ഇന്ത്യന്‍ വനിതകളുടെ ഇംഗ്ലണ്ട് എയ്‌ക്കെതിരായ പരമ്പരയില്‍ ക്യാപ്റ്റനാകാന്‍ മലയാളി താരം മിന്നു മണി. നവംബര്‍ 30ന് തുടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ എ ഇംഗ്ലണ്ട് എയുമായി മൂന്ന് ടി-20യും മൂന്ന് ഏകദിനവും ഒരു മള്‍ട്ടി ഡേ മത്സരവും കളിക്കും.
ഇതില്‍ മള്‍ട്ടി ഡേ മത്സരത്തിനുള്ള ടീമിന്റെ നയിക്കാനുള്ള ദൗത്യമാണ് മിന്നു മണിയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഏകദിന മത്സരങ്ങളില്‍ അനുഷ്‌ക ശര്‍മ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനും മിന്നു തന്നെയാണ്. വനിതാ പ്രീമിയര്‍ ലീഗില്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് വയനാട് സ്വദേശിയായ മിന്നു മണി.
ടി-20 പരമ്പര പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലും മറ്റ് ഫോര്‍മാറ്റുകള്‍ മുംബൈ വാംഖെഡെ സ്‌റ്റേഡിയത്തിലും നടക്കും.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും പുറത്തായ ഓള്‍റൗണ്ടര്‍ ശ്രേയങ്ക പാട്ടീല്‍ മൂന്ന് ഫോര്‍മാറ്റുകള്‍ക്കുമുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നവംബര്‍ 30ന് ടി-20 പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുന്നത്. ഡിസംബര്‍ 8 മുതല്‍ ഏകദിനപരമ്പരയും ഡിസംബര്‍ 19ന് ചതുര്‍ദിന മത്സരവും നടക്കും.
ടി-20,ഏകദിന ടീമുകളെ അനുഷ്‌ക ശര്‍മയാണ് നയിക്കുക. 23കാരിയായ അനുഷ്‌ക ഈ വര്‍ഷം നടന്ന ഇംഗ്ലണ്ട് എ, ഓസ്‌ട്രേലിയ എ എന്നിവര്‍ക്കെതിരായ ഇന്ത്യ എ ടി-20 ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്നു.
ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീം:
വൃന്ദ ദിനേശ്, തനിഷ സിങ്, സനിക ചാല്‍കെ, അനുഷ്‌ക ശര്‍മ (ക്യാപ്റ്റന്‍), നിക്കി പ്രസാദ്, ജി. കമാലിനി (വിക്കറ്റ് കീപ്പര്‍), ശിപ്ര ഗിരി (വിക്കറ്റ് കീപ്പര്‍), മിന്നു മണി (വൈസ് ക്യാപ്റ്റന്‍), അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, വൈഷ്ണവി ശര്‍മ, പ്രേമ റാവത്ത്, സൈമ ഠാക്കൂര്‍, മോണിക്ക പട്ടേല്‍, കശ്വീ ഗൗതം.
ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീം:
വൃന്ദ ദിനേശ്, തനിഷ സിങ്, പ്രിയ പൂനിയ, അനുഷ്‌ക ശര്‍മ (ക്യാപ്റ്റന്‍), നിക്കി പ്രസാദ്, ജി. കമാലിനി (വിക്കറ്റ് കീപ്പര്‍), ശിപ്ര ഗിരി (വിക്കറ്റ് കീപ്പര്‍), മിന്നു മണി (വൈസ് ക്യാപ്റ്റന്‍), തേജല്‍ ഹസബ്‌നിസ്, ശ്രേയങ്ക പാട്ടീല്‍, അമീഷ ബഹുഖണ്ഡി, ശബ്‌നം ശകില്‍, സൈമ ഠാക്കോര്‍, അക്ഷിത ഭഗത്, കശ്വീ ഗൗതം.
മള്‍ട്ടിഡേ മത്സരത്തിനുള്ള ഇന്ത്യ എ ടീം:
ശുഭ സതീഷ്, പ്രിയ പൂനിയ, തനിഷ സിങ്, പൂര്‍വജ വെര്‍ലേകര്‍, ഹെന്റിയേറ്റ പെരേര, തേജല്‍ ഹസബ്‌നിസ് (വൈസ് ക്യാപ്റ്റന്‍), ശിപ്ര ഗിരി (വിക്കറ്റ് കീപ്പര്‍), ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), മിന്നു മണി (ക്യാപ്റ്റന്‍), ശ്രേയങ്ക പാട്ടീല്‍, സൈമ ഠാക്കൂര്‍, അക്ഷിത ഭഗത്, അമീഷ ബഹുഖണ്ഡി, ഹാപ്പി കുമാരി, ശബ്‌നം ശകില്‍.
Content Highlight: Minnu Mani to lead India A in four day test against England A.