കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണത്തിളക്കത്തില്‍ ഇന്ത്യന്‍ ഭാരോദ്വഹന താരം മീരാഭായ് ചാനു. വനിതകളുടെ 48 കിലോ ഗ്രാം വിഭാഗത്തിലാണ് മീരാഭായ് ഗോള്‍ഡ് മെഡല്‍ നേടിയത്.
ഹാട്രിക് സ്വര്‍ണ നേട്ടവുമായാണ് മീരാഭായ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. 2018ലെ ഗോള്‍ കോസ്റ്റ ഗെയിംസിലും 2022ലെ ബര്‍മിങ്ഹാം ഗെയിംസിലുമാണ് ഇതിന് മുമ്പ് താരം സ്വര്‍ണം നേടിയത്.
സ്നാച്ച് വിഭാഗത്തില്‍ കോമണ്‍വെല്‍ത്ത് റെക്കോഡുകള്‍ തിരുത്തിയെഴുതിയാണ് മീരാഭായ് രാജ്യത്തിന്റെ അഭിമാനമായത്. 85 കിലോ ഗ്രാം ഭാരമാണ് താരം ഉയര്‍ത്തിയത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ 105 കിലോ ഗ്രാമും ഉയര്‍ത്തി. ടോട്ടല്‍ 190 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് മീരാഭായ് സ്വര്‍ണ മെഡല്‍ കൈപ്പിടിയിലാക്കിയത്. ഇത്തവണത്തെ ഇന്ത്യയുടെ ആദ്യ ഗോള്‍ഡ് മെഡലാണ് മീരാഭായ് നേടിക്കൊടുത്തത്.
2014ല്‍ ഗ്ലാസ്‌ഗോയിലില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലും താരം സ്വന്തമാക്കിയിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്‌സില്‍ വെള്ളിമെഡലും മീരാഭായ് നേടിയിട്ടുണ്ട്.
അതേസമയം പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ ഋഷികാന്ത സിങ് ചനമ്പം വെള്ളി മെഡലും സ്വന്തമാക്കി. 60 കിലോ ഗ്രാം ഭാരോദ്വഹനത്തിലാണ് താരത്തിന്റെ നേട്ടം.
ഫൈനലില്‍ 264 കിലോ ഗ്രാം ഉയര്‍ത്തിയാണ് താരം വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. സ്നാച്ച് വിഭാഗത്തില്‍ താരം 121 കിലോ ഗ്രാം ഉയര്‍ത്തിയപ്പോള്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 143 കിലോ ഗ്രാമും ഉയര്‍ത്തി.
കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ താരം സ്വര്‍ണ മെഡല്‍ നേടിയിരുന്നു. ദേശീയ റെക്കോഡോടെയായിരുന്നു താരത്തിന്റെ നേട്ടം.
Content Highlight: Mirabai Chanu wins first gold medal for India at 2026 Commonwealth Games