| Tuesday, 31st May 2022, 11:14 pm

റിലീസ് പോലുമാകാത്ത സിനിമകള്‍ക്ക് അവാര്‍ഡ് കൊടുത്തപ്പോള്‍ ലോകം അംഗീകരിച്ച സിനിമയെ ഒ.ടി.ടി റിലീസിന്റെ പേരില്‍ കണ്ടില്ലെന്ന് നടിച്ചു; കുറിപ്പുമായി മിന്നല്‍ മുരളിയുടെ ആര്‍ട്ട് ഡയറക്ടര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തെ തെരഞ്ഞെടുക്കുന്നതിനിടെ ജൂറി അംഗങ്ങളില്‍ ഭൂരിപക്ഷവും പരിഗണിച്ചത് ബേസില്‍ ജോസഫ്- ടൊവീനോ ചിത്രം ‘മിന്നല്‍ മുരളി’യാണ്. ഹോമിനേക്കാള്‍ പിന്തുണ മിന്നല്‍ മുരളിക്ക് ഈ വിഭാഗത്തിലുണ്ടായിരുന്നു.

എന്നാല്‍ നേരിട്ട് ഒ.ടി.ടി റിലീസായ ചിത്രത്തിനല്ല തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിനാണ് ജനപ്രീതിയും കലാമൂല്യവുമുള്ള പുരസ്‌കാരം നല്‍കേണ്ടതെന്ന് ജൂറി തീരുമാനിക്കുകയായിരുന്നു. ഇതിനേത്തുടര്‍ന്നാണ് തിയേറ്റര്‍ റിലീസായ ‘ഹൃദയം’ ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മിന്നല്‍ മുരളിയുടെ ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത്ത്. ബേസില്‍ ജോസഫ് എന്ന സംവിധായകന്റെ എഫേര്‍ട്ടും അറ്റംറ്റും ഒ.ടി.ടി റിലീസിന്റെ പേരില്‍ കണ്ടില്ലെന്ന് നടിച്ചത് അപലപനീയമാണെന്ന് മനു ജഗത്ത് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഒരു പയ്യന്‍സ് ഇമേജില്‍ നിന്ന് ഒറ്റ സിനിമ കൊണ്ട് ലോകം മുഴുവന്‍ അറിയപ്പെടാനിടയായ ഒരു സിനിമയുടെ വക്താവായി മാറുക.

ലോക സിനിമകളില്‍ കോടികളുടെ മുതല്‍ മുടക്കില്‍ സൂപ്പര്‍ ഹീറോയിസം, സൂപ്പര്‍ പവര്‍ സിനിമകള്‍ ക്ലാസിക്കുകളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍, കേരളം പോലുള്ള ഒരു കുഞ്ഞന്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് നമ്മുടെ നാട്ടിലും ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാമെന്നും, അതിലൂടെ ലോക ശ്രദ്ധതന്നെ പിടിച്ചുപറ്റാനാവുമെന്നും തെളിയിച്ച ബേസില്‍ എന്ന ചെറുപ്പക്കാരന്റെ ചങ്കൂറ്റത്തെ കേവലം ഒ.ടി.ടി റിലീസിംഗിന്റെ പേരില്‍ കണ്ടില്ലെന്നു നടിച്ചവരോട് പുച്ഛം മാത്രം,’ മനു ജഗത്ത് എഴുതി.

അങ്ങനൊരു റിലീസിംഗ് അദ്ദേഹത്തിന്റെ കുഴപ്പമല്ല. കൊറോണ എന്നൊരു വ്യാധി ലോകത്തെ മുഴുവന്‍ സ്തംഭിപ്പിച്ചതല്ലേ. ഈ പറയുന്ന വിധികര്‍ത്താക്കളുള്‍പ്പെടെ വീടുകളില്‍ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞവരല്ലേ. ഒ.ടി.ടി റിലീസിംഗ് ആയിട്ടുപോലും മറ്റൊരു സിനിമയ്ക്കും കിട്ടാത്ത ഒരു വരവേല്‍പാണ് ലോകമങ്ങോളം മിന്നല്‍ മുരളി എന്ന സിനിമയ്ക്കു സംഭവിച്ചത്.

സിനിമയിലും അല്ലാതെയുള്ള എത്രയോ പ്രശസ്തരാണ് ഈ സിനിമയെ കുറിച്ച് സംസാരിക്കുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തത്. എന്നിട്ടും മലയാള സിനിമയുടെ ഒരു അഭിമാനമായ പുരസ്‌കാര വേദിയില്‍ ആ സിനിമയ്‌ക്കോ അതിന്റെ സംവിധായകനോ സ്ഥാനമില്ല എന്നത് ഈ പുരസ്‌കാരസംഹിതയ്ക് പോലും അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ആരെയും തൃപ്തിപ്പെടുത്താനുള്ള ചടങ്ങായി മാറാതെ അര്‍ഹിച്ചവര്‍ക്ക് കണ്ണ് തുറന്നുകൊടുക്കാന്‍ പറ്റണം. എന്നാലേ പുരസ്‌കാരങ്ങള്‍ക്ക് പൂര്‍ണത വരൂ. പറ്റിയാല്‍ ജനകീയമാക്കൂ. ഓണ്‍ലൈന്‍ വോട്ടിംഗ് പോലെ വിശ്വസനീയമായ ഒരു നിലപാടില്‍ എത്തട്ടെ വരും കാലങ്ങളില്‍ എന്ന് നമുക് ആശ്വസിക്കാമെന്നും മനു പറഞ്ഞു.

‘മിന്നല്‍ മുരളിയെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന പലരും ഇവിടെ നിശബ്ദരായി കാണുന്നു. ഇന്ത്യന്‍
സിനിമാലോകത്തു തന്നെ ആരും തന്നെ കൈവയ്ക്കാന്‍ മടിക്കുന്ന, വളരെയധികം ചലഞ്ചിംഗായുള്ള, എന്നാല്‍ ആരും കൊതിക്കുന്ന ഒരു സിനിമയെ തന്റെ പരിമിതികള്‍ വെച്ചുകൊണ്ടുതന്നെ ബേസില്‍ ജോസഫ് അങ്ങേയറ്റം മഹത്തരമാക്കി എന്നതിന്റെ തെളിവായിരുന്നു ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ മിന്നല്‍ മുരളി എന്ന സിനിമയ്ക്കd ലോകം മുഴുവന്‍ തന്ന വരവേല്‍പ്പ്. അതിലും വലിയ ഒരു ജനപ്രിയതയാണോ ഈ സംസ്ഥാന അവാര്‍ഡ് നിഷേധനത്തിലൂടെ ഇല്ലാതാവുന്നത്. ഒരിക്കലുമില്ല.

ബേസില്‍ ജോസഫ് എന്ന സംവിധായകന്റെ ഈ എഫേര്‍ട്ടും അറ്റംറ്റും കണ്ടില്ലെന്നു നടിച്ചത് വളരെ അപലപനീയം തന്നെ. എത്രയോ ദിവസത്തെ കഠിനാധ്വാനവും തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും കൊണ്ടാണ് മിന്നല്‍ മുരളി പോലുള്ള ഒരു സിനിമ അദ്ദേഹത്തിന് ചെയ്യാന്‍ പറ്റിയത് എന്നത് ആ സിനിമയിലെ ഒരംഗം എന്ന നിലയ്ക്ക് എനിക്ക് പറയാന്‍ കഴിയുമെന്നും മനു വ്യക്തമാക്കി.

‘ഏറെ പ്രശംസകള്‍ തന്റെ കഥാപാത്ര മികവിലൂടെ ഏറ്റുവാങ്ങിയ ഗുരുസോമസുന്ദരം. ഒരല്‍പ്പം പിഴച്ചാല്‍ എന്തും സംഭവിക്കാം എന്നുള്ളൊരു നൂല്‍പ്പാലത്തിലൂടെ പോയെങ്കിലും പെര്‍ഫോമെന്‍സ് മാത്രം കൊണ്ട് ഒരു സാധാരണ മനുഷ്യന്‍ അസാധാരണ മനുഷ്യനായി മാറുന്ന ഒരു കാഴ്ചയാണ് ഷിബു എന്ന കഥാപാത്രത്തിലൂടെ ഗുരു സോമസുന്ദരം കാഴ്ചവെച്ചത്. അദ്ദേഹവും ഇവിടെ പരിഗണിക്കപ്പെടാമായിരുന്നു എന്ന് തോന്നി.

കാഴ്ചയില്‍ സാധാരണക്കാരനായ അദ്ദേഹത്തെ ഇങ്ങനൊരു സൂപ്പര്‍ ഹീറോയുടെ വില്ലനായി അവതരിപ്പിക്കാന്‍ ബേസില്‍ കാണിച്ച കോണ്‍ഫിഡന്‍സും വിസ്മരിക്കാനാവുന്നതല്ല. ജനങ്ങള്‍ കാണുന്നതിനും മുന്നേ(റിലീസ് പോലും ആവാത്ത) സിനിമകള്‍ക്ക് അവാര്‍ഡ് കൊടുക്കാന്‍ കാണിക്കുന്ന ഈ വ്യഗ്രത ലോകം അംഗീകരിച്ചൊരു സിനിമയ്ക്കു നല്‍കാന്‍, അംഗീകരിക്കാന്‍ വരും കാലങ്ങളില്‍ കഴിയട്ടെ

ഇവിടെ തള്ളിക്കളഞ്ഞെങ്കിലും, ഇതിനു സമാനമോ അതിലും വലുതോ ആയ അംഗീകാരങ്ങള്‍ മിന്നല്‍ മുരളി എന്ന സിനിമയിലൂടെ തന്നെ സംവിധായകന്‍ ബേസിലിനെ തേടി എത്തട്ടെയെന്ന് ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു,’ മനു ജഗത്ത് കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: Minnal Murali’s Art Director with a note against Kerala state film award jury

Latest Stories

We use cookies to give you the best possible experience. Learn more