തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയിട്ടില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പല പരാതികളും ഊഹങ്ങളും നിഗമനങ്ങളുമാണെന്ന് മന്ത്രി പറഞ്ഞു. ആരെ വേണമെങ്കിലും ഊഹിച്ച് പറയാവുന്ന തിരക്കഥകളാണ് പലതും.
അത്തരത്തിലുള്ള കുറെ തിരക്കഥകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും അങ്ങനെ ഊഹിച്ച് ആരുടെയും ജീവിതം തകര്‍ക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പലപ്രമുഖ പേരുകളും സംരക്ഷിക്കാനായി സര്‍ക്കാര്‍ ശ്രമിക്കുന്നെന്നും അതുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാത്തതുമെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന് ആരേയും രക്ഷിക്കേണ്ട ആവശ്യമില്ല. കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട് എന്നും മന്ത്രി വിശദീകരിച്ചു. റിപ്പോര്‍ട്ട് പൂഴ്ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല, സങ്കീര്‍ണമായ നടപടിക്രമം കാരണമാണ് സര്‍ക്കാരിന് ഇത്രയേറെ വര്‍ഷമെടുത്തതെന്നും മന്ത്രി ന്യൂസ്18 കേരളത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കേണ്ടത് സര്‍ക്കാരല്ല. റിപ്പോര്‍ട്ടില്‍ പേരുകളും തെളിവുകളും ഉണ്ടെങ്കില്‍ നടപടി എടുക്കേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയടക്കമുള്ള വിഷയങ്ങളില്‍ നടപടി എടുത്തിട്ടുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.
ഒരു നടന്റെയും പേര് റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ഹേമകമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം മുന്നോട്ട് വന്ന പരാതിക്കാരികള്‍ പലതും സമ്മര്‍ദം മൂലമാണെന്നും മന്ത്രി വിശദീകരിച്ചു. സര്‍ക്കാര്‍ എല്ലാ സുരക്ഷയും നല്‍കുമെന്ന് പറഞ്ഞിട്ടും പരാതിക്കാര്‍ പിന്മാറി. പലരും ഉന്നയിച്ച പരാതിക്ക് മുന്നില്‍ വെയ്ക്കാന്‍ ശരിയായ തെളിവുകള്‍ ഉണ്ടായില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
പരാതിക്കാരികള്‍ പിന്‍വാങ്ങിയത് തെളിവില്ലാത്തതുകൊണ്ടാണ്. പല കേസന്വേഷണങ്ങളും അവസാനിച്ചത് ആ പരാതികള്‍ സത്യസന്ധമല്ലാതിരുന്നതുകൊണ്ടാണ്. ബാലചന്ദ്രമേനോനെതിരെയുള്ള പരാതിയടക്കം കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ബാലചന്ദ്രമേനോനെ പോലുള്ള കലാകാരന്മാര്‍ക്ക് നേരെ ആരോപണം ഉന്നയിക്കുമ്പോള്‍ കേരളീയ സമൂഹം പെട്ടെന്ന് വിശ്വസിക്കുമോ എന്നും മന്ത്രി ചോദിച്ചു.
Content Highlight: Most Complaints are Scripts that can be guessed by anyone; Minister Saji Cherian on Hema Committee report