| Thursday, 26th February 2026, 10:30 am

മന്ത്രി വീണ ജോര്‍ജിന്റെ കഴുത്തില്‍ പിടിച്ചത് പൊലീസ്; എ.ഐ നിര്‍മിത വ്യാജ ചിത്രം പ്രചരിപ്പിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്

അനിത സി

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കെ.എസ്.യു പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ സംഭവം ചര്‍ച്ചയായിരിക്കെ എ.ഐ ഉപയോഗിച്ച് നിര്‍മിച്ച വ്യാജചിത്രം പ്രചരിപ്പിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്.

വനിതാ പൊലീസുദ്യോഗസ്ഥ മന്ത്രിയുടെ കഴുത്തില്‍ പിടിക്കുന്ന രീതിയില്‍ സൃഷ്ടിച്ച എ.ഐ ചിത്രം മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷ ഗായത്രി നായരാണ് പ്രചരിപ്പിച്ചിരിക്കുന്നത്.

മന്ത്രിയെ ആക്രമിച്ചത് പൊലീസ് തന്നെയാണെന്ന് സ്ഥാപിക്കുന്നതിനായി പോസ്റ്റ് ചെയ്ത ചിത്രം, ‘വല്ലാത്ത ഒരുപിടി ആയി പോയി’ എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കിലൂടെ ഗായത്രി നായര്‍ പങ്കുവെച്ചിരിക്കുന്നത്.

ബുധനാഴ്ച രാത്രി പങ്കുവെച്ച ചിത്രത്തിന് ഇതിനോടകം തന്നെ 3.7k ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. ഈ ചിത്രം യഥാര്‍ത്ഥത്തിലുള്ളതാണെന്ന് വിശ്വസിച്ച് നിരവധി കമന്റുകളും പോസ്റ്റിന് കീഴെ കാണാം.

അതേസമയം, കഴിഞ്ഞദിവസം കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വന്ദേഭാരതില്‍ കയറാനായി എത്തിയപ്പോഴായിരുന്നു മന്ത്രി വീണ ജോര്‍ജിന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടിയും കയ്യിലേന്തി ഇരച്ചെത്തിയത്.

പൊലീസ് സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മന്ത്രിയുടെ കഴുത്തിന് ക്ഷതവും കൈകളില്‍ മുറിവും സംഭവിച്ചിരുന്നു.നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് മന്ത്രി.

സംഭവത്തില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റടക്കം അഞ്ച് പേര്‍ക്കെതിരെ പൊലീസ് വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നടന്ന സംഭവമായതിനാല്‍ റെയില്‍വേ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കണ്ണൂരില്‍ ബുധനാഴ്ച രാവിലെ മുതല്‍ മന്ത്രിക്ക് നേരെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മന്ത്രിയുടെ വാഹനവും പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് പത്തോളം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Content Highlight: Police grabbed Minister Veena George by the neck; Mahila Congress leader spreads fake AI image

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more