Content Highlight: Mirna Menon stated that they had needed someone with a traditional Malayali look for that character, and added that she felt the arc of her character was completed in it.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more