തൃശൂര്‍: ചെറുതുരുത്തി കേരള കലാമണ്ഡലത്തിലെ ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് സംബന്ധിച്ച ചാന്‍സലര്‍ ഡോ. മല്ലിക സാരാഭായിയുടെ പരാമര്‍ശത്തിനെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍.
വിദ്യാഭ്യാസമില്ലാത്ത ജീവനക്കാരുടെ നിയമനം കാരണം കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്നായിരുന്നു മല്ലിക സാരാഭായിയുടെ പരാമര്‍ശം. ഇതിനെ തള്ളിയ മന്ത്രി കലാമണ്ഡലത്തില്‍ പഠിപ്പിക്കുന്നത് പാട്ടും ഡാന്‍സുമാണ് ഇ-മെയില്‍ അയക്കലല്ലെന്ന് പറഞ്ഞു.
രാഷ്ട്രീയ ഇടപെടല്‍ നിയമനങ്ങളില്‍ നടക്കുന്നുണ്ടെങ്കില്‍ തെളിയിക്കാനും സജി ചെറിയാന്‍ വെല്ലുവിളിച്ചു.
‘രാഷ്ട്രീയ ഇടപെടലുണ്ടെങ്കില്‍ നടപടിയെടുക്കട്ടെ അതിനുള്ള അധികാരമുണ്ട് ചാന്‍സലര്‍ക്ക്’, മന്ത്രി പറഞ്ഞു. നേരത്തെ, രാഷ്ട്രീയ അതിപ്രസരമാണ് കേരള കലാമണ്ഡലത്തില്‍ എന്ന് മല്ലിക സാരാഭായ് വിമര്‍ശിച്ചിരുന്നു.
ഫണ്ടിന്റെ അപര്യാപ്തത സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കുള്ള പ്രധാന വെല്ലുവിളിയാണ്. പാര്‍ട്ടിക്കാരെ നിയമിക്കാം, പക്ഷേ കഴിവ് വേണം.
വൈസ് ചാന്‍സലറും രജിസ്ട്രാറും അല്ലാതെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനറിയുന്ന ഒരാള്‍ പോലുമില്ല. ഇംഗ്ലീഷില്‍ ഒരു മെയില്‍ അയക്കാന്‍ പോലുമറിയുന്ന ആളുകളില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയായി ഉയര്‍ത്തിയപ്പോള്‍ ക്ലാര്‍ക്കുമാരെല്ലാം ഓഫീസര്‍മാരായെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക സാരാഭായ് വിമര്‍ശിച്ചു.
നേരത്തെ ഈ പരാമര്‍ശത്തെ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ആര്‍ അനന്തകൃഷ്ണനും തള്ളിപ്പറഞ്ഞിരുന്നു. ലോകത്തെ തന്നെ ഏറ്റവും മികച്ച കലാസ്ഥാപനമാണ് കലാമണ്ഡലം. സ്ഥാപനത്തിലെ എല്ലാ നിയമനങ്ങളും നടന്നത് സുതാര്യമായിട്ട് തന്നെയാണ്.
നിയമനങ്ങളില്‍ ബാഹ്യഇടപെടലുണ്ടായിട്ടില്ലെന്ന് തനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. രണ്ട് വര്‍ഷത്തെ അനുഭവപരിചയമുണ്ട് തനിക്ക്. മികച്ച രീതിയില്‍ കല കൈകാര്യം ചെയ്യുന്നവരാണ് അധ്യാപകരെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Minister Saji Cheriyan Criticizes Mallika Sarabai