വാഷിങ്ടണ്‍: യു.എസ് സംസ്ഥാനമായ മിനസോട്ടയിലുണ്ടായ വെടിവെപ്പില്‍ ഡെമോക്രാറ്റിക് പ്രതിനിധിയും പങ്കാളിയും കൊല്ലപ്പെട്ടു.
മിനസോട്ട സ്‌റ്റേറ്റ് പ്രതിനിധിയും മുന്‍ സ്റ്റേറ്റ് ഹൗസ് സ്പീക്കര്‍ കൂടിയായ മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവ് മാര്‍ക്കുമാണ് മനിസോട്ടയിലെ ബ്രൂക്‌ലിന്‍ പാര്‍ക്കിലുള്ള വീട്ടില്‍വെച്ച് വെടിയേറ്റ് മരിച്ചത്.
രാഷ്ട്രീയ പ്രേരിതമായ കൊലപാതകമാണെന്ന് സംശയിക്കുന്നതായി മനിസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനായി വേഷം ധരിച്ച പ്രതി ഒളിവില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
മറ്റൊരു സംഭവത്തില്‍, ഡെമോക്രാറ്റിക് സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ ഹോഫ്മാനും പങ്കാളിക്കും വെടിവെപ്പില്‍ പരിക്കേറ്റു. ഇവരെ ശസ്ത്രക്രിയക്ക് വിധേമാക്കിയിട്ടുണ്ട്. രണ്ടിടത്തും വെടിവെപ്പ് ഉണ്ടായത് രാത്രിയിലാണ്.
പ്രതിയുടെ കാറില്‍ നിന്ന് കണ്ടെത്തിയ ഒരു ലിസ്റ്റില്‍ മറ്റാളുകളുടേയും പേര് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതി ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട വ്യക്തികളുടെ പേരാണ് പട്ടികയിലുള്ളതെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നിലെ പ്രതിയെ പിടികൂടുന്നതിനായി അന്വേഷണം തുടരുന്നതിനാല്‍, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അക്രമിക്കായുള്ള അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
Content Highlight: Minnesota Democratic Lawmaker and partner Shot dead