| Sunday, 8th June 2025, 7:39 am

ദല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചില്‍ ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. ദയാല്‍പൂരിലെ നെഹ്റു വിഹാറിലാണ് സംഭവം. കുട്ടിയുടെ സ്വകാര്യഭാഗത്ത് അടക്കം ഗുരുതരമായ പരിക്കുകളുണ്ടെന്നാണ് വിവരം.

പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വടക്കുകിഴക്കന്‍ ദല്‍ഹിയിലാണ് സംഭവം നടന്നിരിക്കുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.

പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ നാട്ടുകാര്‍ ചേര്‍ന്ന് കണ്ടെത്തുകയായിരുന്നെന്നും ശരീരത്തില്‍ ഗുരുതരമായ മുറിവുകള്‍ ഏറ്റിട്ടുണ്ടെന്നും ദയാല്‍പൂര്‍ പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ലോക്കല്‍ പൊലീസ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് പ്രതികരിച്ചു.

പെണ്‍കുട്ടിയെ കണ്ടെത്തിയ സ്ഥലം പരിശോധിക്കുന്നതിനായി ക്രൈം ആന്‍ഡ് ഫോറന്‍സിക് സംഘങ്ങളെ വിളിപ്പിച്ചിട്ടുണ്ടെന്ന് വടക്കുകിഴക്കന്‍ ദല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. സംഭവത്തില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും പ്രതിയെ പിടികൂടാന്‍ ഒന്നിലധികം പൊലീസ് സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡി.സി.പി അറിയിച്ചു.

പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കും. കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടാകില്ല. പ്രതിക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും ഡി.സി.പി പറഞ്ഞു. മേഖലയില്‍ മറ്റ് സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് ഫോഴ്സുകളെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.എന്‍.എസ് സെക്ഷന്‍ 103 (1), 66, 13 (2), പോക്സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതിനിടെ ദല്‍ഹിയിലെ ആനന്ദ് പര്‍ബത്തില്‍ 16 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ പിടികൂടിയതായും പൊലീസ് അറിയിച്ചു.

പിടിയിലായ രണ്ട് പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. 16 വയസുകാരനെ നാട്ടുകാര്‍ ചേര്‍ന്ന് ആര്‍.എം.എല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Content Highlight: Minor girl abused and murdered in Delhi; search intensified for accused

We use cookies to give you the best possible experience. Learn more