| Monday, 20th October 2025, 1:31 pm

ട്വിസ്റ്റോട് ട്വിസ്റ്റ്, ജീത്തു ജോസഫിന്റെ മോശം സിനിമ; ഒ.ടി.ടി റിലീസിന് പിന്നാലെ ട്രോള്‍ ഏറ്റുവാങ്ങി മിറാഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലിയെയും അപര്‍ണ ബാലമുരളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയ മിറാഷ് ഇന്നാണ് ഒ.ടി.ടിയില്‍ സ്ട്രീമിങ്ങ് ആരംഭിച്ചത്. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണം നേടിയ സിനിമയെ കുറിച്ച് പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഒ.ടി.ടി റിലീസിന് പിന്നാലെയും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയാണ് മിറാഷ്.

സിനിമയില്‍ ട്വിസ്റ്റ് കൂടുതലായി പോയെന്നുള്ള വിമര്‍ശനങ്ങള്‍ തന്നെയാണ് ഒ.ടി.ടി സ്ട്രീമിങ്ങ് ആരംഭിച്ചതിന് ശേഷവും കാണാന്‍ കഴിയുന്നത്. ചിത്രം കണ്ട് തലവേദന എടുത്തെന്നും ക്ഷീണിച്ച് അവശനായെന്നുമുള്ള കമന്റുകള്‍ പലരും എക്‌സില്‍ കുറിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ മേക്കിങ്ങിനെ ചൊല്ലിയും വിമര്‍ശനങ്ങളുണ്ട്. ജീത്തു ജോസഫിന്റെ ഏറ്റവും മോശം സിനിമയാണ് മിറാഷെന്നും വിഷ്വലുകളോ ചിത്രത്തിന്റെ എഡിറ്റിങ്ങോ ഒന്നും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ലെന്നുമുള്ള അഭിപ്രായങ്ങളുണ്ട്.

സിനിമയില്‍ അമിതമായി വരുന്ന ട്വിസ്റ്റുകള്‍ക്ക് ട്രോളുകള്‍ ലഭിക്കുന്നുണ്ട്. കുറേ ട്വിസ്റ്റുകള്‍ ഉണ്ടെന്നല്ലാതെ അവയ്ക്ക് യാതൊരു തരത്തിലുള്ള ഇംപാക്ടും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന അഭിപ്രായങ്ങളും ഉണ്ട്. കഥയ്ക്ക് പകരം ആദ്യം ട്വിസ്റ്റുകള്‍ എഴുതി പിന്നീട് ട്വിസ്റ്റുകള്‍ അവതരിപ്പിക്കാന്‍ ഒരു സ്‌ക്രിപ്റ്റ് എഴുതിയത് പോലെയാണ് തോന്നിയതെന്നും ചിലര്‍ അഭിപ്രായപെടുന്നു.

സോണി ലിവിലൂടെ ഇന്നാണ് സിനിമ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചത്. കൂമന് ശേഷം ആസിഫ് അലിയും ജീത്തുവും ഒന്നിച്ച ചിത്രമായിരുന്നു മിറാഷ്. ചിത്രത്തില്‍ ആസിഫിനും അപര്‍ണ ബാലമുരളിക്കും പുറമെ ഹന്ന റെജി കോശി, ഹക്കിം ഷാ, ദീപക് പറമ്പോല്‍, സമ്പത്ത് രാജ്, ശരവണന്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

ശ്രീനിവാസന്‍ അബ്രോളിനൊപ്പം ചേര്‍ന്ന് തിരക്കഥയെഴുതിയ സിനിമ നിര്‍മിച്ചത് ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സാണ്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയുടെ എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത് വിനായഖാണ്.

Content highlight: Mirage  receives trolls after OTT release 

We use cookies to give you the best possible experience. Learn more