| Monday, 3rd August 2026, 12:33 am

മോദിക്കെതിരെ വീഡിയോ ചെയ്ത പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെ ബലാത്സംഗ ഭീഷണി; നടപടിയെടുക്കാതെ പൊലീസ്

റെന്വര്‍ പി

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരായ പ്രതിഷേധ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് നോയിഡ പൊലീസ് കേസെടുത്ത പെണ്‍കുട്ടിക്ക് ഓണ്‍ലൈനില്‍ ബലാത്സംഗ ഭീഷണി വരുന്നതായി ദ വയര്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരായാണ് ബലാത്സംഗ ഭീഷണി. സംഭവത്തില്‍ പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും ദ വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബലാത്സംഗ ഭീഷണിക്ക് പുറമെ പെണ്‍കുട്ടിയുടെ വ്യക്തി വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെടുന്നതായും ദ വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അജ്ഞാതരായ വ്യക്തികള്‍ ഫോണിലൂടെ തനിക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയതായി കഴിഞ്ഞ ദിവസം ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സിയോട് പെണ്‍കുട്ടി പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

‘നിങ്ങളെ എവിടെ കണ്ടാലും ഞങ്ങള്‍ നിങ്ങളെ ബലാത്സംഗം ചെയ്ത് ഏതെങ്കിലും കുഴിയില്‍ എറിയും’, എന്ന് അവര്‍ ഭീഷണി മുഴക്കിയെന്നാണ് പെണ്‍കുട്ടി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ഇക്കാര്യം താന്‍ പൊലീസിനെ അറിയിച്ചതായും അവര്‍ വ്യക്തമാക്കിയിരുന്നു.

മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ചുള്ള പരാതിയില്‍ നോയിഡ എക്‌സ്പ്രസ് വേ പൊലീസ് സ്റ്റേഷനിലായിരുന്നു ഈ പെണ്‍കുട്ടിക്കെതിരെ സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്.ഐ.ആര്‍ പിന്നീട് ദല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. അഖണ്ഡ് ഭാരത് ഹിന്ദു സേന എന്ന സംഘടനയുടെ നിയമ കാര്യ ചുമതലയുള്ള നേതാവ് സ്മൃതി സിങ് ചന്ദേല്‍ ആയിരുന്നു പെണ്‍കുട്ടിക്കെതിരെ പരാതി നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

തനിക്കെതിരെ അപരിചിതമായ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്നും ഫോണ്‍ നമ്പറുകളില്‍ നിന്നും കോളുകളും മെസേജുകളും വരുന്നതായി പെണ്‍കുട്ടി വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ പറഞ്ഞതായി ദ ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്തു. ‘നിങ്ങളെ കണ്ടാല്‍ ബലാത്സംഗം ചെയ്യും,’ എന്നതടക്കമുള്ള ഭീഷണികളാണ് ലഭിക്കുന്നത്. ലൈംഗികത പ്രദര്‍ശിപ്പിക്കുന്ന തരം ചിത്രങ്ങള്‍ അവര്‍ തനിക്ക് അയക്കുന്നതായും പെണ്‍കുട്ടി പറയുന്നു.

മോദിക്കെതിരായ പരാമര്‍ശത്തില്‍ പെണ്‍കുട്ടി പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പ് പറഞ്ഞ ശേഷവും തനിക്കെതിരായ കേസുകള്‍ പിന്‍വലിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. പൊലീസ് പല തവണ തന്റെ വീട്ടില്‍ വന്നു. താന്‍ ഗുരുതരമായ കുറ്റകൃത്യം ചെയ്തത് പോലെയാണ് പൊലീസ് ഇടപെടുന്നതെന്നും പെണ്‍കുട്ടി പറഞ്ഞതായി ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ജന്തര്‍ മന്ദര്‍ പ്രതിഷേധത്തിനിടെയുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ശ്രദ്ധ സിങ് എന്ന 23 വയസ്സുള്ള ഇന്‍ഫ്‌ളൂവന്‍സര്‍ക്ക് ഓണ്‍ലൈനില്‍ വധഭീഷണി ലഭിക്കുന്നതായി സ്‌ക്രോള്‍ ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജന്തര്‍ മന്ദര്‍ സമരത്തിന്റെ സമയത്ത് ഒരു ആര്‍.എ.എഫ് ഉദ്യോഗസ്ഥന്റെ സമീപത്ത് നില്‍ക്കുന്ന റീല്‍ ആയിരുന്നു ശ്രദ്ധ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

തനിക്കെതിരെ ധാരാളം വധഭീഷണികള്‍ വരുന്നതായി ദ സ്‌ക്രോളിനോട് ശ്രദ്ധ സിങ് പറഞ്ഞിരുന്നു. തന്റെ മാതാവിന്റെയും സുഹൃത്തുക്കളുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ കണ്ടെത്തി അവരോട് പോലും ഭീഷണി മുഴക്കുന്നവരുണ്ടെന്നും ശ്രദ്ധ പറഞ്ഞു.

ഈ റീലുമായി ബന്ധപ്പെട്ട് ചില ടി.വി ചാനലുകള്‍ തനിക്കെതിരെ ഏകപക്ഷീയമായ പ്രചാരണം നടത്തിയെന്ന് ശ്രദ്ധ കഴിഞ്ഞ ദിവസം ബി.ബി.സി ഹിന്ദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്നെ ഓണ്‍ലൈനില്‍ പലരും അപഹസിക്കുകയും തനിക്കെതിരെ കേസെടുക്കാന്‍ അവര്‍ ആവശ്യപ്പെടുകയും ചെയ്യുന്നതായും ശ്രദ്ധ പറഞ്ഞിരുന്നു.

ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തില്‍ തന്റെ വീഡിയോകൡ പലരും കമന്റ് ചെയ്യുന്നതായി ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച മറ്റൊരു വീഡിയോയിലും ശ്രദ്ധ പറഞ്ഞിരുന്നു.

ജന്തര്‍ മന്ദര്‍ പ്രതിഷേധത്തിന്റെ സമയത്ത് ആ പ്രതിഷേധത്തില്‍ പങ്കാളികളായ നൂറുകണക്കിന് പുരുഷന്‍മാര്‍ക്കൊപ്പമാണ് ഞാന്‍ നിന്നത്. ഒരൊറ്റ മനുഷ്യന്‍ അന്ന് എന്നോട് മോശമായി പെരുമാറുകയോ എന്നെ അപമാനിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സ്‌ക്രീനുകള്‍ക്ക് പിറകിലിരിക്കുന്നവര്‍ എന്റെ ധൈര്യത്തെ പൂര്‍ണമായി തകര്‍ക്കുകയാണ്,’ എന്നും ശ്രദ്ധ വീഡിയോയില്‍ പറയുന്നു.

Content Highlight: Minor Accused of Using Expletives Against Modi Disclosed Receiving Rape Threats

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more