| Tuesday, 24th July 2012, 3:59 pm

വെനീസ് ചലച്ചിത്രോത്സവം: ഉദ്ഘാടന ചിത്രം മീരാ നായരുടേത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ വംശജയായ ലോകപ്രശസ്ത ചലച്ചിത്രകാരി മീരാ നായരുടെ ഏറ്റവും പുതിയ ചിത്രമായ “ദ റിലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ്” 69ാമത് വെനീസ് ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനചിത്രമായി തിരഞ്ഞെടുത്തു. ഷബാന അസ്മി, ഓം പുരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[]

പാക്കിസ്ഥാനി എഴുത്തുകാരനായ മുഹ്‌സിന്‍ ഹാമിദിന്റെ ഇതേപേരിലുള്ള പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം.  ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെയുള്ള ചലച്ചിത്രോത്സവത്തില്‍ മത്സരേതര വിഭാഗത്തിലാണ് “ദ റിലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ്” പ്രദര്‍ശിപ്പിക്കുന്നത്.

വാള്‍സ്ട്രീറ്റില്‍ കോര്‍പറേറ്റ് വിജയത്തിന്  പുറകെ പായുന്ന ഒരു പാക്കിസ്ഥാന്‍ യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. അവസാനം, ജന്മദേശത്തെക്കുറിച്ച ചിന്തകളും അമേരിക്കന്‍ സ്വപ്നവും അയാളിലുണ്ടാക്കുന്ന മാനസികസംഘര്‍ഷമാണ് ചലച്ചിത്രത്തിന്റെ പ്രമേയം.

ഹോളിവുഡ് നടന്മാരായ കേറ്റ് ഹഡ്‌സണ്‍, കെയ്ഫര്‍ സതര്‍ലെന്‍ഡ്, ലീവ് ഷ്രീബര്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മുഖ്യകഥാപാത്രമായ ചെയ്ഞ്ചസിനെ അവതരിപ്പിക്കുന്നത്  നടന്‍ റിസ് അഹമ്മദാണ്.

ലിഡിയ ഡീന്‍ പില്‍ച്ചറാണ് ചിത്രം നിര്‍മിച്ചത്. ലാഹോര്‍, ദല്‍ഹി, ഇസ്റ്റാന്‍ബുള്‍, ന്യൂയോര്‍ക്ക്, അറ്റ്‌ലാന്റ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.

2001ല്‍ മീരാ നായരുടെ “മണ്‍സൂണ്‍ വെഡിങ്” എന്ന സിനിമക്ക് ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം കിട്ടിയിരുന്നു. 1988ല്‍ സംവിധാനം ചെയ്ത സലാം ബോംബേയാണ് മീരയുടെ ആദ്യചിത്രം. മീരയുടെ മിസിസിപ്പി മസാല, വാനിറ്റി ഫെയര്‍ തുടങ്ങിയ ചിത്രങ്ങളും വെനീസ് ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more