ത്രില്ലര്‍ സിനിമകള്‍ക്ക് മലയാളത്തില്‍ പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച സംവിധായകനാണ് ജീത്തു ജോസഫ്. കണ്ടുശീലിച്ച കുറ്റാന്വേഷണ കഥകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു മെമ്മറീസ്. പിന്നാലെയെത്തിയ ദൃശ്യവും കൂടിയായപ്പോള്‍ ജീത്തുവിന്റെ റേഞ്ച് സിനിമാലോകത്തിന് മുമ്പില്‍ വ്യക്തമായി. ഏത് ത്രില്ലര്‍ ഇറങ്ങിയാലും ദൃശ്യം അല്ലെങ്കില്‍ മെമ്മറീസ് ലെവല്‍ ഉണ്ടോ എന്നായി ചോദ്യം.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം മിറാഷ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ത്രില്ലര്‍ ഴോണറിലൊരുങ്ങിയ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കായി ഒരു ലോഡ് ട്വിസ്റ്റാണ് സംവിധായകന്‍ ഒരുക്കിവെച്ചിട്ടുള്ളത്. സിനിമയുടെ പോരായ്മയും അതുതന്നെയാണ്. ഒന്നിന് പിന്നാലെ ഒന്നായി ഓരോ ട്വിസ്റ്റുകള്‍ വന്നുകൊണ്ടിരുന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരുഘട്ടത്തില്‍ മടുപ്പായി മാറി. ശ്രീനിവാസ് അബ്രോലിനൊപ്പം ജീത്തു ജോസഫും ചേര്‍ന്നൊരുക്കിയ തിരക്കഥ ഒരുഘട്ടത്തിലും പിടിച്ചിരുത്തിയില്ല.
ട്വിസ്റ്റുകളുടെ അതിപ്രസരത്തില്‍ ശരാശരിയിലും താഴെ അനുഭവം മാത്രം നല്‍കിക്കൊണ്ടിരുന്ന സിനിമയെ ശരാശരി നിലവാരത്തിലേക്കുയര്‍ത്തിയത് ക്ലൈമാക്‌സിലെ അപ്രതീക്ഷിത നീക്കമായിരുന്നു. ആ ഒരു ട്വിസ്റ്റില്ലായിരുന്നെങ്കില്‍ ജീത്തുവിന്റെ കരിയറിലെ മോശം സിനിമയായി മിറാഷ് മാറുമായിരുന്നെന്ന കാര്യത്തില്‍ സംശയമില്ല.
ചിത്രത്തിന്റെ പ്രൊമോഷന്‍ പോസ്റ്ററുകളില്‍ സൂചിപ്പിച്ചതുപോലെ പസില്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് കഥ മുന്നോട്ടുപോകുന്നത്. ഓരോ ഘട്ടത്തിലും കഥ പുതിയൊരു തലത്തിലേക്ക് പോകുമ്പോഴും അതെല്ലാം തണുപ്പന്‍ റിയാക്ഷനാണ് സമ്മാനിച്ചത്. വന്‍ ബില്‍ഡപ്പില്‍ അവതരിപ്പിച്ച ഇന്റര്‍വെല്‍ ട്വിസ്റ്റ് പോലും ആദ്യപകുതി അരമണിക്കൂറാകുമ്പോഴേക്ക് മനസില്‍ വന്ന കാര്യമായിരുന്നു.
ജീത്തു ജോസഫ് സിനിമകള്‍ക്ക് സ്ഥിരമായി കേള്‍ക്കുന്ന വിമര്‍ശനമാണ് തട്ടിക്കൂട്ട് മേക്കിങ്. ദൃശ്യം 2 പോലെ പാന്‍ ഇന്ത്യന്‍ ഹിറ്റായ ചിത്രത്തില്‍ പോലും ഈ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. മിറാഷിലും സ്ഥിതി വ്യത്യസ്തമല്ല. ഗ്രാഫിക്‌സിലുള്‍പ്പെടെ ഇത് വ്യക്തമായിരുന്നു. കഥയില്‍ പല കാര്യങ്ങളെയും ഫോഴ്‌സ്ഡായി ഉള്‍പ്പെടുത്തിയതായാണ് അനുഭവപ്പെട്ടത്.
ഒരു ട്രെയിന്‍ അപകടം കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അതില്‍ മരിച്ച കിരണ്‍ എന്ന വ്യക്തിയുടെ സാന്നിധ്യം അന്വേഷിച്ച് അയാളുടെ കാമുകി അഭിരാമി നടത്തുന്ന അന്വേഷണം കഥയെ മറ്റൊരു തലത്തിലെത്തിക്കുന്നു. പിന്നീട് അതിലേക്ക് വന്നുചേരുന്ന അരുണ്‍ എന്ന ഓണ്‍ലൈന്‍ ജേര്‍ണലിസ്റ്റും പിന്നീട് ഒരു ലോഡ് കഥാപാത്രങ്ങളുമാണ് സിനിമ മുന്നോട്ട് കൊണ്ടുപോകുന്നത്.
കൂമന് ശേഷം ജീത്തു ജോസഫും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വന്‍ പ്രതീക്ഷയായിരുന്നു മിറാഷില്‍. ആസിഫിലെ നടനെ നല്ലവണ്ണം ഉപയോഗിച്ച ചിത്രമായിരുന്നു കൂമന്‍. എന്നാല്‍ മിറാഷില്‍ ആസിഫിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. തമിഴില്‍ ആസിഫിന്റെ ഡയലോഗ് ഡെലിവറി പോര എന്നാണ് തോന്നിയത്. കഥ മുന്നോട്ടു കൊണ്ടുപോകുന്ന അപര്‍ണയുടെ കഥാപാത്രവും വലിയ ഇംപാക്ടുണ്ടാക്കിയില്ല.
ഹന്ന റെജി കോശി, ഹക്കിം ഷാ, ദീപക് പറമ്പോള്‍, തമിഴ് താരങ്ങളായ സമ്പത്ത് രാജ്, ശരവണന്‍ എന്നിവരുടെ പ്രകടനങ്ങളും ശരാശരിയായാണ് തോന്നിയത്. കോയമ്പത്തൂരിലാണ് കഥയുടെ സിംഹഭാഗവും നടക്കുന്നത്. എന്നാല്‍ കഥാപരിസരവുമായി കണക്ഷന്‍ ഉണ്ടാക്കുന്ന കാര്യത്തിലും തിരക്കഥാകൃത്ത് പരാജയപ്പെട്ടെന്നാണ് അഭിപ്രായം.
ജീത്തു ജോസഫിന്റെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അനില്‍ ജോണ്‍സണ് പകരം വിഷ്ണു ശ്യാമാണ് മിറാഷിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മികച്ച രീതിയില്‍ പശ്ചാത്തല സംഗീതം നല്‍കിയിട്ടുണ്ടെങ്കിലും സിനിമയെ രക്ഷപ്പെടുത്താന്‍ അത് മതിയാകാതെ വന്നു. സതീശ് കുറുപ്പിന്റെ ഛായാഗ്രഹണവും മികച്ചതായിരുന്നു.
ദൂരെ നിന്ന് നോക്കുമ്പോള്‍ എന്തൊക്കെയോ ഉണ്ടെന്ന് തോന്നുന്ന, എന്നാല്‍ അടുത്തെത്തിയാല്‍ ഒന്നുമില്ലെന്ന് മനസിലാകുന്നത് എന്നാണ് മിറാഷ് എന്ന വാക്കിന്റെ അര്‍ത്ഥം. സിനിമയുടെ ആകെത്തുകയില്‍ ഇതേ അഭിപ്രായം തന്നെയാണ് പങ്കുവെക്കാനുള്ളത്.
Content Highlight: Mirage movie review