| Wednesday, 9th September 2015, 12:47 pm

യമനില്‍ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന: യമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. ഇരുപത് ഇന്ത്യാക്കാരുമായി പോയ രണ്ട് ബോട്ടുകള്‍ക്ക് നേരെ ആക്രമണമുണ്ടെന്ന കാര്യം മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ ഇവരില്‍ 13 പേര്‍ രക്ഷപ്പെട്ടെന്നും മറ്റുള്ളവരെ കാണാതായെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.

അല്‍ ഹുദൈദ തുറമുഖത്ത് എണ്ണക്കടത്ത് സംഘത്തിന് നേരെ നടത്തിയ ആക്രമണത്തിനിടെയാണ് ഇന്ത്യക്കാരും അപകടത്തില്‍ പെട്ടത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്ത് വിട്ടത്. ആക്രമണത്തില്‍ രണ്ട് ബോട്ടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വ്യോമാക്രമണത്തില്‍ 15 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള വാര്‍ത്ത ഏജന്‍സിയായ സബായും സ്ഥിരീകരിച്ചിട്ടുണ്ട്.

ഹൂതിവിമതകര്‍ക്കെതിരെ അറബ് സഖ്യസേന നടത്തി വരുന്ന പോരാട്ടം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 60 ജി.സി.സി സൈനികരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിന് പിന്നാലെ വെള്ളിയാഴ്ച മുതല്‍ കനത്ത ആക്രമണമാണ് യമനില്‍ സൗദി സഖ്യസേന നടത്തുന്നത്.

We use cookies to give you the best possible experience. Learn more