| Sunday, 25th January 2026, 8:30 pm

മിനിയാപൊളിസ് വെടിവെയ്പ്പ്; യു.എസ് ഭരണകൂടം നടത്തുന്നത് നുണപ്രചരണങ്ങളെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം

ശ്രീലക്ഷ്മി എ.വി.

വാഷിങ്ടൺ: യു.എസ് നഗരമായ മിനിയാപൊളിസിൽ നടന്ന വെടിവെയ്പ്പിൽ യു.എസ് ഭരണകൂടം നുണപ്രചരണങ്ങൾ നടത്തുന്നുവെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവും സംഭവത്തിന്റെ ദൃക്‌സാക്ഷികളും.

കഴിഞ്ഞ ദിവസമായിരുന്നു മിനിയാപൊളിസ് വി.എ ഹെൽത്ത് കെയറിലേ തീവ്രപരിചരണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അമേരിക്കൻ പൗരനായ അലക്സ് പ്രെറ്റിയെ (37) യു.എസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയത്.

സംഭവത്തിന് ശേഷം യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡി.എച്ച്.എസ്) ഒരു തോക്കിന്റെ ചിത്രം പുറത്തിറക്കുകയും അത് അലക്സ് പ്രെറ്റിയുടെ തോക്കാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ വാദങ്ങളെ നിരാകരിക്കുന്ന തരത്തിൽ യുവാവ് തോക്ക് ചൂണ്ടിയിട്ടില്ലെന്ന് സംഭവത്തിന്റെ ദൃക്സാക്ഷികൾ കോടതിയിൽ പറഞ്ഞെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

രണ്ട് വെടിയുണ്ടകൾ അലക്സ് പ്രെറ്റിയുടെ കൈവശമുണ്ടായിരുന്നെന്നും തിരിച്ചറിയൽ കാർഡുകൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും ഡി.എച്ച്.എസ് ആരോപിച്ചു.

അലക്സ് പ്രെറ്റിയുടെ മാതാപിതാക്കൾ ട്രംപ് ഭരണകൂടത്തിന്റെ നുണകളെയും വെടിവെയ്പ്പ് നടന്നതിലുള്ള ന്യായീകരണത്തെയും അപലപിച്ചു.

ഫെഡറൽ ഏജന്റുമാർ പിടികൂടിയപ്പോൾ മകൻ തോക്ക് കൈവശം വച്ചിരുന്നില്ലെന്ന് അവർ പറഞ്ഞു.

‘അലക്സ് ഒരു കൈകൊണ്ട് ഫോൺ പിടിച്ച് മറുകൈകൊണ്ട് പെപ്പർ സ്‌പ്രേ ചെയ്യുന്ന ഒരു സ്ത്രീയെ സംരക്ഷിക്കുകയായിരുന്നു,’ അവർ കൂട്ടിച്ചേർത്തു.

ജനുവരി 7 ന് മിനിയാപൊളിസിൽ ഒരു ഫെഡറൽ ഓഫീസർ മൂന്ന് കുട്ടികളുടെ അമ്മയായ റെനി ഗുഡിനെ കൊലപ്പെടുത്തിയതിനെത്തുടർന്ന് തന്റെ മകൻ പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി പ്രെറ്റിയുടെ പിതാവ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു .

സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മിനസോട്ട ഡെമോക്രാറ്റിക് ഗവർണർ ടിം വാൾസ് രംഗത്തെത്തി. വെടിവയ്പ്പിന് ശേഷം വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

ആഭ്യന്തര സുരക്ഷാ വകുപ്പ് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് നടപടി അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു.

മിനിസോട്ടയിൽ നിന്ന് ആയിരക്കണക്കിന് അക്രമാസക്തരും പരിശീലനം ലഭിക്കാത്തവരുമായ ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Minneapolis shooting: Family of murdered young man rejects US government’s lies

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more