| Tuesday, 20th January 2026, 9:45 am

ന്യൂനപക്ഷ അതിക്രമങ്ങള്‍ വര്‍ഗീയമല്ല: ബംഗ്ലാദേശ് സര്‍ക്കാര്‍

നിഷാന. വി.വി

ധാക്ക: 2025 ലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ മിക്ക അതിക്രമങ്ങളും വര്‍ഗീയമല്ലെന്ന് മുഹമ്മദ് യൂനുസ് സര്‍ക്കാര്‍.

കഴിഞ്ഞ മാസങ്ങളില്‍ ഹിന്ദുക്കള്‍ക്ക് നേരേയുണ്ടായ അതിക്രമങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജനുവരി 9 ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ പ്രസ് വിങ് പുറത്തിറക്കിയ പ്രസ്താവന.

2025ല്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട ഭൂരിഭാഗ സംഭവങ്ങളും ക്രിമിനല്‍ സ്വഭാവമുള്ളതായിരുന്നുവെന്നും എന്നാല്‍ അവയ്ക്ക് വര്‍ഗീയ ലക്ഷ്യങ്ങളില്ലെന്നും ഇടക്കാല സര്‍ക്കാര്‍ പറഞ്ഞു.

2025 ജനുവരി മുതല്‍ ഡിസംബര്‍ വരെ ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെട്ട 645 കേസുകള്‍ രേഖപ്പെടുത്തിയതായി ഔദ്യോഗിക പൊലീസ് രേഖകളുടെ അവലോകനത്തെ ഉദ്ധരിച്ച് സര്‍ക്കാര്‍ പറഞ്ഞു.

645 സംഭവങ്ങളില്‍ 71 എണ്ണത്തില്‍ വര്‍ഗീയ സ്വഭാവം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ബാക്കി വരുന്ന 574 സംഭവങ്ങള്‍ മതവുമായി ബന്ധമില്ലാത്തതാണെന്നും മുഖ്യ ഉപദേശ്ടാവിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ഡാറ്റയില്‍ പറയുന്നു.

മതവുമായി ബന്ധമില്ലാത്ത 574 സംഭവങ്ങള്‍ ക്രിമിനല്‍ അല്ലെങ്കില്‍ സാമൂദായിക തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെല്ലുവിളികളെ നിഷേധിക്കുകയോ പൂര്‍ണത അവകാശപ്പെടുകയോ ചെയ്യുന്നില്ലെന്നും ന്യൂനപക്ഷ സമുദായങ്ങളെ ബാധിക്കുന്ന കുറ്റകൃത്യ പ്രവണതകളുടെ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ചിത്രം നല്‍കാനാണ് ഡാറ്റ കൊണ്ടുള്ള ശ്രമമെന്നും ഇടക്കാല സര്‍ക്കാര്‍ പറഞ്ഞു.

‘ എല്ലാ കുറ്റകൃത്യങ്ങളും ഗുരുതരവും ഉത്തരവാദിത്വം ആവശ്യപ്പെടുന്നവയുമാണ്, എങ്കിലും ന്യൂനപക്ഷ സമുദായത്തിലെ ഇരകള്‍ ഉള്‍പ്പെട്ട മിക്ക സംഭവങ്ങളും സാമുദായിക വിദ്വേഷം മൂലമല്ല. മറിച്ച് മതപരവും വംശീയവുമായ പരിധിക്കപ്പുറം പൗരന്മാരെ ബാധിക്കുന്ന വിശാലമായ ക്രിമിനല്‍, സാമൂഹിക ഘടകങ്ങളാണെന്ന് ഡാറ്റ തെളിയിക്കുന്നു,’ പ്രസ്താവനയില്‍ പറയുന്നു.

മുസ്‌ലിങ്ങള്‍, ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ക്രിസ്ത്യാനികള്‍, മറ്റ് വിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ തുടങ്ങി എല്ലാ പൗരന്മാര്‍ക്കും സുരക്ഷയും നീതിയും ഉറപ്പാക്കേണ്ടത് ഭരണഘടനാപരവും ധാര്‍മികവുമായ ബാധ്യതയാണെന്നും ഇടക്കാല സര്‍ക്കാര്‍ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

എന്നാല്‍ തെരഞ്ഞടുപ്പ് തിയതി അടുക്കുന്തോറും രാജ്യത്ത് വര്‍ഗീയ അതിക്രമങ്ങള്‍ ഭയാനകമായ രീതിയില്‍ വര്‍ധിച്ച് വരികയാണെന്നും ന്യൂനപക്ഷ വോട്ടര്‍മാര്‍ തങ്ങള്‍ക്കിഷ്ടമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നത് തടയാനാണിതെന്നും ബംഗ്ലാദേശ് ഹിന്ദു-ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഷെയ്ഖ് ഹസീന സര്‍ക്കാരിനെ തകര്‍ക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച വിദ്യാര്‍ത്ഥി നേതാവായ ഷരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്ത് വലിയ പ്രക്ഷോപങ്ങള്‍ ഉണ്ടായിരുന്നു.

അതിലും നിരവധി ന്യൂനപക്ഷ അതിക്രമങ്ങളും കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് ശേഷം നിലവില്‍ വന്ന മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് നിലവില്‍ രാജ്യം ഭരിക്കുന്നത്.

Content Highlight: Minority atrocities not communal: Bangladesh government

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more