| Wednesday, 2nd July 2025, 12:27 pm

തനി വര്‍ഗീയ വാദികള്‍, മുസ്‌ലിം വിരോധികള്‍; കാസ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്തുന്നു: സജി ചെറിയാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: സംഘപരിവാര്‍ അനുകൂല തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്തുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. ആര്‍.എസ്.എസിന്റെ പിന്തുണയോടെയാണ് കാസ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പുന്നപ്ര വയലാര്‍ സമരഭൂമിയില്‍ പി.കെ. ചന്ദ്രാനന്ദന്റെ 11ാം ചരമവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസ വര്‍ഗീയവും മുസ്‌ലിം വിരുദ്ധവുമായ സംഘടനയാണെന്നും അത്തരം വര്‍ഗീയ സംഘനകളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

‘ ക്രൈസ്തവ വിഭാഗം ഇവിടെ ന്യൂനപക്ഷമാണ്. തനി വര്‍ഗീയമായി പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു സംഘടന ഇപ്പോള്‍ അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാസ, തനി മുസ്‌ലിം വിരുദ്ധമായ പ്രചരണമാണ് അവര്‍ നടത്തുന്നത്.

ആര്‍.എസ്.എസിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കാസയുടെ രാഷ്ട്രീയം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിയില്‍ ഭിന്നിപ്പുണ്ടാക്കലാണ്. ഇവരെല്ലാവരും കൂടി കേരളത്തെ വിഴുങ്ങും. അതിന് എല്ലാ പിന്തുണയും സതീശനും പാര്‍ട്ടിയും നല്‍കുന്നുണ്ട്’ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

കേരളത്തില്‍ വലിയ തോതില്‍ ഭിന്നിപ്പിന്റെ രാഷ്ട്രീയം വളരുന്നുണ്ടെന്നും സൂംബ ഡാന്‍സിന്റെ പേരിലും ജാനകി സിനിമയുടെ പേരിലുമെല്ലാം ഇത്തരം വിഭാഗീയ പ്രചരണങ്ങള്‍ കേരളത്തില്‍ വളരുകയാണെന്നും ചടങ്ങില്‍ മന്ത്രി പറഞ്ഞു. ഇതിന് പിന്തുണ നല്‍കുന്ന സമീപനമാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വര്‍ഗീയ വാദികള്‍ എന്ത് വൃത്തികേട് പറഞ്ഞാലും ആ വര്‍ഗീയ വാദികളുടെ പിന്തുണ ഉറപ്പാക്കാന്‍ കേരളത്തിലെ പ്രതിപക്ഷം ആ വിഷയങ്ങളെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

ജാനകി എന്ന പേരില്‍ കേരളത്തില്‍ നേരത്തെയും സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെന്നും അന്നൊന്നും ഈ പേര് ദൈവത്തിന്റെ പേരാണെന്ന് പറഞ്ഞ് ആരും വന്നിട്ടില്ലെന്നും സിനിമ വകുപ്പ് മന്ത്രികൂടിയായ സജി ചെറിയാന്‍ പറഞ്ഞു. ബി.ജെ.പിയും ആര്‍.എസ്.എസും നിയോഗിച്ച സെന്‍സര്‍ ബോര്‍ഡിലിരിക്കുന്നവര്‍ ജാതീയതയെയും വര്‍ഗീയതയെയും പ്രോത്സാഹിപ്പിക്കുന്നവരും അല്‍പന്‍മാരുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

content highlights: Minister Saji Cherian says that CASA, a pro-Sangh Parivar extremist Christian organization, is fostering sectarianism among the minority groups.

We use cookies to give you the best possible experience. Learn more