| Tuesday, 30th September 2025, 3:08 pm

എവിടെയാണോ കലുങ്ക് സഭ, അവിടെ എയിംസ്; എയിംസ് വീണ്ടും മാറ്റിസ്ഥാപിച്ചോയെന്ന ശിവന്‍കുട്ടിയുടെ ട്രോളില്‍ സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എയിംസ് തൃശൂരിന് അര്‍ഹതപ്പെട്ടതാണെന്ന വാദവുമായി വീണ്ടും യൂ ടേണടിച്ച സുരേഷ് ഗോപി എം.പിയെ ട്രോളി മന്ത്രി വി. ശിവന്‍കുട്ടി. ങേ എയിംസ് വീണ്ടും മാറ്റിസ്ഥാപിച്ചോയെന്നായിരുന്നു ശിവന്‍കുട്ടിയുടെ ട്രോള്‍. ഇതിന് താഴെ അതിലും രസകരമായ കമന്റുകളാണ് വരുന്നത്.

എവിടെയാണോ കലുങ്ക് സഭ അവിടെ എയിംസെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയ സുരേഷ് ഗോപിയെ ട്രോളുന്നത്.

ഓരോ ജില്ലക്കും ഓരോ ഐയിംസ് അതാണ് കലുങ്ക് രാജാവ് സ്വപ്നം കാണുന്നതെന്നും ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ എയിംസ് മൂപ്പര് കണ്ടെത്തിയെന്നുമാണ് ചിലരുടെ കമന്റ്.

കലുങ്ക് മുഴുവന്‍ തീര്‍ന്നെന്നും ഇനി ഊപ്പിയിലെപ്പോലെ റെയില്‍ പാള ചര്‍ച്ച നടക്കുമോ എന്നാ ഗോപിയേട്ടന്‍ ആലോചിക്കുന്നതെന്നുമാണ് മറ്റൊരു ട്രോള്‍.

കേരളത്തില്‍ എല്ലാ ജില്ലകളിലും ഓരോ എയിംസ് കൊടുക്ക് സുരേഷ് അണ്ണായെന്നും അങ്ങനെയൊന്നും ഇല്ല…. എവിടെയാണോ പത്ര സമ്മേളനം അവിടെ എയിംസ് എന്നതാണ് പുള്ളിയുടെ രീതിയെന്നുമാണ് ചിലരുടെ പരിഹാസം

ഇന്ന് മൊത്തം എല്ലാവരേയും പുള്ളി പ്രാകുന്നുണ്ടെന്നും സഖാവെ സൂക്ഷിക്കണമെന്നും പ്രാകല്‍ ഡേയാക്കി മാറ്റിയിരിക്കുകയാണെന്നുമാണ് മറ്റൊരു കമന്റ്.

അതിനിടെ ഇയാളെ ജയിപ്പിച്ചത് ഞങ്ങളല്ലേ ഞങ്ങള്‍ക്കല്ലേ വേണ്ടതെന്ന് പറഞ്ഞ് സെല്‍ഫ് ട്രോള്‍ അടിക്കുന്ന തൃശൂര്‍ക്കാരേയും കമന്റ് ബോക്‌സില്‍ കാണാം.

സഞ്ചരിക്കുന്ന ഒരു എയിംസ് തുടങ്ങിയാല്‍ എല്ലാ ജില്ലകള്‍ക്കും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ച് കലുങ്ക് റിസേര്‍ച്ച് നടത്തികൊണ്ടിരിക്കുകയാണ് സുരേഷ് ഗോപിയെന്നാണ് മറ്റൊരു കമന്റ്.

രാജാവ് പറയും പ്രജകള്‍ അനുസരിച്ചാല്‍ മാത്രം മതി, അത് മന്ത്രി ആയാലും, കലുങ്കിലിരുന്ന് രാജ്യം ഭരിക്കുന്ന മഹാരാജാവ് നിനച്ചാല്‍ എന്തും സംഭവിക്കാം, അപ്പൊ ഇന്ന് മുതല്‍ ഏറ്റവും വലിയ ജില്ല തൃശൂര്‍ ആയിരിക്കുമെന്ന തമ്പുരാന്റെ അറിയിപ്പ് വന്നോ?

ആലപ്പുഴയും തൃശൂരും അല്ല അടുത്തത് ചന്ദ്രനില്‍ ആണ്. നടക്കാത്ത സാധനം എവിടെ വേണമെങ്കിലും സ്ഥാപിക്കാം തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

‘കലുങ്കില്‍ ഒറ്റ നിലപാടേയുള്ളൂ ഒന്നുകില്‍ ആലപ്പുഴ, അല്ലെങ്കില്‍ തൃശൂര്‍, അല്ലെങ്കില്‍ തമിഴ്‌നാട്, അല്ലെങ്കില്‍ പോണ്ടിച്ചേരി’യെന്ന് സുരേഷ് ഗോപി പറയുന്നതായുള്ള മീമുകളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

എയിംസ് തൃശൂരിന് അര്‍ഹതപ്പെട്ടതാണെന്നായിരുന്നു ഇന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. എവിടെയെങ്കിലും സ്ഥലം വാങ്ങിയത് കൊണ്ട് കാര്യമില്ലെന്നും സംസ്ഥാനത്തിന് മുഴുവന്‍ ഗുണം ലഭിക്കണമെങ്കില്‍ എയിംസ് തൃശൂരില്‍ വരണമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. നേരത്തെ എയിംസ് ആലപ്പുഴയ്ക്ക് വേണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം.

2015 മുതലുള്ള തന്റെ നിലപാട് ഇതാണെന്നും എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കില്‍ തമിഴ്‌നാടിന് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ശവങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ് തൃശൂര്‍ വോട്ട് വിവാദത്തില്‍ തന്നെ കുറ്റം പറയുന്നതെന്നായിരുന്നു സുരേഷ് ഗോപിയുടെ മറ്റൊരു വാദം.

‘എന്തെല്ലാം ആരോപണങ്ങളാണ് എനിക്കെതിരെ ഉണ്ടാക്കിയത്. 25 വര്‍ഷം മുമ്പ് മരിച്ചവരെ കൊണ്ടുവരെ വോട്ടു ചെയ്യിപ്പിച്ചവരുണ്ട്. പൂരം കലക്കി, ഗോപി ആശാനെ കലക്കി, വോട്ട് കലക്കി’ എന്നൊക്കെ തന്നെ കുറ്റം പറഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

താന്‍ കടപ്പെട്ടിരിക്കുന്നത് പ്രജകളോടാണെന്നും തന്റെ ശമ്പളത്തില്‍ നിന്ന് ഒരു രൂപപോലും താന്‍ തൊട്ടിട്ടില്ലെന്നും എല്ലാം ജനങ്ങളുടെ കഞ്ഞിപാത്രത്തില്‍ എത്തിയിട്ടുണ്ടെന്നുമായിരുന്നു ഇന്ന് അദ്ദേഹം മൂലമറ്റത്ത് പറഞ്ഞത്.

Content Highlight: Minister V Sivankutty troll Suresh Gopi AIIMS Issue

We use cookies to give you the best possible experience. Learn more