തലൈവരുടെ മാസ് പെരുന്നാളിന് ഇനി വെറും മണിക്കൂറുകള് മാത്രം. മൂന്ന് വര്ഷം മുമ്പ് ടൈഗര് മുത്തുവേല് പാണ്ഡ്യന് തുടങ്ങിവെച്ച വേട്ടയുടെ തുടര്ച്ച കാണാന് കാത്തിരിക്കുകയാണ് സിനിമാപ്രേമികള്. അനൗണ്സ്മെന്റ് മുതല് ഹൈപ്പിന്റെ കൊടുമുടിയില് നില്ക്കുന്ന ജയിലര് 2 ബോക്സ് ഓഫീസില് ചരിത്രമെഴുതുമെന്ന് ഉറപ്പാണ്.
വമ്പന് താരനിര അണിനിരക്കുന്ന ചിത്രത്തില് മലയാളി താരങ്ങളുടെ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്. രജിനികാന്തിനൊപ്പം നില്ക്കാനും എതിരെ നില്ക്കാനും മലയാളി താരങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. മോഹന്ലാല്, സുരാജ്, വെഞ്ഞാറമൂട്, കോട്ടയം നസീര്, ഹക്കിം ഷാ എന്നിവര്ക്കൊപ്പമുള്ള മറ്റൊരു മലയാളി സാന്നിധ്യമാണ് മിര്ണ മേനോന്.
മുത്തുവേല് പാണ്ഡ്യന്റെ മകന്റെ ഭാര്യയായാണ് മിര്ണ ആദ്യഭാഗത്തില് വേഷമിട്ടത്. രണ്ടാംഭാഗത്തിലും താരം ഭാഗമാണെന്ന് പുറത്തുവരുന്ന പ്രൊമോകള് സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ വിശേഷങ്ങള് പങ്കുവെക്കുകയാണ് മിര്ണ. രജിനികാന്തിനൊപ്പം ഒരിക്കല്കൂടി അഭിനയിക്കാനായത് വലിയ സന്തോഷം നല്കിയ കാര്യമാണെന്ന് മിര്ണ പറയുന്നു. ബിഹൈന്ഡ്വുഡ്സ് ടി.വിയോട് സംസാരിക്കുകയായിരുന്നു താരം.
‘രജിനി സാറുമായാണ് എനിക്ക് കോമ്പിനേഷനുണ്ടായിരുന്നത്. ഈ പടത്തില് വേറെയും സ്റ്റാര്സ് ഉണ്ടെന്ന് കേട്ടു. അവരെ ആരെയും കാണാന് സാധിച്ചില്ല. സത്യം പറഞ്ഞാല് അമ്മ എന്നെ വിളിച്ച് ചോദിക്കുമ്പോഴാണ് ഇവരൊക്കെ ഈ പടത്തിലുണ്ടെന്ന് അറിയുന്നത്. ഒരുദിവസം വിളിച്ചിട്ട് ‘വിജയ് സേതുപതിയും ഹൃതിക് റോഷനും ഈ സിനിമയില് ഉണ്ടെന്ന് കേട്ടല്ലോ? നിനക്ക് അവരുടെ കൂടെ ഷൂട്ട് ഉണ്ടോ’ എന്ന് ചോദിച്ചു. അപ്പോഴാണ് ഞാന് പോലും ഈ കാര്യം അറിയുന്നത്.
ഗസ്റ്റ് റോളില് കുറെ വലിയ ആര്ട്ടിസ്റ്റുകള് ഉണ്ടെന്ന് മാത്രമേ എനിക്ക് അറിയുള്ളൂ. അത് ആരൊക്കെയാണ്, എന്താണ് അവരുടെ റോള് എന്നൊന്നും എനിക്കറിയില്ല. അതൊക്കെ കാണാന് ഒക്ടോബര് 15 വരെ ഞാനും കാത്തിരിക്കണം. എന്റെ പോര്ഷനെക്കുറിച്ച് മാത്രമേ അറിവുള്ളൂ. എന്തായാലും വലിയ എക്സൈറ്റഡാണ്,’ മിര്ണ പറയുന്നു.
ആദ്യഭാഗത്തിലുണ്ടായിരുന്ന മോഹന്ലാല്, ശിവ രാജ്കുമാര്, ജാക്കി ഷ്റോഫ് എന്നിവര്ക്ക് പുറമെ വിജയ് സേതുപതി, ഹൃതിക് റോഷന് എന്നിവരും രണ്ടാം ഭാഗത്തില് അതിഥിവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇത്രയും താരങ്ങളെ നെല്സണ് എങ്ങനെ പ്രസന്റ് ചെയ്യുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പോസിറ്റീവ് റിപ്പോര്ട്ട് ലഭിച്ചാല് ബോക്സ് ഓഫീസിലെ റെക്കോഡുകളെല്ലാം തകരുമെന്ന് ഉറപ്പാണ്.
Content Highlight: Mirna Menon about the cameos in Jailer 2 movie