| Sunday, 15th February 2026, 6:46 am

പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാല്‍, ആരെയും മാറ്റിനിര്‍ത്തുന്ന നയം സര്‍ക്കാരിനില്ല; വിവാദങ്ങളില്‍ മന്ത്രി സജി ചെറിയാന്‍

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയായതിനാലാണ് ചലച്ചിത്ര അക്കാദമി ഭാരവാഹി സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ മാറ്റിയതെന്ന് മന്ത്രി സജി ചെറിയാന്‍. പ്രേംകുമാറിനെ സ്ഥാനത്തുനിന്നും മാറ്റുകയോ ഒഴിവാക്കുകയോ ചെയ്തതല്ലെന്നും അദ്ദേഹത്തിന്റെ നിലപാടുകളുടെയോ അഭിപ്രായപ്രകടനങ്ങളുടെയോ പേരിലല്ല മാറ്റിയതെന്നും മന്ത്രി പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ചുമതല വഹിച്ചിരുന്ന പ്രേംകുമാര്‍ സച്ചിദാനന്ദനുമായി താരതമ്യപ്പെടുത്തി ഇരട്ടനീതി എന്ന പേരില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചലച്ചിത്ര അക്കാദമി ഇന്‍ ചാര്‍ജ് എന്ന നിലയില്‍ പ്രേംകുമാറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതില്‍ നല്ല അനുഭവങ്ങളാണുള്ളത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനെ എന്നും പ്രശംസിച്ചിട്ടുണ്ട്.

പദവി ഒഴിയുന്നത് സംബന്ധിച്ച ആശയവിനിമയത്തില്‍ എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രര്‍ത്തകര്‍ക്ക് സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവുമുണ്ട്.

അത് സര്‍ക്കാരിന്റെയോ, നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയോ നിലപാടുകളുമായി എല്ലായ്‌പ്പോഴും യോജിച്ചുപോകണമെന്ന് നിര്‍ബന്ധവുമില്ല. അതിന്റെ പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്ന നയം സര്‍ക്കാരിനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും സാഹിത്യ അക്കാദമിയുടെയും കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടനീതിയാണെന്നായിരുന്നു പ്രേംകുമാറിന്റെ വിമര്‍ശനം. ഫേസ്ബുക്കിലെഴുതിയെ കുറിപ്പില്‍ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം രേഖപ്പെടുത്തിയത്.

ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് നിന്നും കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പുറത്താക്കുകയും കാലാവധി തീര്‍ന്നിട്ടും സാഹിത്യ അക്കാദമിയുടെ തലപ്പത്ത് സച്ചിദാനന്ദന്‍ മാഷ് തുടരുകയും ചെയ്യുന്നതിലെ യുക്തി മനസിലാകുന്നില്ലെന്നായിരുന്നു പ്രേംകുമാര്‍ പറഞ്ഞത്.

ഇരട്ടനീതിയുടെ പ്രത്യക്ഷകാഴ്ചയാണ് ഇവിടെ കാണാനാവുന്നത്. വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദന്‍ മാഷിന്റെ കാര്യത്തില്‍ സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരെ കാണവെയും പ്രേംകുമാര്‍ വിഷയത്തിലെ തന്റെ അതൃപ്തി വ്യക്തമാക്കിയിരുന്നു.

സഹപ്രവര്‍ത്തകരോട് നന്ദി പറയാന്‍ പോലും അവസരം ലഭിച്ചില്ലെന്നും മുന്നറിയിപ്പ് ഇല്ലാതെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയേറ്റിന് മുമ്പില്‍ നടന്ന ആശ പ്രവര്‍ത്തകരുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തനിക്കെതിരായ നടപടിക്ക് കാരണമായെന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസിലായത്.

എന്നാല്‍ തന്റെ പരാമര്‍ശം പോസിറ്റീവായി കാണണമായിരുന്നുവെന്നും ആശമാരുടെ സമരത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് സദുദ്ദേശത്തോടെയാണ് പറഞ്ഞതെന്നും പ്രേംകുമാര്‍ വ്യക്തമാക്കി.

Content Highlight: Minister Saji Cheriyan on allegations by Premkumar

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more