| Thursday, 20th November 2025, 12:58 pm

ചിലയിടങ്ങളില്‍ ലീഗിന്റെ അനുഗ്രഹാശിസ്സുകളോട് കൂടി ന്യൂനപക്ഷ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെടുന്നു: എം.എ. ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുസ്‌ലിം ലീഗിനെതിരെ വിവാദ പരാമര്‍ശവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ലീഗ് ന്യൂനപക്ഷ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് എം.എ. ബേബി പറഞ്ഞു.

എല്‍.ഡി.എഫിന്റെ കൊച്ചി നഗരസഭാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു എം.എ. ബേബിയുടെ പരാമര്‍ശം. ന്യൂനപക്ഷ തീവ്രവാദം ആര്‍.എസ്.എസിന്റെ മറ്റേ പതിപ്പാണെന്നും എം.എ. ബേബി പറഞ്ഞു.

‘വര്‍ഗീയത തുലയട്ടെ എന്ന് എഴുതിവെച്ചതിന്റെ പേരില്‍ മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐയുടെ ധീരനായ നേതാവ് അഭിമന്യുവിനെ വകവരുത്തിയ ന്യൂനപക്ഷ വര്‍ഗീയ തീവ്രവാദം, ആര്‍.എസ്.എസിന്റെ മറ്റേ പതിപ്പാണ്.

അവരുമായാണ് കോണ്‍ഗ്രസ് കൂടിയാലോചന നടത്തുന്നത്. ഈ ന്യൂനപക്ഷ തീവ്രവാദ പ്രവര്‍ത്തനം കോണ്‍ഗ്രസിന്റെ കൂടി ചില സ്ഥലങ്ങളില്‍ ലീഗിന്റെയും അനുഗ്രഹാശിസ്സുകളോട് കൂടിയാണ് ശക്തിപ്പെടുന്നത്,’ എന്നാണ് എം.എ. ബേബി പറഞ്ഞത്.

ഇത് ആര്‍.എസ്.എസിന് വലിയ ഇഷ്ടമാണ്. എന്തെന്നാല്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് ന്യായീകരണം ലഭിക്കുകയാണ്. ‘ദേ അവര് കണ്ടില്ലേ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത്’ എന്ന് ആര്‍.എസ്. എസിന് ചോദിക്കാമല്ലോയെന്നും എം.എ. ബേബി പറഞ്ഞു.

എന്നാല്‍ സി.പി.ഐ.എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും എല്ലാ തരം വര്‍ഗീയതകള്‍ക്കുമെതിരെയും അടിയുറച്ച നിലപാടെടുക്കുകയാണ്. മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളുന്നു. സമൂഹത്തില്‍ മതസൗഹാര്‍ദത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് എല്ലാത്തരം വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരെ ജാഗ്രത പാലിക്കാനുള്ള രാഷ്ട്രീയ പോരാട്ടം കൂടിയാണെന്നും എം.എ. ബേബി പറഞ്ഞു.

ദല്‍ഹിയില്‍ ബോംബ് സ്ഫോടനം നടന്നപ്പോള്‍ സി.പി.ഐ.എം ആദ്യം തന്നെ അപലപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ലെന്നും എം.എ. ബേബി പറഞ്ഞു.

കേരളത്തിന് പുറത്ത് ശണ്ഠ കൂടുന്നതായി ഭാവിക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും ഇവിടെ സി.പി.ഐ.എമ്മിനും എല്‍.ഡി.എഫിനും എതിരാണെന്നും എം.എ. ബേബി വിമര്‍ശിച്ചു.

Content Highlight: Minority extremist activities are strengthening in some places with the blessings of the League: M.A. Baby

We use cookies to give you the best possible experience. Learn more