| Saturday, 21st June 2025, 12:17 pm

ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത കുട്ടിയോട് ഗർഭഛിത്രം ചെയ്യരുതെന്ന് പറയാൻ കഴിയില്ല: ബോംബെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത കുട്ടിയോട് ഗർഭഛിത്രം ചെയ്യരുതെന്ന് പറയാൻ സാധിക്കില്ലെന്നും കുഞ്ഞിന് ജന്മം നൽകാൻ നിർബന്ധിക്കാനും സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച്.

12 വയസുള്ള പെൺകുട്ടിക്ക് 29 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എം.ടി.പി) ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ 29 ആഴ്ചയോളം പ്രായമുള്ള ഭ്രൂണം ഗർഭഛിദ്രം ചെയ്യാൻ കോടതി അനുമതി നൽകി.

കുഞ്ഞിന് ജന്മം നൽകാൻ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്നതിലൂടെ, കുട്ടിക്ക് സ്വന്തം ജീവിതത്തിൽ തീരുമാനമെടുക്കാനുള്ള അവകാശവും മുന്നോട്ടുള്ള പാത നിർണയിക്കാനുള്ള അവകാശവും സംസ്ഥാനം ഇല്ലാതാക്കുകയാണെന്ന് ജസ്റ്റിസുമാരായ നിതിന്‍ സാംബ്രെയും സച്ചിന്‍ ദേശ്മുഖും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

‘ഇരയുടെ ആഗ്രഹത്തിന് വിരുദ്ധമായി ഗർഭം ധരിക്കാൻ ഈ കോടതിക്ക് നിർബന്ധിക്കാനാവില്ല. കാരണം അത്തരമൊരു സാഹചര്യത്തിൽ, അവളുടെ ജീവിതത്തിലെ മുന്നോട്ടുള്ള പാത തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനം ഇല്ലാതാക്കുകയാണ്. ഒരു സ്ത്രീക്ക് അവളുടെ വൈവാഹിക നില പരിഗണിക്കാതെ തന്നെ ഇഷ്ടപ്രകാരം ഗർഭിണിയാകാൻ കഴിയുമെന്ന വസ്തുത ശരിയാണ് . എന്നാൽ ബലാത്സംഗത്തിലൂടെയോ മാറ്റൊ ഉണ്ടാകുന്ന ഗർഭധാരണത്തിൽ ഭാരം എല്ലായ്പ്പോഴും ഗർഭിണിയായ സ്ത്രീയുടെ മേൽ വരും,’ കോടതി പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കൾ മുഖേന സമർപ്പിച്ച ഹരജിയിൽ, സ്വന്തം അമ്മാവൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഗർഭിണിയാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് പീഡനവിവരം പുറത്തുവന്നതെന്നും പറയുന്നു. 2025 ജൂൺ അഞ്ചിന് കുറ്റാരോപിതനായ അമ്മാവനെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർചെയ്തിരുന്നു.

ഹരജിക്ക് പിന്നാലെ നടന്ന ഒരു ഹിയറിങ്ങിൽ, വിവിധ മെഡിക്കൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു മെഡിക്കൽ ബോർഡ് ബെഞ്ച് രൂപീകരിച്ചു. എന്നാൽ പെൺകുട്ടി വളരെ ചെറിയ പ്രായത്തിലുള്ളതിനാലും ഭ്രൂണം 29 ആഴ്ചയോളം വളർച്ചയെത്തിയിട്ടുമുള്ളതിനാൽ ഗർഭഛിത്രം നടത്തുന്നത് അപകടമാണെന്ന് ബോർഡ് പറഞ്ഞു.

എങ്കിലും മാതാപിതാക്കളുടെയും പെൺകുട്ടിയുടെയും സമ്മതത്തോടെ ഹിസ്റ്ററോടോമി നടത്താൻ സാധിക്കുമെന്നും ബോർഡ് പറഞ്ഞു. എം.ടി.പി ആക്ട് പ്രകാരമുള്ള ഗർഭഛിദ്ര നടപടിക്രമത്തിന് പെൺകുട്ടിയും മാതാപിതാക്കളും സമ്മതം നൽകിയിട്ടുണ്ടെന്നും അതിനാൽ ഗർഭഛിത്രം നടത്താൻ അനുമതി നൽകുകയാണെന്നും ബെഞ്ച് വിധിച്ചു.

‘ഈ വിഷയത്തിൽ മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയ പ്രകാരം ഹരജിക്കാരിയുടെ ജീവന് ഭീഷണിയൊന്നുമില്ല എന്നതിനാൽ, സുരക്ഷാ പ്രോട്ടോക്കോൾ അവലംബിച്ചും മുകളിൽ പറഞ്ഞ നിരീക്ഷണങ്ങൾ പാലിച്ചും ഹരജിക്കാരിക്ക് എത്രയും വേഗം ഗർഭം അലസിപ്പിക്കാൻ അനുമതി നൽകാൻ അകോലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡീനിനോട് നിർദേശിക്കുന്നത് ഉചിതമാണെന്ന് ഞങ്ങൾ കരുതുന്നു,’ കോടതി വിധിച്ചു.

Content Highlight: Minor Rape Victim Cannot Be Forced To Continue With ‘Unwanted’ Pregnancy: Bombay High Court Allows 12-Yr-Old Girl To Abort 29 Week Foetus

We use cookies to give you the best possible experience. Learn more