| Tuesday, 17th February 2026, 8:01 pm

മിന്നിത്തിളങ്ങി മിന്നുമണി; നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍!

ശ്രീരാഗ് പാറക്കല്‍

ഐ.സി.സി വുമണ്‍സ് റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എ ടീം സെമി ഫൈനലില്‍. ബാങ്കോക്കിലെ തെര്‍തായി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഇന്ത്യന്‍ പെണ്‍പടയുടെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ വെറും 18 ഓവറില്‍ 78 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

മറുപടി ബാറ്റിങ്ങില്‍ 7.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മികച്ച ബൗളിങ്ങാണ് നേപ്പാള്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്. നേപ്പാളിന്റെ പത്ത് വിക്കറ്റില്‍ ഒമ്പതും ഇന്ത്യന്‍ സ്പിന്നര്‍മാരാണ് വീഴ്ത്തിയത്.

തനൂജ കാന്‍വാര്‍ നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ മലയാളി സൂപ്പര്‍ താരം മിന്നു മണി മൂന്ന് വിക്കറ്റുകള്‍ നേടി മികച്ച പ്രകടവും നടത്തി.

രണ്ട് ഓവറില്‍ വെറും എട്ട് റണ്‍സ് വഴങ്ങിയാണ് മിന്നുമണി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഓപ്പണര്‍ ബിന്ദു റവാള്‍ (11), കവിതാ കുണ്‍വാര്‍ (1), റോമ താപ (1) എന്നിവരെയാണ് മിന്നു മണി പുറത്താക്കിയത്. 2.00 എന്ന കിടിലന്‍ എക്കോണമിയിലാണ് മിന്നു ബൗള്‍ ചെയ്ത് മിന്നിത്തിളങ്ങിയത്. മത്സരത്തില്‍ മിന്നുവിന് പുറമെ രാധ യാദവ് രണ്ട് വിക്കറ്റും നേടിയിരുന്നു.

78 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ടീമിന് ആദ്യ ഓവറില്‍ തന്നെ ദീയ യാദവ് പുറത്തായി. ആദ്യ വിക്കറ്റില്‍ പതറാതെ മറ്റൊരു ഓപ്പണറായ വൃന്ദ ദിനേശ് നേപ്പാള്‍ ബൗളര്‍മാരെ ആക്രമിച്ചു കളിച്ചു. ഒമ്പത് ഫോറുകള്‍ ഉള്‍പ്പെടെ 18 പന്തില്‍ പുറത്താകാതെ 39 റണ്‍സ് ആണ് വൃന്ദ നേടിയത്.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്ത് എത്തി. സെമിഫൈനല്‍ മത്സരം വെള്ളിയാഴ്ച നടക്കും.

Content Highlight: Minnu Mani Perform well And India A reaches semi-finals of ICC Women’s Rising Stars Asia Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more