| Monday, 11th May 2020, 11:09 am

'വിമാനം റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളാല്‍'; എയര്‍ ഇന്ത്യയ്ക്ക് ഖത്തര്‍ അനുമതി നിഷേധിച്ചെന്ന വാര്‍ത്ത തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് ഖത്തര്‍ അനുമതി നിഷേധിച്ചെന്ന വാര്‍ത്ത തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അനുമതിയില്ലെങ്കില്‍ ഞായറാഴ്ച റദ്ദാക്കിയ വിമാനം ചൊവ്വാഴ്ചത്തേക്ക് പുനക്രമീകരിച്ചത് എങ്ങനെയെന്നാണ് കേന്ദ്രത്തിന്റെ ചോദ്യം.

ഖത്തറിന്റെ എതിര്‍പ്പുണ്ടെങ്കില്‍ റദ്ദാക്കിയ സര്‍വീസ് അപ്പോള്‍ തന്നെ പുനക്രമീകരിക്കാന്‍ കഴിയുമോയെന്നും കേന്ദ്രം ചോദിക്കുന്നു.

ഞായറാഴ്ച വിമാനം റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളാലാണെന്നും പറക്കല്‍ സമയത്തിലടക്കം വന്ന കാലതാമസം വിമാനം റദ്ദാക്കാന്‍ കാരണമായെന്നും കേന്ദ്രം വിശദീകരിക്കുന്നു. തുടര്‍ന്നും ഖത്തറില്‍ നിന്ന് എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസ് നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

എയര്‍ ഇന്ത്യാ വിമാനത്തിന് ഞായറാഴ്ച ഖത്തര്‍ അനുമതി നല്‍കാതിരുന്നത് കേന്ദ്രസര്‍ക്കാര്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചതിനാലാണെന്നായിരുന്നു റിപ്പോര്‍ട്ട്.

സൗജന്യ വിമാന സര്‍വീസ് ആണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ പല തരം ഫീസുകളിലും എയര്‍ ഇന്ത്യയ്ക്ക് ഖത്തര്‍ ഇളവ് അനുവദിച്ചിരുന്നു.

ഒഴിപ്പിക്കല്‍ വിധത്തിലുള്ള വിമാന സര്‍വീസാണെന്നും അതുകൊണ്ട് സൗജന്യമായാണ് ആളുകളെ നാട്ടിലെത്തിക്കുന്നതുമാണ് കേന്ദ്രസര്‍ക്കാര്‍ ഖത്തറിനെ അറിയിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് ഖത്തര്‍ എയര്‍പോര്‍ട്ട് പാര്‍ക്കിങ് ഫീസ്, ഹാന്‍ഡ്‌ലിങ് ഫീസ് ഉള്‍പ്പെടെയുള്ളവയില്‍ ഇളവ് നല്‍കിയിരുന്നു.

ദോഹയില്‍ നിന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യാ വിമാനം യാത്ര തിരിച്ചിരുന്നു. ഇതിന് ശേഷമാണ് ഇത് സൗജന്യയാത്രയല്ലെന്നും ഏകദേശം 700 റിയാലോളം യാത്രക്കാരില്‍ നിന്നും എയര്‍ ഇന്ത്യ ഈടാക്കുന്നുണ്ടെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിഞ്ഞത്.

ഇത്തരത്തില്‍ ആളുകളില്‍ നിന്ന് പണമീടാക്കി നടത്തുന്ന യാത്രയ്ക്ക് എന്തിനാണ് തങ്ങള്‍ സൗജന്യമായി ഇളവുകള്‍ നല്‍കുന്നതെന്ന ചോദ്യമാണ് ദോഹ വിമാനത്താവളം ഉയര്‍ത്തിയത്. തുടര്‍ന്നാണ് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം എയര്‍ ഇന്ത്യക്ക് യാത്രാനുമതി നിഷേധിച്ചതെന്നാണ് അറിയുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫിലെ നിരവധി രാജ്യങ്ങള്‍ പൗരന്മാരെ സൗജന്യമായി അവരവരുടെ നാടുകളില്‍ എത്തിക്കാമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗള്‍ഫ് വിമാനക്കമ്പനികള്‍ക്ക് ഇന്ത്യ അത്തരത്തില്‍ ഒരു അനുമതി നല്‍കിയിരുന്നില്ല.

ഒടുവില്‍ യാത്രക്കാരില്‍ നിന്നും 15000 രൂപയോളം ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇവരെ ഇന്ത്യയില്‍ എത്തിച്ചത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവരാണ് മിക്ക പ്രവാസികളും. അതുകൊണ്ട് തന്നെ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് ടിക്കറ്റ് നല്‍കണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അത് പരിഗണിച്ചിരുന്നില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more